താനൂര്‍: കൂട്ടായില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞു താനൂര്‍ ഹാര്‍ബറിലേക്ക് പുറപ്പെട്ട ഫൈബര്‍ വള്ളം ഇന്നലെ മുതല്‍ കാണാതായിരുന്നു. രണ്ടു മത്സ്യത്തൊഴിലാളികളാണ് ഈ വള്ളത്തിലുണ്ടായിരുന്നത്.
താനൂര്‍ സ്വദേശി ഏനിന്റെപുരക്കല്‍ നസ്‌റു എന്ന ബഷീര്‍ (20), കൂട്ടായി സ്വദേശി യാറുക്കടവത്ത് സിദ്ദിഖ് (25) എന്നിവരെയാണ് കാണാതായത്. ഇതില്‍ നസ്‌റുവിനെയാണ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകീട്ട് കൂട്ടായില്‍ നിന്ന് പടിഞ്ഞാറു മാറി വലിയ വള്ളത്തില്‍ നിന്ന് മത്സ്യം നിറച്ച് താനൂരിലേക്ക് പുറപ്പെട്ട ചെറു വള്ളമാണ് കാണാതായത്.
താനൂര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസും, റവന്യൂ , ഫിഷറീസ് അധികാരികളും താനൂര്‍ ഹാര്‍ബറില്‍ എത്തി തിരച്ചിലിന് നേതൃത്വം നല്‍കി. പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ട് തിരച്ചില്‍ തുടരുന്നു.
പ്രദേശത്ത് ഇന്നലെ രാത്രിയില്‍ മഴയും, വെളിച്ചക്കുറവുമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിലും രാത്രി മുതല്‍ വിവിധ വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു.




