Section

malabari-logo-mobile

പേരന്‍പ് കാണണം, വായിക്കണം ഈ അമ്മയുടെ കുറിപ്പ്

HIGHLIGHTS : എഴുത്തുകാരനും ഭിന്നശേഷി വിദ്യഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എകെ അബ്ദുല്‍ ഹക്കീമിന്റെ ഫെയ്‌സബുക്ക് വാളില്‍ പ്രസിദ്ധീകരിച്ചത്

(പേരന്‍പ് കണ്ട സ്പാസ്റ്റിക്ക് ഡിസോര്‍ഡറുള്ള ഒരാണ്‍കുട്ടിയുടെ അമ്മ എഴുതിയ കുറിപ്പ് )

എഴുത്തുകാരനും ഭിന്നശേഷി വിദ്യഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എകെ അബ്ദുല്‍ ഹക്കീമിന്റെ ഫെയ്‌സബുക്ക് വാളില്‍ പ്രസിദ്ധീകരിച്ചത്

sameeksha-malabarinews

ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസായി പെട്ടെന്നു തന്നെ കാണാന്‍ പുറപ്പെടുന്നത്. മൂത്ത മകന് സിനിമ അത്ര ഇഷ്ടമല്ല. തിയേറ്ററിലെ ഇരുട്ടും മുഴങ്ങുന്ന ശബ്ദങ്ങളും അവനു സഹിക്കാനാവില്ല. പേടിച്ചിട്ടല്ല, ഉറക്കെയുള്ള ശബ്ദങ്ങള്‍ അവന് ഛര്‍ദ്ദിലുണ്ടാക്കും. സീറ്റിനടിയില്‍ പോയി ചൂളിപ്പിടിച്ചിരിക്കും. അവ്യക്തമായ ഭാഷയില്‍ വീട്ടില്‍ പോവാമെന്നു പറഞ്ഞു കരയും. ചുറ്റുവട്ടത്തുള്ളവര്‍ നമ്മളെ അസ്വസ്ഥമായി നോക്കും.

കുറച്ചു വര്‍ഷം മുന്‍പ് വരെ ആ വൈകൃത നോട്ടങ്ങള്‍ക്കു മുന്നില്‍ ഞാനെന്ന അമ്മയുടെ തല കുനിയുമായിരുന്നു. ഇന്ന് എന്റെ നോട്ടം അവരുടെ നോട്ടത്തോട് വളരെ സ്വാഭാവികമായി ഏറ്റുമുട്ടും. അപ്പോള്‍ എന്റെ കണ്ണുകളില്‍ ഞാനെഴുതി വെച്ചത് അവര്‍ക്ക് വായിക്കാനാവും. ഒരു അസാധാരണ കുട്ടിയെ വളര്‍ത്തുക എന്നത് ഒരു അമ്മയുടെയോ അച്ഛന്റെയോ മാത്രം കടമയല്ല ഒരു സമൂഹത്തിന്റെതാണ്. അവരുടെ തല കുനിയും വരെ എന്റെ കണ്ണുകള്‍ പതറില്ല. എന്റെ മകനും ഇവിടെ അഭിമാനത്തോടെ, സ്വാഭാവികമായി തന്നെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഞാനൊരു അസാധാരണ കുഞ്ഞിന്റെ അമ്മയാണല്ലോ.

സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആദ്യം തലയിലേക്ക് അടിച്ചു കയറിയ വാക്ക് ‘ഇത്ര നാളും ഞാന്‍ നോക്കിയില്ലേ, ഇനി നിങ്ങള്‍ നോക്ക്’, സ്പാസ്റ്റിക് ഡിസോര്‍ഡറുള്ള മകളെ അച്ഛനിട്ടു കൊടുത്ത് വാത്സല്യത്തിന്റെ വാതിലടച്ചു പോകുന്ന അമ്മയെക്കുറിച്ച് പ്രേക്ഷകര്‍ അത്ഭുതം കൂറിയിരിക്കുമല്ലേ? ‘ഇതെന്തൊരു അമ്മ’ എന്ന് ഉള്ളില്‍ മുറുമുറുക്കും. എനിക്കു പക്ഷേ ഒന്നും തോന്നിയില്ല. കാരണം ആ അമ്മയെ എനിക്കു മനസ്സിലാവുമായിരുന്നു.

