വേനല്‍മഴയെ നമുക്ക് ഉപയോഗിക്കാം ശാസ്ത്രീയമായി

മലപ്പുറം: ജില്ലയില്‍ വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ മഴവെള്ളം സംഭരിച്ച് വരള്‍ച്ചയെ നേരിടാം. അതിനായി ജല സ്രോതസ്സുകള്‍ കണ്ടെത്തി സംരക്ഷിക്കണം. ലഭിക്കുന്ന മഴ മുഴുവന്‍ മണ്ണിന് മുകളിലൂടെ ഒഴുകി പുഴകളിലൂടെ വളരെ വേഗത്തില്‍ കടലില്‍ എത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒഴുകുന്ന ജലത്തെ മണ്ണിനടിയില്‍ കൂടി ഒഴുക്കണം. ഇതിനായി പെയ്തു കിട്ടുന്ന പരമാവധി വെള്ളത്തെ മണ്ണിലേക്ക് മഴക്കുഴികള്‍ പോലെയുള്ള നിര്‍മിതികള്‍ നിര്‍മിച്ചു മണ്ണിലേക്ക് താഴ്ത്താന്‍ കഴിയുന്ന പ്രവൃത്തികള്‍ ആവിഷ്‌കരിക്കണം. മഴക്കുഴി നിര്‍മിച്ചും, കിണര്‍ റീചാര്‍ജ് ചെയ്തും, മരങ്ങള്‍ വെച്ചു പിടിപ്പിച്ചും നമുക്ക് മഴവെള്ളം സംഭരിക്കാം.

മഴക്കുഴി എങ്ങനെ നിര്‍മിക്കാം
മഴവെള്ളം ഭൂമിയില്‍ പതിച്ച് ചാലായി ഒഴുകാന്‍ തുടങ്ങുന്ന സ്ഥലങ്ങളിലാണ് ചെറുകുഴികള്‍ നിര്‍മിക്കേണ്ടത്. 50 മുതല്‍ 75 സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളാണ് അഭികാമ്യം. ചതുരാ കൃതിയിലും വീതി കുറഞ്ഞ നീളത്തിലുള്ള ചാലുകളായും മഴക്കുഴി നിര്‍മിക്കാം. നിര്‍മിക്കുമ്പോള്‍ 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഭൂമിയിലും മണ്ണിന്റെ കനം വളരെ കുറഞ്ഞ പ്രദേശങ്ങളിലും മഴക്കുഴി നിര്‍മിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവിടം തട്ടുകളായി തിരിക്കുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യാം.

മരങ്ങള്‍ വച്ചു പിടിപ്പിക്കാം.

മഴവെള്ളം പൂര്‍ണമായും മണ്ണിലേക്ക് താഴ്ത്തിയാലും ജലം മണ്ണിനിടയിലൂടെ ഒഴുകും. ഈ ഒഴുക്ക് ഒരു പരിധി വരെ മരങ്ങള്‍ക്ക് തടയാനാവും .അതിനായി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക.

കിണര്‍ റീചാര്‍ജ് ചെയ്യാം

പുരപ്പുറത്ത് പെയ്തു വീഴുന്ന ജലം ഒരു പൈപ്പിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് കിണറിനടുത്ത് ഒരു കുഴി നിര്‍മിച്ച് അതിലേയ്ക്ക് ശേഖരിച്ച് മണ്ണില്‍ താഴ്ത്തുകയോ ഒരു അരിപ്പയിലൂടെ കടത്തിവിട്ട് നേരിട്ട് കിണറിലേയ്ക്ക് റീ ചാര്‍ജ് ചെയ്യാം. പൈപ്പുകള്‍ക്ക് പകരം ഭൂമിയില്‍ ചാലുകള്‍ നിര്‍മ്മിച്ച് അതിലൂടെ ജലം കുഴികളിലെത്തിച്ചും റീ ചാര്‍ജ് ചെയ്യാം. മഴക്കാലത്തെ വരവേല്‍ക്കാന്‍ ഇപ്പോള്‍ തന്നെ പ്രയത്നിക്കാം.

Related Articles