ആശുപത്രിയിലെ മലിനജലം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിയ സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍ പരപ്പനങ്ങാടി നഗരസഭാ ആസ്ഥാനത്ത്

വീഡിയോ സ്‌റ്റോറി

പരപ്പനങ്ങാടി:വീട്ടിലെ കിണറുകള്‍ ഉപയോഗശൂന്യമാകുന്നരീതിയില്‍ ആശുപത്രിമലിനജലം ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാരുടെ പരസ്യപ്രതിഷേധം. മലിനജലം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിടുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് നാട്ടുകാര്‍ പരപ്പനങ്ങാടി നഗരസഭാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ നഗരസഭ സെക്രട്ടറിയെ നേരില്‍കണ്ട് പ്രതിഷേധമറിയിച്ചു. നാട്ടുകരുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നഗരസഭ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പരപ്പനങ്ങാടി അഞ്ചപ്പുരയിലെ നഹാസ് ആശുപത്രിയുടെ സമീപവാസികളാണ് സമരവുമായി രംഗത്തെത്തിയത്. ഈ ആശുപത്രിയില്‍ നിന്നും മലിനജലം ജനവാസകേന്ദ്രത്തിലെ തുറസ്സായ പറമ്പിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ മലിനമായതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ മലബാറിന്യൂസ് പുറത്തുവിട്ടിരുന്നു. യാതൊരു ശാസ്ത്രീയമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരത്തില്‍ വെള്ളമൊഴുക്കിവിടുന്നത് . ഈ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഇവിടെ കടുത്ത ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു.

തൊട്ടടുത്ത കിണറുകളെല്ലാം ഉപയോഗശൂന്യമായി തുടങ്ങിയതോടെ പരിസരവാസികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. പലരും സ്ഥലവും വീടും വിറ്റുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരിതത്തിന് അറുതിവരുത്തിയില്ലെങ്കില്‍ വരുദിവസങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി സമരം ശക്തമാക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

Related Articles