കോഴിക്കോട്:തദ്ദേശ സ്ഥാപനങ്ങളിലെ പരാതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്തെ ജില്ലകളിലും കോര്‍പറേഷനുകളിലും നടത്തിവരുന്ന തദ്ദേശ അദാലത്തുകളിലെ ഉത്തരവുകളും തീരുമാനങ്ങളും നടപ്പിലാക്കാന്‍ ‘വീണ്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണ ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനകം നടത്തിയ അദാലത്തുകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തിയപ്പോഴാണ് അദാലത്തിൽ വ്യക്തമായ ഉത്തരവുകൾ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപൂർവം ചില ഉദ്യോഗസ്ഥർ ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ബോധ്യമായത്. വകുപ്പ് മന്ത്രിയുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അദാലത്തുകളില്‍ വച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ തയ്യാറാവാത്ത സമീപനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സത്യസന്ധമായും കാര്യക്ഷമമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും അവരെ അന്യായമായി ദ്രോഹിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കെ സ്മാര്‍ട്ട് സംവിധാനം ഫയല്‍ നീക്കങ്ങളുടെ വേഗവും കാര്യക്ഷമതയും വലിയ തോതില്‍ വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. സംവിധാനം നിലവില്‍ വന്ന ആദ്യ 24 മണിക്കൂറിനകം 29,737 ജനന സര്‍ട്ടിഫിക്കറ്റുകളും 12,751 മരണ സര്‍ട്ടിഫിക്കറ്റുകളും 4915 വിവാഹ സര്‍ട്ടിഫിക്കറ്റുകളും അനുവദിക്കാനായി. വെറും 6.45 മിനുട്ടില്‍ ജനന സര്‍ട്ടിഫിക്കറ്റും 8.54 മിനുട്ടില്‍ മരണ സര്‍ട്ടിഫിക്കറ്റും 23.56 മിനുട്ടില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ച ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി ചടങ്ങില്‍വച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ ഹരിതകര്‍മസേന അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, എല്‍എസ്ജിഡി ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, എല്‍എസ്ജിഡി റൂറല്‍ ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




