ഗാസ; യുദ്ധം അവസാനിച്ചു , സമാധാന കരാര്‍ ഒപ്പുവെച്ചു

ടെല്‍ അവീവ്: രണ്ടു വര്‍ഷം നീണ്ടുനിന്ന ഗാസയിലെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ സമാധാനക്കരാറില്‍ ഒപ്പുവെച്ചത്. യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളാണ് കരാര്‍ സാധ്യമാക്കിയത്.

വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ നടന്ന രാജ്യാന്തര ഉച്ചകോടിയില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോക നേതാക്കള്‍ പങ്കെടുത്തു. ഇസ്രയേലും ഹമാസും അംഗീകരിച്ച കരാറില്‍ ഇരുപക്ഷത്തേയും പ്രതിനിധികള്‍ പക്ഷേ പങ്കെടുത്തില്ല.

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ ഇരുപതിന പദ്ധതി ഉച്ചകോടി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല. എങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയ ലോകനേതാക്കള്‍ സമാധാന ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ട്രംപ് ചൊവ്വാഴ്ച രാത്രിയില്‍ അമേരിക്കയിലേക്ക് തിരിക്കും

കരാറിന്റെ ഭാഗമായി, ഇസ്രയേല്‍ പൗരന്മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീന്‍ പൗരന്മാരെ ഇസ്രയേലും മോചിപ്പിച്ചു. ‘ഞങ്ങള്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ പോകുന്നു, ജൂതന്മാരായാലും അറബ് രാജ്യങ്ങളായാലും മുസ്ലീങ്ങളായാലും സന്തുഷ്ടരാണെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യേഷ്യന്‍ മേഖലയിലെ നേതാക്കളെ ഒരുമിപ്പിക്കാനാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ദിവസത്തെ ‘ലക്ഷക്കണക്കിന് ആളുകള്‍ പ്രയത്‌നിക്കുകയും, ആഗ്രഹിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്ത ദിവസം’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. നേതാക്കളുടെ ഈ കൂട്ടായ്മ ഒപ്പുവെച്ച കരാര്‍, ‘മധ്യപൂര്‍വദേശത്ത് സമാധാനം’ കൈവരിച്ചിരിക്കുന്നുവെന്നും ദശലക്ഷങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഓര്‍ഡര്‍ ഓഫ് ദ് നൈല്‍ ബഹുമതി നല്‍കി ആദരിച്ചതിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിക്ക് ട്രംപ് നല്‍കി നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top