സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന സുരേഷ്

തന്റെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് പട്ടാപ്പകല്‍ ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവര്‍ അവകാശപ്പെട്ടത് – സ്വപ്ന പറയുന്നു. താന്‍ ജോലി സ്ഥലത്തേക്കു പോയപ്പോഴാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും, ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത്. ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. സംഭവത്തില്‍, പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍
പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നല്‍കിയത്. 2016-ല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറന്‍സി കടത്തി, കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top