ജോലി സ്ഥലത്തു നിന്ന് ആഴ്ചയവസാനം വീട്ടിലെത്തുന്ന ഭര്‍ത്താവിനോട് ഞാനെത്രയോ തവണ ഇതേ വാചകം പറഞ്ഞിരിക്കുന്നു. വെള്ളം നിറഞ്ഞ പാത്രത്തില്‍ തല മുക്കിപിടിച്ചു രണ്ടു നിമിഷം നിന്നിട്ടുണ്ടോ? അല്ലെങ്കില്‍ മൂക്ക് പൊത്തിപ്പിടിച്ച് ഒരു അഞ്ചു മിനിറ്റ്, മൂന്നു മിനിറ്റ്, ഒരു മിനിറ്റ്… നിങ്ങള്‍ ശ്വാസത്തിനു വേണ്ടിയെടുക്കുന്ന പിടച്ചിലില്ലേ, അതേ പിടച്ചില്‍ ഹൃദയത്തിലാവുമ്പോഴോ… എത്ര വര്‍ഷം ഒരമ്മയ്ക്ക് തനിച്ചു പിടയാനാവും?

അസ്വാഭാവികതയുള്ള ഒരു കുട്ടിയുണ്ടാവുമ്പോള്‍ അമ്മയ്ക്ക് കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇല്ലാതാവുക മാത്രമല്ല, പുറം വെളിച്ചം കണ്ടാല്‍ മുഖം ചുളിയുന്ന വണ്ണം അവളുടെ ജീവിതം ഇരുട്ടിലാവുക കൂടിയാണ് ചെയ്യുന്നത്. ആളുകളുടെ സഹതാപങ്ങളെ, അകറ്റി നിറുത്തലുകളെ തന്നെയാണ് അവളാദ്യം പേടിക്കുന്നത്. സന്തോഷിക്കാന്‍ പൊടുന്നനേ അവള്‍ക്ക് കാരണങ്ങള്‍ നഷ്ടപ്പെടുന്നു.

മടിയിലിരിക്കുന്ന കുഞ്ഞ് എല്ലാ കുറവുകളോടെയും അവളുടെ ചിരിയെ തല്ലിക്കെടുത്തും. ചുരത്തുന്ന പാലും ഇരുട്ടിന് തഴക്കം വന്ന ദുഖവും അവളെ പുറം വെളിച്ചത്തിലേക്ക് കൊണ്ടു വരും. വീണിടത്തു നിന്ന് നടക്കാന്‍ പഠിച്ചിരിക്കും. എങ്കിലും അവള്‍ക്കേറ്റ മുറിവുണങ്ങാന്‍ സമയം കൊടുക്കാതെ ലോകം അവളെ ‘ഇതെന്തൊരു അമ്മയാണിത്’ എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന തിരക്കിലാവും. വര്‍ഷങ്ങളോളം ഉറ്റവരുടെ അപശബ്ദങ്ങള്‍ക്കും മുറുമുറുപ്പുകള്‍ക്കുമിടയില്‍ തനിച്ച് കുഞ്ഞിനെ നോക്കിയ പാപ്പയുടെ അമ്മ വീടു വിട്ടു പോയതില്‍ കുറ്റപ്പെടുത്താന്‍ എനിക്കു വയ്യ. അവര്‍ കുറച്ചു കൂടി ധൈര്യമുള്ള സ്ത്രീയായിരുന്നുവെന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങളെന്നെ മനസ്സിലാക്കാനുള്ള കാരുണ്യം കാണിച്ചേക്കുക.

ബുദ്ധി വികാസമില്ലാത്ത എന്റെ മകന്‍ പൊടുന്നനെയാണ് വളര്‍ന്നത്. അവന്റെ കുഞ്ഞു ‘ചൂച്ചു’ കണ്ട് ഞാന്‍ വിഷമിച്ചിരുന്നു. ‘പാവം അവനെങ്ങിനെ കല്യാണം കഴിക്കും?’ ഞാന്‍ ഭര്‍ത്താവിനോട് ചോദിക്കും. ‘കല്യാണം കഴിക്കുന്നതാണോ വലിയ കാര്യം. അവന്‍ ജീവിക്കാന്‍ മിടുക്കനാവട്ടെ.’

