വീടുകളിലെ പ്രസവം തടയാന്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യം : പി ഉബൈദുള്ള എംഎല്‍എ

HIGHLIGHTS : Strong awareness is needed to prevent home births: P Ubaidullah MLA

malabarinews

ജില്ലയില്‍ വീടുകളിലെ പ്രസവവും അതേ തുടര്‍ന്നുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് പി ഉബൈദുള്ള എംഎല്‍എ പറഞ്ഞു. ജില്ലയിലെ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ആരോഗ്യ ദിനാചരണവും ‘ കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിന്റെ ഉദ്ഘാടനവും കോട്ടക്കുന്ന് ഡിഡിപിസി ഹാളില്‍ നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha

‘ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ കൂട്ടായ പരിശ്രമത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ശ്രമഫലമാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ വന്‍ പുരോഗതി ഉണ്ടായത് വിപുലമായ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളും കൊണ്ടാണ്. അതുപോലെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വീടുകളിലെ പ്രസവം തടയാനും നാം സ്വീകരിക്കണം. ശരിയായ ചികിത്സ നല്ല പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം’- അദ്ദേഹം പറഞ്ഞു.

‘ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിര്‍ഭരമായ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ ആരോഗ്യ ദിനാചരണത്തിന്റെ മുദ്രാവാക്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടിലെ പ്രസവം റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം ജില്ലയില്‍ ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ നാടകങ്ങളും സെമിനാറുകളും സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളും ക്യാംപയിന്റെ ഭാഗമായി നടക്കും.

ദിനാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ കളക്ടറുടെ വസതിയില്‍ നിന്നും സിവില്‍ സ്റ്റേഷന്‍ വരെ ആരോഗ്യ സന്ദേശറാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിയില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ പങ്കെടുത്തു.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം മലപ്പുറം ജില്ല പ്രോഗ്രാമാം മാനേജര്‍ ഡോക്ടര്‍ ടി എന്‍ അനൂപ് ലോകാരോഗ്യ ദിന സന്ദേശം നല്‍കി. 2024-25 വര്‍ഷത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ആരോഗ്യരംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച പള്ളിക്കല്‍ ബ്ലോക്കിന് എംഎല്‍എ പുരസ്‌കാരം നല്‍കി. കഴിഞ്ഞ മാര്‍ച്ച് 24ന് ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ‘ദി ബാറ്റില്‍’ എന്ന നാടകം അവതരിപ്പിച്ച കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. ഏറ്റവും കൂടുതല്‍ സുരക്ഷിത പ്രസവം സാധ്യമാക്കിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം കരുവാരക്കുണ്ട് സി എച്ച് സി നേടി. ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന പ്രചരണ പരിപാടിയുടെ ലഘുലേഖയുടെയും പ്രതിരോധ കുത്തിവെപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ ‘സ്‌നേഹദൂത്’ എന്ന കത്തിന്റെയും പ്രകാശനവും പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. വീടുകളില്‍ നടക്കുന്ന പ്രസവത്തിന്റെ സാമൂഹിക വശങ്ങളെ കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയിലെ സോഷ്യോളജി വിഭാഗം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് അധ്യാപകനായ ഡോക്ടര്‍ ആര്‍ പ്രസാദ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുന്നതിനായി തയ്യാറാക്കിയ ‘തിളനില’ എന്ന ഹ്രസ്വ വീഡിയോയുടെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് നിര്‍വഹിച്ചു.

ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 632 കേന്ദ്രങ്ങളില്‍ 632 കിലോമീറ്റര്‍ നീളത്തില്‍ 261955 പേര്‍ പങ്കെടുത്ത കൂട്ട നടത്തവും 632 ബോധവല്‍ക്കരണ പ്രഭാഷണങ്ങളും നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൂംബ ഡാന്‍സ്, സ്‌കിറ്റ്, ഫുട്‌ബോള്‍ മേളകള്‍ എന്നിവയും നടന്നു.

ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോക്ടര്‍ എന്‍ പമീലി, ‘ആര്‍ദ്രം’ നോവല്‍ ഓഫീസര്‍ ഡോക്ടര്‍ കെ കെ പ്രവീണ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി സുരേഷ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ വി വി ദിനേഷ് ഷാഹുല്‍ഹമീദ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!