ഉജ്വലയാനം

കർണ്ണന്റെ ദിവ്യ കവചമണിഞ്ഞ നെഞ്ച്, ചെഗുവേരയുടെ ഇമവെട്ടാത്ത കണ്ണുകൾ, ചുരുട്ടെരിഞ്ഞ ചുണ്ട്.
നിശ്ചലമായ ശരീരത്തിൽ കൂടെയുള്ള ചോരയാനങ്ങളാണെങ്കിലും എന്റെ സർജിക്കൽ ഉപകരണങ്ങളുടെ മൂർച്ച ഈ ശരീരങ്ങളിൽ തൊടുന്നത് പോലും ആലോചിക്കാൻ കഴിയുന്നില്ല. മോർച്ചറിയിലെ കൊടിയ തണുപ്പിൽ മരവിച്ച ശരീരങ്ങളിലൂടെ ആഴ്ന്നിറങ്ങി മരണ രഹസ്യങ്ങളുടെ അവസാന തീർപ്പിലേക്ക് പോസ്റ്റ്മോർട്ടം ടേബിളിലെ ശവ മൗനങ്ങൾക്കിടയിൽ നിന്ന് ഫോറൻസിക് സർജൻ ഡോക്ടർ രാജശേഖരൻ ഉദാരമായ് വന്ന് നിറഞ്ഞ അസ്വസ്ഥകളാൽ പുളഞ്ഞു.

 

സുഹൃത്തും മാധ്യമ പ്രവർത്തകനുമായ വിജയകൃഷ്ണന്റെ ചോദ്യം കൂടെ കൂടിയിട്ട് ദിവസങ്ങളായെങ്കിലും ഇന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു എന്നയാൾക്ക് ബോധ്യമായ്.
ദുബായിലെ സെവൻസ്റ്റാർ ബാറിൽ അരയ്ക്കൊപ്പം വെളളത്തിൽ ഒഴുകി നടന്ന് മൂന്നാമത്തെ പെഗ്ഗ് ഒറ്റ ശ്വാസത്തിൽ അകത്താക്കുന്നതിനിടയിലാണ് വിജയകൃഷ്ണൻ ആ ചോദ്യമെറിഞ്ഞത് “എടാ നിന്റെ മോർച്ചറിയിൽ ആരുടെ ശരീരത്തെയാണ് നീ കീറി മുറിക്കാൻ ഭയപ്പെട്ടത്”  ഡോക്ടറുടെ കാൽവെള്ളയിൽ ഒരു സ്വർണ്ണ നിറമുള്ള അലങ്കാര മൽസ്യം കൊത്തി .വിജയകൃഷ്ണൻ ചോദ്യ വഴി ഒന്നു കൂടെ കൗതുക നിർഭരമാക്കി തുടർന്നു നിന്റെ കണ്ണുകൾക്ക് ദൃശ്യമാകാത്ത ധീര മരണത്തിന് കീഴടങ്ങിയ ആരെങ്കിലുമുണ്ടോ നിന്റെ ചിന്തകളുടെ ടേബിളിൽ ഒരിക്കൽപ്പോലും വരരുതെന്ന് ആഗ്രഹിച്ചവർ ,സർജിക്കൽ ബ്ളേഡിന്റെ മൂർച്ച ഉണ്ടായിരുന്നു ആ ചോദ്യങ്ങളിൽ.

