Section

malabari-logo-mobile

ശരീരങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കുന്ന മലയാളി തമാശകളെ റദ്ദ്‌ചെയ്യുന്ന ‘തമാശ’

HIGHLIGHTS : ‘തമാശ എന്ന ചിത്രം താന്‍ കൂടി അനുഭവിച്ച ജീവിതം’ നസീറ മാങ്കുളത്ത് എഴുതുന്നു തമാശ നമ്മെ നോക്കി ചിരിക്കുകയാണ്, മറ്റുള്ളവരുടെ ജീവിതത്തിലേക്ക...

‘തമാശ എന്ന ചിത്രം താന്‍ കൂടി അനുഭവിച്ച ജീവിതം’ നസീറ മാങ്കുളത്ത് എഴുതുന്നു
തമാശ നമ്മെ നോക്കി ചിരിക്കുകയാണ്, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി പരിഹസിക്കുന്നത് കേട്ട് ചിരിച്ച മലയാളി മാറേണ്ടിയിരിക്കുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത വിനയ് ഫോര്‍ട്ട് ചിത്രം തമാശയെ കുറിച്ച് അധ്യാപികയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ നസീറ സൈനബ മാങ്കുളത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ

‘തമാശ’ എന്റെ കൂടി ജീവിതമാണ്. എനിക്ക് വേണ്ടി കൂടിയാണ് അത് സമൂഹത്തോട് സംസാരിക്കുന്നത് എന്ന് സിനിമ കണ്ട ഒരുപാട് പേര്‍ മനസില്‍ തട്ടി പറയുന്നു. അതെ. മുടി ഇല്ലാത്തതിന്റെ പേരില്‍, കറുത്തതിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, കണ്ണുകള്‍ക്ക് വൈകല്യം ഉണ്ടായതിന്റെ പേരില്‍, മുടന്തുണ്ടായതിന്റെ പേരില്‍, ഉയരം കുറഞ്ഞതിന്റെ പേരില്‍, വിക്ക് ഉള്ളതിന്റെ പേരില്‍ അപമാനിക്കപ്പെട്ട അനേകരുടെ സിനിമയാണ് തമാശ. കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞപോലെ ലക്ഷം പേര് ഒന്നിക്കുമ്പോള്‍ അതില്‍ സമൂഹത്തിന്റെ സൗന്ദര്യലക്ഷണങ്ങള്‍ തികഞ്ഞവര്‍ വളരെ കുറവായിരിക്കും. ആരാണ് ഈ ലക്ഷണങ്ങള്‍ തീരുമാനിക്കുന്നത്.? തീരുമാനിക്കപ്പെട്ട ലക്ഷണങ്ങളില്‍ പാളിച്ചകള്‍ ഉള്ളവരെ വിധിക്കാനും കളിയാക്കാനും ആരാണ് മറ്റുള്ളവരെ ചുമതലപ്പെടുത്തിയത്? അല്ലെങ്കില്‍ തങ്ങളുടെ കണ്ണില്‍ കുറവുകളുള്ളവര്‍ എന്ന് തോന്നുന്നവരുടെ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമുണ്ട് എന്ന ധാരണ ഉണ്ടാക്കിയത് ആരാണ്.

