വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഭാരത്​ വ്യാപാര സമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു. 30 വര്‍ഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1991 മുതല്‍ സംഘടനയുടെ പ്രസിഡന്റാണ്‌.

1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാരമേഖലയിലേക്ക്​ കടന്നു.

1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടന പ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി.

ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.

ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top