ഡെൾമോറിന്റെ രണ്ട് പെഗ്ഗ് കൂടി അകത്താക്കി ഡോക്ടർ ചോദ്യങ്ങൾക്ക് വഴങ്ങി അപ്രതീക്ഷിതമായ് എത്തിയവരുടേയും സ്വയം ജീവനൊടുക്കിയവരുടേയും മോഹഭംഗകടലായിരുന്നു എന്റെ യിടം. അവിടെ ചോരപ്പുഴയിൽ കപ്പലിറക്കിയ കപ്പിത്താനായും പ്രണയം തുടിച്ച കരളിന്നരികിൽ നിശ്ശബ്ദമായ് കാറ്റ് കൊണ്ട യാത്രികനായും ഞാനെന്റെ ചുമതലകളിൽ വാർന്ന് വീണിരുന്നു. ഇതിനിടെ അനേകം അപ്രതീക്ഷിത മൗനങ്ങൾ, പരിചിതമുഖങ്ങൾ. പിഞ്ചു കുട്ടികൾ, വേർപെട്ടുപോയ ശരീരഭാഗങ്ങൾ അവിടെയൊക്കെ എന്റെ വികാരങ്ങൾ ആയിരം തവണ പോസ്റ്റ്മോർട്ടം ടേബിളിൽ ചിതറി തെറിച്ചിരുന്നു. അവിടേക്ക് വരരുതെന്നാഗ്രഹിച്ച പലരുമുണ്ട്
നീ പറഞ്ഞ പോലെ എന്റെ കൺവെട്ടത്തിന് സാധ്യമായിട്ടില്ലെങ്കിലും ചിലർ ആലോചനകളിൽപ്പോലും വരുന്നത് എനിക്ക് ഓർക്കാനേ കഴിയുന്നില്ല ആ ചിലരുടെ വിശദാംശങ്ങളിലേക്ക് കടക്കാതെ സംഭാഷണങ്ങളെ വിദഗ്ദ്ധമായ് പാക്ക് ചെയ്യുകയായിരുന്നു ഓറഞ്ച് നിറമുള്ള ട്രേ ടർക്കിഷ് ചിക്കൻ ഫ്രൈയുമായ് വെള്ളത്തിലൂടെ ഒഴുകിയെത്തി എരിവ് പകർന്ന ചിന്തകളെയുമിറക്കി മറ്റൊരു സംഭാഷണത്തിലേക്ക് വഴിമാറിപ്പോയ്.

 

പക്ഷേ ഇന്നെന്താണ് ആ ചോദ്യങ്ങൾ പതിവില്ലാതെ അലോസരപ്പെടുത്തുന്നതെന്നറിയില്ല. യുക്തിരഹിതമാണെന്നറിയാമെങ്കിലും ഉത്തരങ്ങൾക്ക് വേണ്ടി തലമുറകൾക്ക് മുന്നേയും പുരാണങ്ങളിലേക്കും വിദേശത്തേക്കും തെരഞ്ഞെറിങ്ങിയത് എന്തുകൊണ്ടായിരിക്കാം. ഡോക്ടറുടെ ചിന്തകൾക്ക് വീണ്ടും തീ പിടിച്ചു ആ രണ്ടു പേരുകളിലേക്ക് പടർന്നു.

സൂര്യൻ നോക്കി വലുതാക്കിയ പകലിൽ നിന്നും സ്വന്തം മകനെ കൊല്ലുന്നത് ഇത്ര തിളക്കത്തോടെ ഒരച്ഛനും കണ്ടിട്ടുണ്ടാവില്ല. ദിനംപ്രതി പകലിനെ ഏറ്റുവാങ്ങിയ ഭൂമിക്കെങ്കിലും കർണ്ണന്റെ രഥചക്രങ്ങൾ താഴാതിരിക്കാൻ ഉറച്ച് നില്ക്കാമായിരുന്നു.
പാഞ്ചാലിയുടെ പായക്കൂട്ടിന് കിട്ടാത്ത കുന്തിയുടെ മൂത്ത പുത്രൻ ദിവ്യകവചം ദാനം ചെയ്ത ആ മഹാവാർത്ത ഹസ്തിനപുരിയിലെ കുതിരപ്പന്തിയിൽ മാത്രമേ വാർത്ത ആയിരുന്നുള്ളൂ മരണശേഷമേ ആ ഇതിഹാസത്തെ പലരും അംഗീകരിച്ചിരുന്നുള്ളൂ .കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും കവച കുണ്ഡലമഴിച്ച്കൊടുത്ത ധീര ദാനശീലാ നിന്റെ നെഞ്ചിൽ എന്റെ മൂർച്ച വിസമ്മതിച്ച് കിടക്കുന്നു.