പക്ഷേ, എനിക്ക് അവന്‍ കല്യാണം കഴിക്കണം. ഞാനില്ലാതാവുമ്പോള്‍ അവന് കൂട്ടുകൂടാന്‍, അവനെ സ്നേഹിക്കാന്‍, അവന്‍ അവ്യക്തമായി പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍, സമയത്ത് ഭക്ഷണം കൊടുക്കാന്‍, പനി വരുമ്പോള്‍ അടുത്ത് കെട്ടിപിടിച്ചു കിടക്കാന്‍ എന്റെ കുട്ടിക്ക് ഒരു കൂട്ടു വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വലുതായി ജോലിയാവുന്നതല്ലായിരുന്നു അവനെക്കുറിച്ച് ഞാന്‍ കണ്ട സ്വപ്നം. അവനെ സ്നേഹിക്കാന്‍ ഒരു പെണ്ണ് വരുന്നതായിരുന്നു. എങ്കില്‍ എനിക്കു സമാധാനമായി മരിച്ചു പോകാം. ഞാന്‍ പോയാല്‍ എന്റെ കുഞ്ഞ് എന്തു ചെയ്യും! കാണാന്‍ വയ്യെനിക്ക്, എന്റെ കുഞ്ഞിന് അടി കൊള്ളുന്നത്, അവഗണിക്കുന്നത്, ഭക്ഷണത്തിനു വേണ്ടി കൈനീട്ടി നില്‍ക്കേണ്ടി വരുന്നത്, ഓമനിക്കാനാരുമില്ലാത്തത്… അവന് ഒരു ജീവിതമില്ലെങ്കില്‍ എനിക്കു മുന്നേ അവനെ എടുത്തേക്കണേ…

‘തിങ്കള്‍തെല്ലിനു തുല്യമൊരു/പുഞ്ചിരിയുണ്ടു ചുണ്ടില്‍/പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്/കുഞ്ഞിന്‍ മട്ടില്‍ പിളര്‍ത്തി/മര്‍ത്ത്യന്റെ ഭാഷകളില്ലൊന്നിലുമല്ല/ഏതോ പക്ഷികിടാവ്/മുറിവേറ്റ് വിളിച്ചിടുമ്പോള്‍/അമ്മയ്ക്ക് മാത്രമറിയുന്നൊരു ഭാഷ…’ സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങിനെ’ കവിത ഭ്രാന്തമായി ചൊല്ലിയിരുന്ന നാളുകള്‍.

അമുദവന്‍ എന്ന അച്ഛന്റെ പോലെയാവില്ല ഒരമ്മ. അച്ഛന്‍ പ്രായോഗികതയുടെ വേലികെട്ടി എന്നും കുഞ്ഞിനെ കുഞ്ഞാക്കിയിരുത്തുമ്പോള്‍ അമ്മ ആ പക്ഷിക്കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയാവും. പലപ്പോഴും അവനെക്കുറിച്ച് ഞാന്‍ പറയുന്ന സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, സ്ത്രീയുടെ അതിവൈകാരികത അല്ലെങ്കില്‍ മണ്ടത്തരം എന്ന് പുച്ഛിച്ചു തള്ളുന്ന ഭര്‍ത്താവിന്റെ കൂടെയിരുന്ന് ഈ സിനിമ കാണാനായത് എന്നെ സന്തോഷിപ്പിച്ചു. പാപ്പ ലോലിപോപ്പ് ചുണ്ടില്‍ തേയ്ക്കുന്നത് ലൈംഗിക ചോദനകളുടെ അടയാളമാണെന്നു പോലും മനസ്സിലാകാത്ത ഒരച്ഛനായിരുന്നു എന്റെ കുഞ്ഞിന്റേത്.

