HIGHLIGHTS : Suspect arrested for stealing money from hotel dharma boxes

ഫറോക്ക്: ഹോട്ടലുകളിലെ ധർമപ്പെട്ടിയിൽ നിന്ന് പണം മോഷ്‌ടിക്കൽ പതിവാക്കിയ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ അന്തിക്കാടിനടുത്ത് ചാഴൂർ സ്വദേശി തെക്കിനിയേടത്ത് സന്തോഷ് കുമാറി (51)നെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞായർ രാവിലെയാണ് പ്രതി അന്വേഷക സംഘത്തിൻ്റെ കെണിയിലായത്.
കഴിഞ്ഞ മാസം 23ന് നല്ലളം അരീക്കാട് അങ്ങാടിയിലെ ‘ഹോട്ട് ബേക്ക്’ എന്ന ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽനിന്ന് പണമടങ്ങിയ ധർമപ്പെട്ടി മോഷ്ടിച്ച പ്രതിക്ക് വിവിധയിടങ്ങളിലായി 13 കേസുകളുണ്ട്. ഇതുവരെ 48 ഹോട്ടലുകളിൽ നിന്ന് ധർമപ്പെട്ടി മോഷ്‌ടിച്ചതിൻ്റെ സ്വന്തമായി എഴുതി തയ്യാറാക്കിയ പട്ടികയും പൊലീസിന് ലഭിച്ചു.
കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കേസുകൾ നിലവിലുള്ളതായി അറിയാനായത്. കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർമത്തെ ബിന്ദു ഹോട്ടലിലും മോഷണം നടത്തിയിരുന്നു.
നല്ലളം ഇൻസ്പെക്ടർ കെ സുമിത് കുമാർ പ്രതിയെ വിശദമായി ചോദ്യംചെയ്തു. എസ്ഐ സുനിൽ കുമാർ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് അസിസ്റ്റന്റ് കമീഷണറുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി സി സുജിത്, എഎസ്ഐ അരുൺകുമാർ, എസ്‌സിപിഒമാരായ അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഐ ടി വിനോദ്, സിപിഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, നല്ലളം പെലീസ് സ്റ്റേഷനിലെ എസ്‌സിപിഒ സനതറാം, സിപിഒ അനീഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