 

ചിന്തകളിൽ വീണ്ടും വീണ്ടും ചോര പടർന്നു മരണമുഖത്തും ധീര പോരാളിയായ് ലോകം വാഴ്ത്തുന്ന പ്രിയപ്പെട്ട.” ചെ” കാലിനും കൈക്കും തുടർന്ന് ശരീര ഭാഗങ്ങൾ മുഴുവനും ശത്രുക്കളുടെ വെടിയുണ്ട തുളച്ച് കയറുമ്പോൾ കരഞ്ഞ് പോവാതിരിക്കാൻ സ്വന്തം കൈകളിൽ കടിച്ച് പിടിച്ച ” ഏണസ്റ്റോ ഗുവേര മരണത്തിനപ്പുറത്തേക്ക്‌ നിറയൊഴിച്ച വിപ്ളവകാരി
അങ്ങയെപ്പോലെ മരണമുഖത്ത് ഇത്ര തിളക്കത്തോടെ നോക്കിയ കണ്ണും ഭൂമുഖത്തുണ്ടാവില്ല. താങ്കളുടെ അവസാന ആഗ്രഹവും സമാനതകളില്ലാത്ത കവിത പോലെ നിറയുന്നു.

 

“മണ്ണ് കൊണ്ടുണ്ടാക്കിയ അസൗകര്യങ്ങൾ നിറഞ്ഞ സ്കൂളിലായിരുന്നു ചെഗുവേരയെ പാര്‍പ്പിച്ചത് .അവസാന
ആഗ്രഹം ആ സ്കൂളിലെ അധ്യാപികയെ കാണണമെന്നായിരുന്നു.”കുട്ടികളുടെ ക്ഷേമകാര്യവും സ്കൂളിന്റെ അപര്യാപ്തതയേയും ഓർമ്മിപ്പിച്ചായിരുന്നു ആ അവസാന സംഭാഷണം.  പ്രിയങ്കരനായ ചെ അങ്ങയുടെ ധൈര്യവും ബോധ്യവും വലിച്ചെറിഞ്ഞാലും ശത്രു വിന്റെ ആയുധങ്ങളിൽപ്പോലും മുളയ്ക്കും .ഭൂമിയെ കൂട്ടി കെട്ടി ചുരുട്ടാക്കി വലിക്കുന്ന ചെയുടെ പുക ലോക പോരാട്ടങ്ങളിലേക്ക് പടർന്നിരിക്കുന്നു. എന്റെ കത്തി എങ്ങനെയാണ് താങ്കളുടെ ചേതനയറ്റ ശരീരത്തിലേക്ക് കയറുക. കൊടിയ തണുപ്പായിരിന്നിട്ടും ചിന്താ വേഗങ്ങളിൽ ഡോക്ടറുടെ ശരീരം വീണ്ടും വിയർത്തൊലിച്ചു.

 

ദുർമരണത്തിന്റെ പറുദീസയിൽ നിന്ന് മുറിവുകളുടെ ചിന്തകൾ വേർപെട്ട് കിടന്നു. നെഞ്ച് കീറുമ്പോഴും തലയോട്ടി പൊട്ടിക്കുമ്പോഴുമൊക്കെ ഒരു ജീവിതം ജീവിച്ചവരുടെ ആത്മാവുകൾ മനുഷ്യ നേത്രങ്ങൾക്ക് സാധ്യമല്ലാത്ത എത് ലോകത്തേക്കാണ് പോകുന്നതെന്ന് അദ്ധേഹത്തിന്റെ വികാരവിചാരങ്ങൾക്കിടയിൽ നിന്ന് തപിക്കാറുണ്ടായിരുന്നു.
തന്റെ ടേബിളിൽ കിടത്തിയ ചേതനയറ്റ ശരീരത്തെ സൂക്ഷ്മമായ് നോക്കി ആലോചനകളുടെ ചുരമിറക്കിയ ഡോക്ടർക്ക് പോലീസ്‌
കസ്റ്റഡിയിൽ മരിച്ച ആദിവാസി യുവാവിന്റെ ശരീര മൗനത്തിൽ വേദനയുണ്ടായിരുന്നു. അവന്റെ കണ്ണുകളിലൂടെ കയറിയങ്ങിയപ്പോൾ കുപ്പി മൂപ്പന്റേയും തന്റെ പ്രിയപ്പെട്ട മകന്റേയും വിശേഷങ്ങളിലേക്ക് പോയ പകലിലേക്ക് ചെന്നിറങ്ങി.

