
കല്‍പ്പറ്റ: ബത്തേരിയില്‍ വിദ്യാത്ഥി ഷഹല സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും പ്രിന്‍സിപ്പളിനെയും സസ്‌പെന്റ് ചെയ്തു. പിടിഎ പിരിച്ചുവിട്ടു.
പ്രതിഷേധം സമരം നടത്തിയ നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കളക്ട്രേറ്റിനകത്തേക്ക് ഓടിക്കയറി. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കളക്ട്രേറ്റ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് ഡിഡിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്തതും. പിടിഎ പിരിച്ചുവിട്ടതും.
ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥികളുടെ സമരം നടക്കുന്നുണ്ട്. പ്രതീകാത്മകമായ പാമ്പിനെ കഴുത്തില്‍ ചുറ്റിലാണ് സമരം.
ഷഹല മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു.




