സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച സീരിയല്‍ ആണ്‍പിറന്നോള്‍, അനൂപ് കൃഷ്ണന്‍ മികച്ച നടന്‍, റിയ കുര്യാക്കോസും മറിയം ഷാനൂബും മികച്ച നടിമാര്‍

2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ആണ്‍പിറന്നോള്‍ ആണ് മികച്ച ടെലി സീരിയല്‍. ശിവമോഹന്‍ തമ്പി സംവിധാനവും അരുണ്‍രാജ് ആര്‍ നിര്‍മാണവും നിര്‍വഹിച്ച ആണ്‍പിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. ട്രാന്‍സ്ജെന്‍ഡറുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ആണ്‍പിറന്നോള്‍ അവതരിപ്പിച്ചത്. സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയല്‍. രാജേഷ് തലച്ചിറ സംവിധാനവും ഫ്‌ലവേഴ്സ് ടിവി നിര്‍മാണവും നിര്‍വഹിച്ച സു.സു.സുരഭിയും സുഹാസിനിയും കുടുംബ പശ്ചാത്തലത്തില്‍ കാലികമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇല്ലാതെ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ പകരുന്ന പരമ്പരയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

കേരള വിഷനില്‍ സംപ്രേഷണം ചെയ്ത കണ്‍മഷിയാണ് 20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം. അനൂപ് കൃഷ്ണന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച കണ്‍മഷിയുടെ നിര്‍മാണം അഞ്ജലി കല്ലേങ്ങാട്ടാണ്. തെയ്യം എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവും തികഞ്ഞ സാങ്കേതിക മികവോടെ അവതരിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. ഷാനൂബ് കരുവത്ത് നിര്‍മാണവും തിരക്കഥയും നിര്‍വഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റില്‍ കൂടിയ മികച്ച ടെലിഫിലിമായി. സ്ഥിരതയില്ലാത്ത ജോലിയുമായി കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ സഹനങ്ങളിലൂടെ ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പുതുതലമുറയുടെ പരിഛേദം അവതരിപ്പിച്ച പ്രമേയ മികവിനാണ് അവാര്‍ഡെന്ന് ജൂറി അഭിപ്രായപ്പെട്ടു. ആണ്‍പിറന്നോളിന്റെ കഥാകൃത്തായ ഗംഗ ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി. ഒരു പെണ്‍കുട്ടിയില്‍ നിന്ന് ആണ്‍കുട്ടിയിലേക്കുള്ള പരിണാമത്തിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഗംഗ ആവിഷ്‌ക്കരിച്ചത്. എന്റര്‍ട്ടെയിന്‍മെന്റ് വിഭാഗത്തിലെ മികച്ച ടി വി ഷോ ആയി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത കിടിലം തെരഞ്ഞെടുത്തു. എംഎം ടിവി ലിമിറ്റഡ് നിര്‍മിച്ച കിടിലം പരിപാടി കേരളത്തിനകത്തും പുറത്തുമുള്ള അസാധാരണ കഴിവുകളുള്ള പ്രതിഭകളെ കണ്ടെത്തി ഉന്നത സാങ്കേതിക മിഴിവോടെ അവതരിപ്പിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി (സീസണ്‍ 2) മികച്ച കോമഡി പ്രോഗ്രാമായി. എം.