അമുദവന്‍ കിടക്കയില്‍ പാപ്പയുടെ ആര്‍ത്തവ രക്തം കാണുന്നൊരു സീനുണ്ട്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്ന അച്ഛന്‍. പ്രേക്ഷകരെല്ലാം ഉജ്ജ്വലമെന്ന് പറഞ്ഞിട്ടുണ്ടാവും. മമ്മൂട്ടിയുടെ അഭിനത്തികവിനെ വാഴ്ത്തിയിട്ടുമുണ്ടാവും. ഒര്ചഛന്‍ നേരിടേണ്ടി വന്ന ദുരവസ്ഥ ഒരു അമ്മയ്ക്കായിരുന്നെങ്കിലോ? കഴിഞ്ഞ വര്‍ഷമാണ് അവന്റെ ‘ചൂച്ചു’വിനു ചുറ്റും മുടി വളരാന്‍ തുടങ്ങിയത്. അത് അവന്‍ കാണിച്ചു തന്നത് എനിക്കാണ്. ട്രൗസറൂരി എനിക്കു മുന്നില്‍ നഗ്‌നനായി കിടന്ന് ‘നോക്ക് അമ്മേ, മുടി വന്നു’ എന്ന് അവന്‍ അവ്യക്തമായ ഭാഷയില്‍ വിളിച്ചു പറഞ്ഞു. മകന്‍ വളരാന്‍ പ്രാര്‍ത്ഥിച്ച അമ്മ തറഞ്ഞു നിന്നു പോയി. ഇനിയെന്തു ചെയ്യും! ‘അമ്മേ, വേദനിക്കുന്നു’ പൊടുന്നനേ പൂര്‍ണ വളര്‍ച്ചയെത്തിയ ലിംഗാഗ്രം ചുരുണ്ടു കയറി പോകുന്നത് ശരിയാക്കിത്തരാന്‍ പറഞ്ഞ ദിവസം ഞാനവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ അസ്വസ്ഥനായി ഇരുന്നിടത്തു നിന്ന് എണീറ്റു പോയി. ഒരിക്കല്‍ വളരെ യാദൃച്ഛികമായി അവന്റെ ‘ചൂച്ചു’ കണ്ട ഒരു ബന്ധു പിന്നീട് ഫോണ്‍ വിളിച്ചു പറഞ്ഞു. ‘കടുക്ക പൊട്ടിച്ചിട്ട് തിളപ്പിച്ച വെള്ളം കൊടുക്കണം, ലൈംഗികമായ തോന്നലുകളില്ലാതിരിക്കാന്‍ അതു നല്ലതാണ്.’ ഓരോ തവണ സ്‌കൂളില്‍ ചെല്ലുമ്പോളും ടീച്ചര്‍മാരോട് നാണമില്ലാതെ കെഞ്ചി പറഞ്ഞു. ‘എന്റെ കുട്ടി പെണ്‍കുട്ടികളോട് അരുതാത്തത് ചെയ്യുന്നുണ്ടോയെന്ന്, ആണ്‍കുട്ടികള്‍ അവനോട് മോശമായി പെരുമാറുന്നുണ്ടോയെന്ന് ശ്രദ്ധിക്കണേ.’ അവര്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് ആലോചിട്ടുണ്ടാവും. ഒരു ദിവസം ജോലി കഴിഞ്ഞു വന്നതും അവന്‍ പുറം കാണിച്ചു തന്നു പറഞ്ഞു. ‘പിച്ചിയതാ’ നോക്കുമ്പോള്‍ നഖങ്ങളുടെ പാട് നീലിച്ചു കിടക്കുന്നു. കുട്ടിക്കാലത്തെ ഓര്‍മ വെച്ച് കൂട്ടുകാരിയെ കെട്ടി പിടിച്ചതാണ്. എനിക്കാ കുട്ടിയെ കുറ്റപ്പെടുത്താന്‍ തോന്നിയില്ല. അവളും വലിയ കുട്ടിയായിട്ടുണ്ടാവും.

