Section

malabari-logo-mobile

മലയാളത്തിന്റെ പ്രണയസ്വരം സുജാതയ്ക്ക് ഇന്ന് 60….

HIGHLIGHTS : Sujata's 60th birthday

വേറിട്ട സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് സുജാത മോഹന്‍. ഒരു ടീനേജുകാരിയുടെ ചുറുചുറുക്കോടെ പാടിപറക്കുന്ന സുജാതയ്ക്ക് 60 ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ലോകമൊട്ടുക്കുള്ള ആരാധകരുടെ ആശംസ പ്രവാഹമാണ്.

ഏപ്പോഴും ചിരിക്കുന്ന മുഖത്തോടെ പ്രണയഭാവം തുളുമ്പുന്ന ഗാനാലാപനശൈലിയിലൂടെ സംഗീതപ്രേമികളുടെ മനസിലിടം പിടിച്ച സുജാതയെന്ന അതുല്യ പ്രതിഭയെ നെഞ്ചേറ്റിയ ഓരോ മലയാളിക്കും അവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നില്ലെന്നത് കാലം ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്.

sameeksha-malabarinews

1963 മാര്‍ച്ച് 31 നാണ് ഡോ.വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി കൊച്ചിയില്‍ സുജാത ജനിച്ചത്. തന്റെ എട്ടാം വയസ്സില്‍ കലാഭവനില്‍ നിന്നാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. ഒമ്പതാം വയസ്സില്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ സുജാത പാടിതുടങ്ങിയിരുന്നു. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത കൊച്ചുവാമ്പാടി എന്ന പേരിലായിരുന്നു അന്ന് അറിയപ്പെട്ടിരുന്നതുതന്നെ. ആ കാലങ്ങളില്‍ കലാഭവന്‍ സ്ഥാപകനായിരുന്ന ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലും സുജാത സ്ഥിരമായി പാടിയിരുന്നു.

1975 ല്‍ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതേ വര്‍ഷത്തില്‍ പുറത്തിറങ്ങിയ ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലും യോശുദാസിനൊപ്പം പാടിയ സ്വപ്‌നം കാണും പെണ്ണേ… എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം..മെല്ലെ തുറന്നതാരോ…, ദ്വാദശിയില്‍ മണിദീപിക…, പ്രണയിക്കുക്കയായിരുന്നു ഞാന്‍… ,എത്രയോ ജന്മമായ്…., എങ്ങിനെ ഞാന്‍ ഉറക്കേണ്ടു…, തട്ടം പിടിച്ചു വലിക്കല്ലേ…
തുടങ്ങി സുജാതയുടേതായി നിരവധി ഹിറ്റുകളാണ് മലയാളികളുടെ കാതുകളിലേക്ക് എത്തിയത്.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തന്റേതായ ഒരിടം സുജാത സ്വന്തമാക്കിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ ‘കവികുയില്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമ പിന്നണിഗാന രംഗത്തേക്ക് സുജാത എത്തിയത്. റോജയിലെ ‘പുതുവെള്ളൈ മഴൈ..’ എന്ന ഗാനം സുജാതയുടെ കരിയറിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. പിന്നീട് ഏ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുതിയ മുഖം, ബോംബെ, ജെന്റില്‍മാന്‍, ജീന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാങ്ങള്‍ അവര്‍ പാടി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങള്‍ സുജാത ഇതിനോടകം പാടിക്കഴിഞ്ഞു.

മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌ക്കാരം നാലു തവണ സുജാതയ്ക്ക് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ചപിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം മൂന്ന് തവണയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഗീതാസ്വാദകരുടെ കാതിനെയും മനസിനെയും പ്രണയാര്‍ദ്രമാക്കി ആ നാദ പ്രവാഹം  തുടരട്ടേ എന്നാണ് ഓരോ സംഗീതാസ്വാദകരും ആഗ്രഹിക്കുന്നത്…

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!