HIGHLIGHTS : Strong legal action against unscientific approaches; Minister Veena George

കോഴിക്കോട്:പ്രസവുമുള്‍പ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളില്‍ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങള്‍ കൈകൊണ്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ്, ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കില്‍ ദേശീയ ശരാശരി 27 ആണ്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളത്തില്‍ 4.3 എന്ന അഭിമാന നേട്ടമാണ് സാധ്യമാക്കിയത്. ഇതിനെതിരെ നിലകൊള്ളുന്ന പിന്തിരിപ്പന്‍ നയങ്ങളെ ഗൗരവത്തിലെടുക്കും, മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും ആ നിലയിലുള്ള നിയമ നടപടികള്‍ കൈക്കൊള്ളും. മലപ്പുറത്തെ സംഭവത്തില്‍ മണിക്കൂറുകളോളം ചോര വാര്‍ന്ന് കിടന്നിട്ടും ആവശ്യമായ പരിരക്ഷ നിഷേധിച്ചത് മനപ്പൂര്‍വമുള്ള നരഹത്യയായി കണക്കിലെടുക്കും. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
567 കോടി രൂപ ചെലവില്‍ കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാന അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭരണാനുമതിയായതാണ്. സമീപ കാലത്ത് തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു.
വിവിധങ്ങളായ കാരണങ്ങളാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന നേരത്തേ ജനിക്കുന്ന കുഞ്ഞുങ്ങള്‍, ഭാരം കുറഞ്ഞതും രോഗികളുമായ കുഞ്ഞുങ്ങള്‍ തുടങ്ങി അമ്മയുടെ പാല്‍ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നത് വഴി യാഥാര്‍ത്ഥ്യമാകുന്നത്. അമ്മയുടെ സ്വന്തം മുലപ്പാല്‍ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുങ്ങും.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2022 – ’23 വര്‍ഷം അംഗീകാരം നല്‍കിയ 7,27,548 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും 8,33,942 രൂപയുടെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ആകെ 15,61,491 രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിതമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 – 21 ല്‍ അംഗീകാരം നല്‍കിയ 58.1 ലക്ഷം ചെലവിലാണ് ഓക്‌സിജന്‍ പ്ലാനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എച്ച് എല്‍ എല്‍ കെയര്‍ ലിമിറ്റഡാണ് രണ്ട് യൂണിറ്റുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്.
കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് വിതരണ സംവിധാനത്തിലൂടെ ആശുപത്രിയുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ട ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ്, മെഡിക്കല്‍ എയര്‍ തുടങ്ങിയ വാതകങ്ങളുടെ വിതരണത്തിനുള്ള ശ്യംഖല യാഥാര്‍ഥ്യമാകും. കേന്ദ്രീകൃത വാതക സ്രോതസ്സും ആശുപതിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പ്‌ലൈനും രോഗി പരിചരണ മേഖലകളിലേക്കുള്ള ഔട്ട്ലെറ്റ് സ്റ്റേഷനുകളും വിതരണ സംവിധാനത്തിലെ തടസ്സങ്ങള്‍ സമയോചിതമായി അറിയിക്കുന്ന അലാറം സംവിധാനങ്ങളും അടങ്ങുന്നതാണ് പ്ലാന്റ് വഴി സാധ്യമാകുന്ന വിതരണ ശ്യംഖല.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ എസ്‌കെ അബൂബക്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പിപി പ്രമോദ് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ആര്‍എംഒ ഡോ. എ പി ബിന്ദു ബി കെ പ്രേമന്‍, പി ഉഷാദേവി, വി മുഹമ്മദ് റാസിഖ്, അഡ്വ. പിഎം ഹനീഫ, കെ എം അബ്ദുല്‍ മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.