 

ഡോക്ടറുടെ വയനാട്ടിലെ തറവാട് വീടിനടുത്താണ് കുപ്പി മൂപ്പൻ എന്ന ആദിവാസി താമസിച്ചത്. കുപ്പി മൂപ്പൻ വയനാട്ടിൽ നിന്ന് കൊണ്ടുവരുന്ന ചാമ്പക്ക കൊണ്ട് വാറ്റിയ നാടൻ മദ്യവും കാട്ടുമാങ്ങയും രുചിഭേദലഹരിയിൽ ഒപ്പം കൂടി
“ചുഖല്ലേ തമ്പ്രാ ”
ചുവന്ന ബോഗണ്‍വില്ല പടർന്ന ഡോക്ടറുടെ വീടിന്റെ മുന്നിൽ നിന്നും കൈയ്യിലുണ്ടായിരുന്ന തുണി സഞ്ചി വരാന്തയിലേക്ക് നീക്കിവെച്ച് കുപ്പി മൂപ്പൻ – വിശേഷം തിരക്കി,
സുഖം തന്നെയാടാ നീയീ തമ്പ്രാൻ വിളിയൊന്ന് നിർത്തുമോ മോനിവിടെയുണ്ട് ഉജ്വൽ അവൻ കേൾക്കണ്ട മാത്രമല്ല ഈ കാലഘട്ടത്തിന് ചേർന്നതുമല്ല.
അയ്യോ തമ്പ്രാ അറിഞ്ഞില്ലമ്പാ!
ദേ വീണ്ടും തമ്പ്രാന്ന്…
പിന്നെ എന്തുണ്ടെടാ വയനാട്ടിൽ വിശേഷം?
തമ്പ്രാ,പണി ഒഞ്ചും കാണി
പൈച്ച ഒഞ്ചും കാണി
ബയനാട്ടിന്നല്ലേ ബെരിഞ്ചേ,
ഇവയങ്ക ബെയ്ത്തുമ.
തുണി സഞ്ചിയിലെ സാധനങ്ങൾ ഡോക്ടറുടെ അടുത്തേക്ക് നീക്കിവെച്ച് കുപ്പി മൂപ്പൻ തുടർന്നു..
” ഇബയെല്ലാം കാട്ടു മാങ്കെ
മലായിൽ പോയി പറച്ച് ബന്തത്
ഒരു ചന്തോഷം തമ്പ്രാ ”
ഡോക്ടറുടെ നാവിൽ കാട്ടുമാങ്ങ കൊണ്ടുണ്ടാക്കിയ അച്ചാറിന്റെ രുചി കൊതിയറിയിച്ച് ഇറങ്ങി വന്നു.
” നീങ്ക കേക്കുമി
മോളെ ചെരുപ്പ് പൊട്ടി
വലിയ കടേൽ കേരി മുതലാളി പറഞ്ച് ഊട നിങ്കക്ക് ചെരുപ്പില്ലേന്ന്.
പോ, പോ, പറഞ്ച്…..
നമ്മ മനുച്ചരല്ലേ തമ്പ്രാ.. ..
അത് കേട്ട പാടൈ പുള്ളൈ കരയാൻ തുടങ്ങി നമ്മ എന്തു ചെയ്യും തമ്പ്രാ അല്ല ഡോട്ടറേ ”
“ചെയ്യാനുണ്ട് നിങ്ങളും മനുഷ്യര് തന്നെയാ ”
അകത്ത് നിന്നും ഈ സംഭാഷണം ശ്രദ്ധിച്ചിട്ടാവണം ഡോക്ടറുടെ ഏകമകൻ ഉജ്വൽ രാജശേഖരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്
അയാളുടെ മുഖത്ത് ആ രോഷം വായിച്ചെടുക്കാം മെക്കാനിക്കൽ എഞ്ചിനിയറായ ഉജ്വലിന്റെ വാക്കുകൾക്ക് ഒരു കനമുണ്ടായിരുന്നു
അയാൾ തുടർന്നു.
“എന്നിട്ട് മകളെവിടെ ”
ഓളെ കോളേയിലാക്കി
ഓഹോ ആ കട നിങ്ങൾക്കറിയാലോ
അങ്ങനങ്ങ് വിടരുത്. നമുക്കിപ്പം തന്നെ പോകാം.

ഷർട്ടിലേക്കും തുടർന്ന് കാറിലേക്കും അതിവേഗം കടന്ന് കയറി” എങ്കിൽ ഞാനും വരാമെന്ന് പറഞ്ഞ “ഡോക്ടറെ വിലക്കാനും മറന്നില്ല” അച്ഛന് കുറച്ച് ബി.പി ഉണ്ട് ഇത് ഞാൻ ഡീൽ ചെയ്തോളാം. മകന്റെ വിലക്ക് കാര്യമാക്കാതെ അവർ മൂവരുമിറങ്ങി
വൈകാതെയവർ കുപ്പി മൂപ്പൻ പറഞ്ഞ ഷോപ്പിലെത്തി. മനോഹരമായ് ഡിസ്പ്ളെ ചെയ്ത ചെരുപ്പുകൾ കണ്ട് അവർ മൂവരുടേയും ചെരുപ്പുകൾ നാണിച്ചു പോയ്. പക്ഷേ ഉറച്ച കാൽവെപ്പിനാൽ ആ കട മുഴുവൻ അവരുടെ വരുധിയിലായ് കഴിഞ്ഞിരുന്നു.

 

ഉജ്വലിന്റെ ഒന്ന് രണ്ട് സംസാരങ്ങളിൽ , കടയുടമ പ്രകടിപ്പിച്ച ഗൗരവവും ധൈര്യവുമൊക്കെ ചോർന്ന് പോയ് ജീവനക്കാരിലേക്കും അത് പടർന്നിരുന്നു.
പിന്നീടാ സംഭാഷണം അവരിലേക്ക് ഓറിയന്റേഷൻ ക്ലാസ്സ് പോലെ സുന്ദരമായ് ഇറങ്ങി ചെന്നു. മാനവികതയുടെ പൊതുബോധം ഓർമ്മിപ്പിച്ചു കൊണ്ട് അവർ കടവിട്ടിറങ്ങുമ്പോൾ കടയുടമയുടെ മുഖത്ത് ചെയ്ത തെറ്റുകളുടെ പേരിൽ വിയർപ്പ് പൊടിഞ്ഞിരുന്നു.

തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനോടും കുപ്പി മൂപ്പനോടും ഒരു കാര്യം ഓർമ്മിപ്പിക്കാൻ മറന്നില്ല.
” കാട്ടുമാങ്ങയും തേനുമൊക്കെ കൊള്ളാം പക്ഷേ , ഈ ചാമ്പക്കവാറ്റിയ സാധനം ഇവിടെ കണ്ടേക്കരുതേ “വേണേൽ നീയും കുടിച്ചോടാ”എന്നായിരുന്നു ഡോക്ടറുടെ മറുപടി.
“പക്ഷേ അച്ഛാ വേണേന്നല്ല വേണ്ട.”
അനേകം പേരുടെ വേദനകളും പ്രയാസങ്ങളും കൺമുമ്പിൽ കാണുമ്പോൾ ലഹരിക്ക് അതിനെ ഇല്ലാതാക്കാൻ കഴിയുമോ? ഇല്ല. അച്ഛനെ ഏതെങ്കിലും മന്ത്രിമാരോ മറ്റേതെങ്കിലും വേണ്ടപ്പെട്ടവർ വിളിച്ച് നിങ്ങളിപ്പോ തന്നെ ആശുപത്രിയിലെത്തണമെന്ന് പറഞ്ഞാൽ അച്ഛന്റെ ലഹരി ചോർന്നു പോകും. ചിലപ്പോൾ നിമിഷങ്ങൾ മാത്രമാവും അതിന്റെ ആയുസ്സ് അതുമല്ലെങ്കിൽ ദീർഘനേരം സ്വബോധത്തെ തടവിലാക്കുകയും ചെയ്യും അതാണോ ജീവിതത്തിന്റെ ലഹരി ?.
മകനും കുപ്പി മൂപ്പനും നിറഞ്ഞ ദിവസത്തിൽനിന്നും ഓർമ്മകളെ പിൻവലിച്ച് അപ്രതീക്ഷിതമായ് മരണത്തിന് കീഴടങ്ങിയവരുടേയും സ്വയം ഇല്ലാതാക്കിയവരുടേയും നൈമിഷികമായ ഭവനത്തിലേക്ക് അയാൾ മടങ്ങി.

