ഡല്‍ഹിയില്‍ കൃത്രിമമഴ പെയ്യിക്കണമെന്ന് സംസ്ഥാനം

ന്യൂഡല്‍ഹി : വായു വിഷമയമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം. അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി. പുക മഞ്ഞ് ഒഴിവാക്കാന്‍ കൃത്രിമ മഴ മാത്രമാണ് മാര്‍ഗമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കത്തില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി എടുക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടണമെന്നും ഗോപാല്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരേന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്, ആര്‍ കെ പുരം, മന്ദിര്‍ മാര്‍ഗ്, ദ്വാരക സെക്ടര്‍ എട്ട് തുടങ്ങിയ മേഖലകളില്‍ വായു നിലവാര സൂചിക 1000 ആയി. രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 500 കടന്നു. അതേസമയം, രാജ്യാന്തര വായു ഗുണനിലവാര ആപ്പ് ‘ ഐക്യുഎയര്‍’ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ സൂചിക 1,600 ആണ്. സൂചിക 500 കടന്നാല്‍ സ്ഥിതി അപായകരമാണ്. കഫക്കെട്ട്, ശ്വാസതടസ്സം എന്നിവ ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഡല്‍ഹി സര്‍വകലാശാലയും ജെഎന്‍യുവും ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top