നമ്മള്‍ ചിന്തിക്കും അവര്‍ സാധാരണ കുട്ടികളല്ലല്ലോ. അവര്‍ക്കൊന്നും ഇത്തരം ചിന്തകളോ ആഗ്രഹങ്ങളോ ഉണ്ടാവില്ലെന്ന്. ബുദ്ധിക്കോ, മാനസിക നിലയ്ക്കോ, ശാരീരികക്ഷമതയ്ക്കോ മാത്രമേ അവര്‍ക്ക് വൈകല്യമുണ്ടാവൂ. പിന്നീടെല്ലാം നമ്മളെപ്പോലെത്തന്നെയാണ്. ചെറുതാവുമ്പോള്‍ നോക്കാനായിരുന്നു ഏറ്റവും സുഖമെന്ന് മനസ്സിലാവുക വലുതാവുമ്പോഴാണ്. അവരുടെ സ്വാഭാവികമായ ആഗ്രഹങ്ങളെ മുറിവു പറ്റാതെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടലാണ് കഠിനം. എത്ര നാളുകളെടുക്കും അറിയില്ല.

അമുദവന്‍ വീണ്ടും പാപ്പയുടെ അമ്മയെത്തേടിച്ചെല്ലുമ്പോള്‍ അവരുടെ ഭര്‍ത്താവ് തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് പറയുന്നൊരു രംഗമുണ്ട്. ‘പേരന്‍പി’ലെ ഏറ്റവും മഹത്തായ സീന്‍ എന്നു ഞാന്‍ പറയും. അവിടെയാണ് സംവിധായകന്റെ കഥയിലെ സൂക്ഷ്മപഠനം വെളിപ്പെടുന്നത്. ‘കുഞ്ഞ് നോര്‍മലാണ് ‘ തങ്ങള്‍ക്കുണ്ടായ കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അയാള്‍ പറയുന്നിടത്താണ് അമുദവന്‍ എന്ന അച്ഛന്‍ തോല്‍ക്കുന്നത്, ഒറ്റപ്പെടുന്നത്. പാപ്പ എന്ന മകളുടെ അസാധരണത്വത്തിനു കാരണം അയാള്‍ മാത്രമാണ്, അല്ലെങ്കില്‍ അയാളുടെ ജീനാണ് എന്നൊരു അര്‍ത്ഥം കൂടി അതിലുണ്ട്. അന്നു മുതല്‍ അയാള്‍ മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കണം. അസാധാരണ കുട്ടികളുള്ള എല്ലാ അച്ഛന്മമ്മമാരും എത്രയോ തവണ മനസ്സു കൊണ്ട് അമുദവനെപ്പോലെ ആ കൈയും പിടിച്ചു കടലില്‍ ഇറങ്ങിയിട്ടുണ്ടാവണം. എത്രയോ തവണ മരിച്ചിട്ടുണ്ടാവണം…

‘പേരന്‍പ്’ ഒരു സിനിമയല്ല, ജീവിതമാണ്.
പ്രേക്ഷകരെ നിങ്ങള്‍ കണ്ടതാണ് ഞങ്ങള്‍. എല്ലാ ദൗര്‍ബല്യങ്ങളും വിവശതയുമുള്ള സാധാരണ അമ്മമാരും അച്ഛന്‍മാരും. ദയവായി ആ അമ്മയെ ക്രൂരയെന്ന് പറയാതിരിക്കുക.

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയം വിലയിരുത്താതിന് എന്നോട് ക്ഷമിച്ചേക്കുക. എനിക്കു മുന്നില്‍ നടനങ്ങളുണ്ടായിരുന്നില്ല. ഞാന്‍ കണ്ടത് അമുദവനെന്ന അച്ഛനെയായിരുന്നു. പാപ്പയെന്ന മകളെയായിരുന്നു. മീരയെന്ന സ്നേഹമുള്ള സ്ത്രീയെയായിരുന്നു. പാപ്പ മീരയില്‍ അമ്മയെ കണ്ടെത്തുമെന്ന് എന്റെ ഉറപ്പ്. കാരണം ഇവര്‍ക്ക് അമ്മയും അച്ഛനുമല്ല, അവരെ സ്നേഹിക്കുന്നവരാണ് അമ്മയും അച്ഛനും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!