HIGHLIGHTS : Home delivery, woman's death from blood loss is tantamount to intentional homicide: Minister Veena George

ഇത് ഗൗരവമായ വിഷയം, ശക്തമായി എതിര്‍ക്കണം
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വര്‍ത്തമാന കാലത്ത് ചില തെറ്റായ പ്രവണതകള്‍ കൂടി നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിര്‍ഭാഗ്യകരമാണ്. രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവര്‍ത്തക വീട്ടില്‍ പോയപ്പോള്‍ പുറത്ത് വന്നില്ല എന്ന് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവര്‍ത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തില്‍ 3 മണിക്കൂറോളം രക്തം വാര്‍ന്ന് അവര്‍ക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിര്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സര്‍ക്കാര്‍ ആശുപത്രികളിലെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാതൃശിശു മരണണങ്ങള്‍ കുറയ്ക്കാന്‍ നമുക്കായി. ഇന്ത്യയില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 97 അമ്മമാര്‍ മരിക്കുമ്പേള്‍ കേരളത്തില്‍ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും സര്‍ക്കാരിന്റെ നയത്തിന്റെ കൂടി അടിസ്ഥാനത്തിലുമാണ്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കാനായി.
ഈ സര്‍ക്കാര്‍ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു ലോക്ഡൗണ്‍ പാടില്ല എന്ന നയമാണ് സ്വീകരിച്ചത്. വാക്സിന്‍ ഫല പ്രദമായി നടപ്പിലാക്കി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.
പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തില്‍ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തില്‍ ഊന്നിയുള്ളതാണ് ആ നിയമം. 2021ല്‍ നമ്മുടെ ആശുപത്രികളില്‍ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാല്‍ 2024 അവസാനത്തില്‍ അത് ആറേമുക്കാല്‍ ലക്ഷമായി വര്‍ധിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ കെസിഡിസിയുടെ പ്രവര്‍ത്തനം കൂടി ആരംഭിക്കും. അപൂര്‍വരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയര്‍ പദ്ധതി ആരംഭിച്ചു. എഎംആര്‍ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ദിനാചരണ സന്ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ്, ഡി.എം.ഒ. ഡോ. ബിന്ദു മോഹന്‍, കെസിഡിസി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്.എ. ഹാഫിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ഡിപിഎം ഡോ. അനോജ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസന്‍, കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജിത്, ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. റിയാസ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു