Section

malabari-logo-mobile

കെഎസ്ആര്‍ടിസി വിനോദയാത്ര സര്‍വീസ് മലപ്പുറത്ത് സൂപ്പര്‍ ഹിറ്റ്

HIGHLIGHTS : Super hit by KSRTC and services Malappuram

മലപ്പുറം: കോവിഡിലെ മാനസിക സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെഎസ്ആര്‍ടിസി വിനോദയാത്ര സര്‍വീസ് മലപ്പുറത്ത് സൂപ്പര്‍ ഹിറ്റ്. ഒരുമാസത്തിനുള്ളില്‍ സര്‍വീസും യാത്രക്കാരും കൂടിയതോടെ ഡിപ്പോയുടെ അധിക വരുമാനം 40 ലക്ഷമായി ഉയര്‍ന്നു. റെക്കോര്‍ഡ് ദിവസ കളക്ഷനില്‍ കെഎസ്ആര്‍ടിസി നോര്‍ത്ത് സോണില്‍ മലപ്പുറം ഒന്നാമതാണ്.

ദിവസ ഷെഡ്യൂളുകള്‍ക്ക് പുറമെ വാരാന്ത്യത്തിലെ മൂന്നാര്‍, മലക്കപ്പാറ വിനോദയാത്രകള്‍, നെടുമ്പാശേരി എസി ലോ ഫ്‌ലോര്‍, കോവിഡ് ‘ബോണ്ട്’ (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വീസുകള്‍ എല്ലാം ‘ക്ലിക്ക്’ ആയി. മൂന്നാര്‍, മലക്കപ്പാറ വിനോദയാത്രകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ ഞായറും തിങ്കളും പ്രത്യേക സര്‍വീസുകള്‍ തുടരുന്നുണ്ട്.

sameeksha-malabarinews

നേരത്തെ, കോവിഡ് ഇടവേളക്കുശേഷം ആഗസ്തിലാണ് സര്‍വീസുകള്‍ തുടങ്ങിയത്. ഏതാനും ദിവസങ്ങള്‍മാത്രമാണ് യാത്രക്കാരുടെ കുറവുണ്ടായിരുന്നത്. സെപ്തംബറില്‍ 92,20,554 രൂപയായിരുന്നു ഡിപ്പോയുടെ വരുമാനം. ഒക്ടോബറില്‍ 1,32,57,306 ആയി ഉയര്‍ന്നു. 6.5 ലക്ഷം രൂപയാണ് നിലവില്‍ ദിവസ വരുമാനം. അവധി ദിവസങ്ങളില്‍ നന്നേ കുറഞ്ഞിരുന്ന വരുമാനവും ഉയര്‍ന്നു. സെപ്തംബര്‍ 24ന് ഞായറാഴ്ച 4,60,467 രൂപയായിരുന്നത് അടുത്ത ഞായറില്‍ 5.33 ലക്ഷത്തിലെത്തി. ശനിയാഴ്ച പകല്‍ ഒന്നിന് പുറപ്പെടുന്ന മൂന്നാര്‍ ഉല്ലാസയാത്രയുടെ രണ്ട് സര്‍വീസുകള്‍ക്കും നവംബറിലെ ബുക്കിങ് ഫുള്ളാണ്.

മലപ്പുറം-മൂന്നാര്‍ ഉല്ലാസയാത്ര ഒക്ടോബര്‍ 16നും മലക്കപ്പാറ 31 നുമാണ് ആരംഭിച്ചത്. മൂന്നാറിലേക്ക് ഒരാള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസിന് (താമസം ഉള്‍പ്പെടെ) 1000 രൂപയും സൂപ്പര്‍ ഡീലെക്സിന് 1200 ഉം, എ സി ലോ ഫ്‌ലോര്‍ വോള്‍വോയില്‍ 1500 രൂപയുമാണ്. സൂപ്പര്‍ ഫാസ്റ്റ് ബസിലെ മലക്കപ്പാറ യാത്രക്ക് 600 രൂപയാണ്. വിമാന സര്‍വീസുകള്‍ കൂടുതല്‍ തുടങ്ങിയതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള എസി ലോ ഫ്‌ലോര്‍ രണ്ടാം സര്‍വീസും ഉടന്‍ ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!