sameeksha-malabarinews

കാലങ്ങളായി മലയാള സിനിമയില്‍ പലപ്പോഴും ‘കോമഡി’ ഉണ്ടാക്കുന്നതും , വീണ്ടും വീണ്ടും ചാനലുകള്‍ വഴി നമ്മുടെ സ്വീകരണമുറികളില്‍ ഓടിക്കൊണ്ടിരിക്കുന്നതും ഒരാളെ അയാളുടെ ശാരീരിക പ്രത്ത്യേകതകള്‍ മുന്‍നിര്‍ത്തി പരിഹസിച്ചുണ്ടാക്കുന്ന അരാഷ്ട്രീയ തമാശകളാണ്. കുഞ്ഞിക്കൂനന്‍ മുതലിങ്ങോട്ട് ദിലീപ് നായകനായി വന്ന അര ഡസനോളം സിനിമകള്‍ വിക്കിനെ, കൂനിനെ, ബുദ്ധിക്കുറവിനെ, പെരുമാറ്റത്തിലെ വ്യത്യായാസങ്ങളെ ഒക്കെ പരിഹസിച്ചു കൊണ്ടാണ് കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ചത്. ശ്രീനിവാസന്റെ കറുത്ത നിറത്തെയും ഉയരമില്ലായ്മയെയും എത്ര എത്ര സിനിമകളിലാണ് ‘തമാശ’ ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. നായകന്റെ വെളുപ്പിനോടും ഉയരത്തോടും മുടിയോടും ആരോഗ്യത്തോടും താരതമ്യം ചെയ്ത് എത്രയെത്ര ‘കോമഡി നടന്മാരാണ്’ സിനിമയില്‍ പരിഹസിക്കപ്പെട്ടിട്ടുള്ളത്. എത്ര കറുത്തു തടിച്ച സ്ത്രീകളെയാണ് വേശ്യാ വേഷം കെട്ടിച്ച് സിനിമ അപമാനിച്ചിട്ടുള്ളത്. മലയാള സിനിമ ഇന്നോളം പറഞ്ഞ തമാശകളില്‍ വലിയ പങ്കും ബോഡിഷെയിമിങ്ങിലൂടെ ഉണ്ടാക്കിയവയാണ്. സത്യത്തില്‍ ആ തമാശകളെ ഒക്കെ റദ്ദ് ചെയ്യുകയാണ് ‘തമാശ ‘. അതൊക്കെ കണ്ടു നമ്മള്‍ ചിരിച്ച ചിരിയെയും.
ഇന്നലെ, ഇത് കണ്ടാല്‍ ചിരിച്ചു ചാകും എന്ന ക്യാപ്ഷനില്‍ ഒരു സുഹൃത്ത് ഷെയര്‍ ചെയ്ത ചാനല്‍ കോമഡിയില്‍ പ്രസവത്തിനെത്തുന്ന തടിയുള്ള ഭാര്യയോട് കരയാതെ അമ്മുക്കുട്ടീ എന്ന് ഭര്‍ത്താവ് പറയുന്നത് കേള്‍ക്കുന്ന മറ്റൊരാള്‍ ചോദിക്കുന്നു. ഇപ്പോള്‍ ആരെയാണ് അമ്മുക്കുട്ടീ എന്ന് വിളിച്ചത്. ഇവളെ , എന്റെ ഭാര്യയെ എന്ന് ഒന്നാമന്‍ മറുപടി പറയുമ്പോള്‍ രണ്ടാമന്റെ തമാശ. ‘ഇത് അമ്മുക്കുട്ടിയല്ല . ബൊമ്മക്കുട്ടിയാണ്.’
മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറി അവരുടെ ശരീരത്തെ പരിഹസിക്കുന്ന ക്രൂരത വെറും തമാശയല്ല. മൂത്ത മനോരോഗമാണ്. സ്വന്തം ജീവിതത്തില്‍ അത് അനുഭവിക്കുന്നവര്‍ പോലും മറ്റൊരു കാരണത്തിന് വേറൊരാളെ പരിഹസിക്കും.