മകനെക്കുറിച്ചുള്ള ഓർമ്മകളുടെ അവസാനം സാധാരണ ഗതിയിൽ അവൻ വീട്ടിൽ നിന്ന് പോയാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞേ ഒന്ന് ഫോൺ ചെയ്യുക പോലുമുള്ളൂ അങ്ങോട്ടേക്കൊന്ന് വിളിച്ചാൽ കിട്ടുകയുമില്ല . ഇനിയവൻ വിളിക്കേണ്ട ദിവസം അടുത്തെത്തി കഴിഞ്ഞെന്ന സന്തോഷം ആ മുഖങ്ങളിൽ കാണാമായിരുന്നു.

 

പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ഒരു മൃതശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ ഡോക്ടറെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. മോർച്ചറിക്ക് പുറത്ത് കാണാതായ തന്റെ മകനോട് സാദൃശ്യമുള്ള അജ്ഞാത ശരീരത്തെ നോക്കാൻ ഒരമ്മ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ മകനാവരുതേ എന്നായിരിക്കും അവരുടെ പ്രാർത്ഥന എന്ന് തെരഞ്ഞ് വന്ന കണ്ണുകൾ പറയുന്നിടമാണിതെന്ന് ഓർത്തുകൊണ്ട് ,
വിവിധ ഫോർസെപ്സുകളുടെ നിരയിൽ നിന്ന് ശ്രദ്ധാപൂർവ്വം ഒരു കത്തി വലിച്ചെടുത്ത് നെഞ്ചും മുഖവും വയറും സാധാരണ പോലെ നോക്കി തന്റെ നിർവ്വഹണത്തിലേക്ക് കടന്നു.

 

മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിരുന്നു ശരീരത്തിലാകെ മർദ്ധനമേറ്റ പാടുകളുണ്ട്. രജിസ്റ്ററിൽ കണ്ട പ്രായത്തേക്കാൾ ഇളയ ശരീരമാണെന്ന് ഡോക്ടർ മനസ്സിലാക്കിയിരുന്നു. പതിവില്ലാത്ത ഒരു വിറയൽ തന്റെ കണ്ണുകൾക്ക് വന്നിട്ടുണ്ടോയെന്ന് അയാൾക്ക് തോന്നിയിരുന്നു. ഇടത് ഭാഗത്ത് മുലക്കണ്ണിന് താഴെയുള്ള ആ മറുകിൽ ആ കണ്ണുകൾ നിന്ന് വിറച്ചു…….. നിയന്ത്രിക്കാനാവാത്ത ഒരസ്വസ്ഥതയപ്പോൾ അയാളുടെ മനസ്സിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു അപ്രതീക്ഷിതമായ ഒരു കയം അയാളുടെ ചിന്തകൾക്ക് ചുറ്റും കൂടി.:………
തൊണ്ടയിലെ വെള്ളം വറ്റുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ ചിതറിപ്പോയ ആ മുഖത്തെ ചേർത്തുവെച്ചപ്പോൾ
ഒരു അലർച്ചയായിരുന്നു
മോനേ…………
ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ അച്ഛന്റെ അലറിക്കരച്ചിലിൽ ഫ്രീസറുകളിലെ മൃതശരീരങ്ങൾ പോലും ഞെട്ടിവിറച്ചുട്ടുണ്ടാവണം.
മോനേ നിനക്കെന്ത് പറ്റിയതാടാ
ഉജ്വലേ…………ഡോക്ടർ അലറിക്കരഞ്ഞു.