എം ടി വി ലിമിറ്റഡ് നിര്‍മാണവും രഞ്ജിത്ത് ആര്‍ നായര്‍ സംവിധാനവും നിര്‍വഹിച്ച ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കിക്കൊണ്ട് ദ്വയാര്‍ഥ പ്രയോഗങ്ങള്‍, ശാരീരിക അധിക്ഷേപം എന്നിവ ഇല്ലാത്ത നര്‍മ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. ഫ്‌ലവേഴ്സ് ടി വി സംപ്രേഷണം ചെയ്ത അമ്മേ ഭഗവതിയിലെ ശബ്ദലേഖനത്തിന് നന്ദകുമാര്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് നേടി. വിവിധ പ്രതിസന്ധികളിലൂടെ കടന്ന് പേകുന്ന പൂജാരി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെ സന്നിവേശിപ്പിച്ചതിനാണ് പുരസ്‌കാരം. പാര്‍വതി എസ് പ്രകാശാണ് വനിതാ വിഭാഗത്തിലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ആണ്‍പിറന്നോളിലെ അപൂര്‍വ എന്ന പെണ്‍കുട്ടിയുടെ സ്വരഭേദത്തിനാണ് പുരസ്‌കാരം. ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. കണ്‍മഷിയിലെ അഭിനയത്തിനും സംവിധാന മികവിനുമാണ് പുരസ്‌കാരം. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തില്‍ ആണ്‍പിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടിവി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി. കണ്മഷിയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ശിഹാബ് ഓങ്ങല്ലൂര്‍ മികച്ച ഛായാഗ്രാഹകനായി. ലാസ്റ്റ് സപ്പര്‍ എന്ന ടെലി ഫിലിമിന്റെ എഡിറ്റിങ് മികവിന് വിഷു എസ് പരമേശ്വര്‍ മികച്ച ദൃശ്യസംയോജകനുള്ള അവാര്‍ഡ് നേടി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകന്‍. കണ്മഷിയിലെ സംഗീതസംവിധാനത്തിനാണ് വിഷ്ണുവിന് അവാര്‍ഡ്. സിന്‍സ് ഫോര്‍എവര്‍ എന്ന പരിപാടിയിലൂടെ നംഷാദ് എസ് മികച്ച ശബ്ദലേഖകനുള്ള അവാര്‍ഡിന് അര്‍ഹനായി. ലില്ലിയുടെ കലാസംവിധാനം നിര്‍വഹിച്ച മറിയം ഷാനൂബാണ് മികച്ച കലാ സംവിധായിക. മീഡിയ വണ്‍ ടിവി നിര്‍മിച്ച് സി എം ഷെരീഫ് സംവിധാനം ചെയ്ത കുടകിലെ കുഴിമാടങ്ങളാണ് മികച്ച ജനറല്‍ വിഭാഗം ഡോക്യുമെന്ററി. വയനാട്ടില്‍ നിന്ന് കുടകിലേക്ക് തൊഴില്‍ തേടി പോകുന്ന ആദിവാസി വിഭാഗക്കാരുടെ തിരോധാനവും അസ്വാഭാവിക മരണവുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. മനോരമ ന്യൂസ് നിര്‍മിച്ച് മിഥുന്‍ സുധാകരന്‍ സംവിധാനം ചെയ്ത ഉറവ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി. സ്വാഭാവിക നീരുറവുകളുടെ സംരക്ഷണത്തിന് വയനാട്ടിലെ ഗോത്രജനത പരിപാലിച്ചുപോരുന്ന കേണി എന്ന ശാസ്ത്രീയ മാതൃക ലോകത്തിന് മുന്നില്‍ ഡോക്യുമെന്ററി അവതരിപ്പിക്കുന്നു. സാജ് വിശ്വനാഥന്‍ നിര്‍മിച്ച് ജയരാജ് പുതുമഠം സംവിധാനം ചെയ്ത പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി ബയോഗ്രഫി വിഭാഗത്തിലുള്ള മികച്ച ഡോക്യുമെന്ററിയായി. ക്ഷേമാവതി ടീച്ചറുടെ ജീവിതവും പ്രവര്‍ത്തനങ്ങളും കലാത്മകമായി ആവിഷ്‌ക്കരിക്കുകയാണ് ഡോക്യുമെന്ററി. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തില്‍ ഷഫീഖാന്‍ എസ് സംവിധാനം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് നിര്‍മിച്ച് സംപ്രേഷണം ചെയ്ത ടോപ് ഗിയറും (സുജയുടെ ജീവിത യാത്രകള്‍), അപര്‍ണ പ്രഭാകര്‍ സംവിധാനം ചെയ്ത് സന്തോഷ് ബമ്മാഞ്ചേരി നിര്‍മിച്ച് ഭഗവത് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത കിണറാഴങ്ങളില്‍ ഒരു കുഞ്ഞുപെണ്ണും മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി.

