താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി

താമരശേരി: താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി തിങ്കളാഴ്ച ഉച്ചയോടെയാണ് പള്ളിപ്പുറത്തെ ബന്ധുവീട്ടില്‍ എത്തിയത്. തട്ടിക്കൊണ്ടുപോയി 11 ദിവസത്തിന് ശേഷമാണ് ഇയാള്‍ മടങ്ങിയെത്തിയത്. ക്വട്ടേഷന്‍ സംഘവുമായുണ്ടാക്കിയ ധാരണയില്‍ മൈസൂരുവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ വിവരം ലഭിക്കുന്നതിന് പൊലീസ് ഷാഫിയെ വടകരയിലെ എസ്പി ഓഫീസില്‍ എത്തിച്ച് കണ്ണൂര്‍ മേഖല ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

ക്വട്ടേഷന്‍ സംഘം ഷാഫിയെ പാര്‍പ്പിച്ച കര്‍ണാടകത്തിലെ ഗ്രാമത്തെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അവിടെ അന്വേഷകസംഘം പരിശോധിക്കാനിരിക്കെയാണ് ഇയാളെ മൈസൂരുവില്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ ഏഴിന് രാത്രി ഒമ്പതരയോടെയാണ് കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടശേഷം അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഷാഫിയുടെ പേരില്‍ രണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ഷാഫിയും സഹോദരനും ചേര്‍ന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഇതിന്റെ വിഹിതം നല്‍കിയാലേ തന്നെ വിട്ടയക്കുകയുള്ളുവെന്നും വീഡിയോ ദൃശ്യങ്ങളില്‍ ഷാഫി പറയുന്നു. ഷാഫിയുടെ കുടുംബവുമായുണ്ടാക്കിയ രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും വിട്ടയച്ചതെന്നാണ് നിഗമനം. കേസില്‍ കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് ഇതിനിടയില്‍ പൊലീസ് രേഖപ്പെടുത്തി. കാസര്‍കോട് സ്വദേശികളായ ഇസ്മായില്‍ ആസിഫ്, ഹുസൈന്‍, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്‌മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവന്‍ കാസര്‍കോട് പൈവളിഗെ കയര്‍ക്കട്ട സ്വദേശിക്കായി മഞ്ചേശ്വരം, പൈവളിഗെ എന്നിവിടങ്ങളില്‍ പ്രത്യേക അന്വേഷക സംഘവും മഞ്ചേശ്വരം പൊലീസും പരിശോധന നടത്തി. കൊലപാതകം അടക്കം ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top