ദളിത് വിദ്യാര്‍ഥിക്ക് ഐഐടി പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഫീസ് അടയ്ക്കാന്‍ താമസിച്ചതുകൊണ്ട് ഐഐടി പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാര്‍ഥിക്ക് സഹായ ഹസ്തവുമായി സുപ്രീംകോടതി. അവസാന തീയതിക്ക് മുമ്പ് 17,500 രൂപ ഫീസ് അടയ്ക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ഐഐടി ധന്‍ബാദില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഉത്തര്‍പ്രദേശ് മുസഫര്‍ നഗര്‍ സ്വദേശി അതുല്‍ കുമാറിന് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ‘ഇത്രയും പ്രതിഭയുള്ള ഒരു വിദ്യാര്‍ഥിയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാന്‍ കഴിയില്ല.

പ്രവേശനത്തിനായി കുട്ടിയും പിതാവും പല സ്ഥലങ്ങളില്‍ ഓടി നടന്നു. വളരെ ബുദ്ധിമുട്ടിയാണ് അവര്‍ ഫീസിനുള്ള തുക ഒപ്പിച്ചത്. അപ്പോള്‍, ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല. ഫീസ് അടച്ചിരുന്നെങ്കില്‍ ഏത് ബാച്ചില്‍ പ്രവേശനം അനുവദിക്കുമായിരുന്നോ അതേ ബാച്ചില്‍ ഈ കുട്ടിക്ക് പ്രവേശനം നല്‍കണം’ — ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനയുടെ 142–ാം അനുഛേദം നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ബി ടെക് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് കോഴ്‌സിനാണ് പ്രവേശനം.

എസ്സി/ എസ്ടി കമീഷന്‍, ജാര്‍ഖണ്ഡ്, മദ്രാസ് ഹൈക്കോടതികള്‍ എന്നിവ അതുലിനെ കൈവിട്ടിരുന്നു. അതുല്‍ കുമാറിന്റെ പിതാവ് തൊഴിലാളിയാണ്. ദിവസവും 450 രൂപയാണ് വേതനം. ഫീസ് അടയ്‌ക്കേണ്ട അവസാന ദിനമായ ജൂണ്‍ 24ന് വൈകിട്ട് അഞ്ചിനുമുമ്പ് ഗ്രാമീണരില്‍നിന്നും പിരിവെടുത്ത് പണം കണ്ടെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അടയ്ക്കാനായില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രവേശനത്തിന് വഴിയൊരുക്കിയ സുപ്രീംകോടതി വിദ്യാര്‍ഥിക്ക് എല്ലാ നന്‍മകളും ആശംസിച്ചു. കോടതിയില്‍ ഹാജരായിരുന്ന അതുല്‍ കുമാര്‍ കൈകൂപ്പി നന്ദി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top