ശരിക്കും തമാശ എന്റെ കൂടി കഥയാണ്. ജന്മനാ തുടയെല്ലും അരക്കെട്ടും ചേരുന്ന ജോയിന്റിന് തകരാറും ഒരു കാലിന് വളരെ ചെറിയ നീളക്കൂടുതലും ഉണ്ടായിരുന്നതിനാല്‍ നടക്കുമ്പോള്‍ ചെറിയ വ്യത്യാസ്സം ഉണ്ടായിരുന്നു. കൗമാരത്തിലാണ് നടപ്പിന്റെ വ്യത്യാസം പ്രകടമാകുന്നത്. ആ പ്രായത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുടന്തി എന്ന വിളിയാണ്. സ്‌കൂളില്‍ ചെക്കന്‍മാരുടെ ആധിപത്യം ഒട്ടും കൂസാതെ നടന്ന എന്നെ തകര്‍ക്കാന്‍ അവര്‍ വിളിച്ചിരുന്ന പേര് മുടന്തി എന്നായിരുന്നു. കുടുംബക്കാര്‍ കൂടുമ്പോള്‍ ചെറുപ്പക്കാര്‍ എന്റെ നടത്തം അഭിനയിച്ചു മറ്റുള്ളവരെ ചിരിപ്പിക്കുമായിരുന്നു.കൂട്ടത്തില്‍ എന്റെ ഉയരക്കുറവിനെയും പരിഹസിക്കുമായിരുന്നു. അമ്മാവന്‍മാര്‍ വരെ എട്ട് പത്ത് എന്ന് വിളിച്ചു ചിരിക്കുമായിരുന്നു. അപ്പോഴൊക്കെ അവരുടെ കൂടെ നിവൃത്തിയില്ലാതെ ചിരിക്കേണ്ടി വന്നിട്ടുണ്ട് . പക്ഷേ ആ ചിരി ശരിക്കും എന്റെതായിരുന്നില്ല. അത് എന്റെ ഉള്ളില്‍ പിടഞ്ഞുകൊണ്ടിരുന്നു. പഠനം കഴിഞ്ഞു ജോലിക്ക് പോകുമ്പോഴാണ് കാലിന്റെ വേദന ശരിക്കും അനുഭവപ്പെട്ടു തുടങ്ങിയത്. ഓരോ ദിവസവും വേദന കൂടിക്കൂടി വന്നു. ഒരു ക്ലാസില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് കയറാന്‍ തന്നെ എനിക്ക് പറ്റാതായി. അപ്പോഴും മറ്റൊരു നിര്‍വാഹം ഇല്ലാത്തതുകൊണ്ട് ജോലിക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഓരോ അടി വെക്കുമ്പോഴും വേദന കൊണ്ട് കണ്ണുനിറഞ്ഞാണ് ഞാന്‍ അക്കാലത്ത് നടന്നിരുന്നത്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്നെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അപ്പോഴും പലര്‍ക്കുമത് തമാശയായിരുന്നു. വേദനിച്ചു പുളയുമ്പോഴും മുടന്തി എന്ന കളിയാക്കല്‍ കേട്ടിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും അതുകേട്ട് സങ്കടപ്പെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. വേദന അതിന് എന്നെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ റാഗിംഗ് ചോദ്യംചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തന്നെ ആ പേര് വിളിച്ച് അപമാനിച്ചിട്ടുണ്ട്. പിന്നീട് രണ്ടു കാലുകളുടെയും സന്ധികള്‍ മാറ്റി വെക്കുന്ന സര്‍ജറിക്കുശേഷമാണ് കണ്ണു നിറയാതെ നടക്കാം എന്നായത്. ചിലര്‍ അതിനു ശേഷവും ചോദിക്കുമായിരുന്നു. സര്‍ജറി കഴിഞ്ഞിട്ടും കാലിന് നടക്കുമ്പോള്‍ ചെറിയ പ്രശ്‌നം ഉണ്ടല്ലോ എന്ന്. മുടന്തു മാറാനല്ല വേദന മാറാനാണ് ഓപ്പറേഷന്‍ ചെയ്തതെന്ന് ഞാന്‍ അവരോട് പറഞ്ഞു. മുടന്തുള്ള ടീച്ചര്‍ എന്ന് പിന്നീടും പലരും എന്നെ തിരിച്ചറിയുന്നത് കേട്ടിട്ടുണ്ട്. എങ്കിലും അനുഭവിച്ച വേദനകള്‍ക്കു മേലെ അല്ല എനിക്ക് ആ വിളി ഉണ്ടാക്കുന്ന വേദന.

അടുത്തിടെ റെയില്‍വേസ്റ്റേഷന്റെ അങ്ങേ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിജേഷ് എന്ന പ്രിയ സുഹൃത്ത് വിളിക്കുന്നു. ‘ഇങ്ങോട്ട് നോക്കൂ ഞാന്‍ നിന്നെ കണ്ടു.’ എത്ര സ്മാര്‍ട്ടായാണ് നീ നടന്നു പോകുന്നത്. നിന്റെ കാലിന് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. പക്ഷേ ഞാന്‍ നോക്കിയത് നിന്റെ കാലിലേക്കല്ല. മുഖത്തേക്കാണ്. ആത്മവിശ്വാസത്തോടെ, ചിരിയോടെ നീ നടന്നു പോകുന്നത് കാണുമ്പോള്‍ എന്തു സന്തോഷമാണെന്നോ…

തമാശയില്‍ അവിചാരിതമായി ഒന്നുരണ്ടു സീനുകളില്‍ അഭിനയിക്കുമ്പോഴും എനിക്കറിയില്ലായിരുന്നു ഞാന്‍ കൂടി അനുഭവിച്ച ജീവിതമാണ് ഈ സിനിമയെന്ന്. നന്ദി അഷറഫ് ഹംസ. നന്ദി ടീം തമാശ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!