ദില്ലി:ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. ഓര്‍ഡറുകള്‍ക്ക് നിലവില്‍ 12 രൂപയായിരുന്നതില്‍ നിന്ന് 14 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഉത്സവസീസണ്‍ ലക്ഷ്യമാക്കിയാണ് കമ്പനി ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. 2023 ല്‍ രണ്ട് രൂപയായിരുന്ന ഫീസ് 2024 ജൂലൈയില്‍ 6 രൂപയാക്കിയും 2024 ഒക്ടോബറില്‍ 10 രൂപയാക്കിയും ഫീസ് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ 14 രൂപയായിക്കി ഉയര്‍ത്തിയതോടെ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 600 ശതമാനം വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.
സ്വിഗ്ഗി ദിവസേന 20 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് കൈകാര്യം ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. വീണ്ടും ഫീസ് വര്‍ധിപ്പിച്ചതോടെ കമ്പനിയുടെ പ്രതിദിനം നേടുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഒരു ഓര്‍ഡറില്‍ രണ്ട് രൂപയുടെ വര്‍ധനവ് മാത്രമാണ് കൊണ്ടുവരുന്നതെങ്കില്‍ പോലും സ്വിഗ്ഗിക്ക് ദിവസേന ലക്ഷക്കണക്കിന് രൂപ അധികവരുമാനമായിരിക്കും ഇതുവഴി ലഭിക്കുക.




