ഇ – പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്; വലഞ്ഞ് യാത്രക്കാര്‍

വാളയാര്‍ : തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇ – പാസ് നിര്‍ബന്ധമാക്കിയ തമിഴ്നാട് സര്‍ക്കാര്‍ നടപടിയില്‍ വലഞ്ഞ് യാത്രക്കാര്‍. സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ബുധനാഴ്ച തമിഴ്‌നാട്ടിലേക്ക് പ്രവേശനം അനുവദിച്ചുള്ളൂ. വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ യാത്രക്കാരെ പരിശോധിച്ച് പാസ് ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്.

ഇ – പാസ് ഇല്ലാത്തവര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സാങ്കേതിക തടസ്സം കാരണം പലര്‍ക്കും രജിസ്ട്രഷന്‍ ചെയ്യാനായില്ല.

വിദ്യാര്‍ഥികളും ജോലിക്കായി ദിവസവും കോയമ്പത്തൂര്‍ ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്ന യാത്രക്കാരുമാണ് അതിര്‍ത്തി കടക്കാനാകാത്തവരില്‍ കൂടുതല്‍. ഇവര്‍ക്ക് വിശ്രമസ്ഥലവും മറ്റുമില്ലാത്തതിനാല്‍ വെയിലത്ത് നില്‍ക്കേണ്ടി വന്നു. പാസ് ഇല്ലാത്തവര്‍ കൂടിയതോടെ ഗതാഗതകുരുക്കായി. തമിഴ്‌നാട് ചെക്പോസ്റ്റ് മുതല്‍ മലബാര്‍ സിമന്റ്‌സ് ഗേറ്റിനു മുന്നില്‍ വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നു.

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പരിശോധനയില്ലാതെ പൊലീസ് കടത്തി വിട്ടത് പ്രതിഷേധത്തിനിടയാക്കി. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാവൂ എന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും കേരളത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ ഇത് തിരുത്തിയിരുന്നു. പിന്നീടാണ് ഇ – പാസ് നിര്‍ബന്ധമാക്കിയത്.

 

Share news
error: Content is protected !!
Scroll to Top