 

സർജിക്കൽ ഉപകരണങ്ങൾ തട്ടിത്തെറിപ്പിച്ച് തന്റെ കോട്ട് വലിച്ചൂരി കത്തിയുമെടുത്ത് പുറത്തേക്കോടി, ആശുപത്രി ജീവനക്കാർക്കോ കൂടെയുള്ള സഹപ്രവർത്തകർക്കോ അയാളെ നിയന്ത്രിക്കാനായില്ല.
പിന്നീടദ്ധേഹം എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ തിരികെ വന്ന് മകന്റെ ശവശരീരം വാരിയെടുത്തു. ആ മോർച്ചറിയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു മൃതശരീരത്തെ പോസ്റ്റ്മോർട്ടം ചെയ്യാതെ പുറത്തേക്ക് കൊണ്ടുപോവുന്നത്, മകനേയും തോളിലേറ്റി വാതിൽ തള്ളിത്തുറന്ന് പുറത്ത് കടന്നപ്പോൾ പോലീസ് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായ് കുതിച്ച് എത്തി കൊണ്ടിരുന്നു…..പൊട്ടിക്കരഞ്ഞ് വരുന്ന കുപ്പി മൂപ്പനെ കണ്ടപ്പോൾ ഡോക്ടർ ആജ്ഞാപിച്ചു….” വാടാ കയറ് ഇവനെ ലോകത്ത് എവിടെ കൊണ്ടു പോയും ഞാൻ ചികിൽസിക്കും”
ഏടത്തേക്ക് തമ്പ്രാ…എന്തിനമ്പ്രാ
കുപ്പി മൂപ്പൻ കരഞ്ഞുകൊണ്ട് റോഡിൽ വീണു?
പോലീസ് കാരും സഹപ്രവർത്തകരും ഡോക്ടറെ പിടിച്ച് മാറ്റി. ആര് പറഞ്ഞിട്ടും അയാൾ ചെവികൊണ്ടില്ല.
അയാൾ പൊട്ടിക്കരയുകയും അലറുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടയിൽ റോഡിൽ തളർന്ന് വീണ കുപ്പി മൂപ്പൻ തന്റെ കൈത്തണ്ട കത്തി കൊണ്ട് മുറിച്ച് പുറത്തേക്ക് ചാടിയ ചോരയെ തോർത്തിൽ മുക്കി മേലോട്ട് ഉയർത്തിപ്പിടിച്ച് പരിസരമാകെ കുലുങ്ങുമാറ് ഏറ്റവുമുറക്കെ മുദ്രാവാക്യം വിളിച്ചു
“സഖാവ് ഉജ്വൽ രാജശേഖരൻ സിന്ദാബാദ് ” കുപ്പി മൂപ്പന്റെ ശബ്ദം വ്യക്തമായിരുന്നു. ആ ശബ്ദത്തിലും ഉച്ചാരണത്തിലും ഉജ്വലിന്റെ ചോര പടർന്നിട്ടുണ്ടാവണം. ആ വിളി ഏറ്റുവാങ്ങാൻ നൂറ് നൂറ് ചുണ്ടുകൾ ചുറ്റുമുണ്ടായിരുന്നു.
ഡോക്ടറുടെ കണ്ണുകൾ അബോധത്തിലേക്ക് മറയുന്നതിന് മുമ്പ് ആകാശത്തിലേക്ക് നോക്കി
“മേഘങ്ങൾക്കിടയിൽ മഴ ചൂടി വന്ന ആ രൂപത്തെ ഇടിമിന്നൽ ഒരു രേഖാചിത്രം പോലെ വരച്ചു ”
“അടിയോരുടെ ഉടയോൻ
മഴയപ്പോൾ തിമർത്തു പെയ്തു.

 

Related Articles