
ഇസ്ലാമാബാദ് : പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള ഷിയ ഇമാംബാരയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി വിശ്വാസികൾ എത്തി പ്രാർഥന ആരംഭിച്ചതിന് പിന്നാലെയാണ് ചാവേറാക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ പ്രവേശന കവാടത്തിൽവെച്ച് തടഞ്ഞെങ്കിലും അക്രമി പള്ളി ലക്ഷ്യമാക്കി ഏകദേശം 20 മീറ്റർ ഓടിക്കയറുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടെർലായിലുള്ള ഖദിജത്തുൽ കുബ്റ മസ്ജിദ്-കം-ഇമാംബർഗയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നുനിലയോട് കൂടിയ ഇമാംബാരയുടെയും സമീപ കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ നിലംപതിച്ചു. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് നിരവധി പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പാകിസ്താൻ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആശുപത്രികൾ ഉൾപ്പെടുന്ന മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന തിര താഴ്വരയിൽ പാകിസ്താൻ സൈനിക നടപടി ആലോചിക്കുന്നതിനിടെയാണ് ഇസ്ലാമാബാദിൽ ചാവേറാക്രമണം ഉണ്ടായത്. അതേസമയം ഇസ്ലാമാബാദിലെ സംഭവത്തെ പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




