ദില്ലി: ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ കാന്റീനില്‍ മാംസാഹാരം വിളമ്പുന്നതിന്റെ പേരില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍
വിദ്യാര്‍ത്ഥിനികളടക്കം നിരവധി പേര്‍ക്ക് പരിക്ക്.
രാമനവമി ദിവസത്തില്‍ കാന്റീനില്‍ മാംസാഹാരം വിളമ്പരുതെന്ന് ആവിശ്യപ്പെട്ട് ഒരു വിഭാഗം എബിവിപി പ്രവര്‍ത്തകര്‍ കാന്റീന്‍ ജീവനക്കാരോട് ബഹളം വെക്കുകയായിരുന്നു. എന്നാല്‍ മെസ്സില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ‘ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ കഴിക്കും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ കഴിക്കു’ എന്ന രീതിയില്‍ സംസാരിച്ചു. ഇതോടെ പ്രകോപിതരായ എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഞായറാഴ്ച രാവിലെ കാവേരി ഹോസ്റ്റലില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. ക്യാമ്പസില്‍ മാംസാഹാരവും, സസ്യാഹാരവും വേറെവേറെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഞായറാഴ്ച രാമനവമി ആയതിനാല്‍ മാംസാഹാരം തയ്യാറാക്കാന്‍ പാടില്ലെന്നായായിരുന്നു എബിവിപിയുടെ നിലപാട്.
കാവേരി ബ്ലോക്കില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് ക്യാമ്പസിനുള്ളില്‍ പലയിടത്തേക്കും ബാധിച്ചു. പലയിടത്തും എബിവിപി, ഇടതു വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ കല്ലേറുമുണ്ടായി. വിദ്യാര്‍ത്ഥിനകള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.