സയന്‍സ് ടോക്ക്: പാതാളത്തവള: കേരളത്തില്‍നിന്ന് നൂറ്റാണ്ടിലെ കണ്ടുപിടിത്തം മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാമിനുള്ള അവാര്‍ഡ് നേടി. ശാസ്ത്രവിവരങ്ങള്‍ അന്വേഷണാത്മകമായി അവതരിപ്പിച്ച പരിപാടിയുടെ നിര്‍മാണം ഏഷ്യാനെറ്റ് ന്യൂസും സംവിധാനം ശാലിനി എസും ആണ്. കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്ത വി ദ പീപ്പിള്‍ പരിപാടിയുടെ അവതാരക അഡ്വ. അമൃത സതീശന്‍ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് നേടി. ഷൈനി ജേക്കബ് ബെഞ്ചമിന്‍ മികച്ച ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായി. വി വില്‍ നോട്ട് ബി അഫ്രൈഡ് എന്ന ഡോക്യുമെന്ററിയാണ് ഷൈനിയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത നിസ്സഹായനായ കുട്ടി അയ്യപ്പന്‍ എന്ന പരിപാടിയുടെ ക്യാമറാമാന്‍ അജീഷ് എ മികച്ച ന്യൂസ് ക്യാമറാമാനുള്ള അവാര്‍ഡ് നേടി. ട്വന്റി ഫോര്‍ ന്യൂസിലെ പ്രഭാതവാര്‍ത്തകള്‍ പരിപാടിയുടെ അവതാരകന്‍ പ്രജിന്‍ സി കണ്ണനാണ് മികച്ച വാര്‍ത്താ അവതാരകന്‍. വാര്‍ത്തേതര പരിപാടിയുടെ അവതാരകനുള്ള അവാര്‍ഡിന് ട്വന്റി ഫോര്‍ ന്യൂസിലെ അരസിയല്‍ ഗലാട്ട പരിപാടി അവതരിപ്പിച്ച അരവിന്ദ് വി അര്‍ഹനായി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഊരില്‍ ഒരു ഓണക്കാലത്ത് എന്ന പരിപാടിയുടെ കമന്ററി നിര്‍വഹിച്ച നൗഷാദ് എ മികച്ച കമന്റേറ്റര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി. കറന്റ് അഫയേഴ്സ് വിഭാഗത്തിലെ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് എം എസ് ബനേഷ് നേടി. കേരള വിഷന്‍ ന്യൂസ് സംപ്രേഷണം ചെയ്ത ട്രൂകോളര്‍, വ്യൂവേഴ്‌സ് അവര്‍ എന്ന പരിപാടിയാണ് ബനേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് കെ മുഹമ്മദ് ഷംസീറിനാണ്. മീഡിയാവണ്‍ ടിവി സംപ്രേഷണം ചെയ്ത പ്രസവാവധി തട്ടിപ്പ് എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കറന്റ് അഫയേഴ്സ് വിഭാഗത്തിലുള്ള മികച്ച ടിവി ഷോയ്ക്കുള്ള അവാര്‍ഡ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പെണ്‍താരം കരസ്ഥമാക്കി. കാര്‍ത്തിക തമ്പാനാണ് പരിപാടിയുടെ നിര്‍മാണം നിര്‍വഹിച്ചത്. ശാലോം ടി വി സംപ്രേഷണം ചെയ്ത മാര്‍ട്ടിന എഫ്.ടി.സി.എല്‍ (പ്രിന്‍സസ് ഓഫ് വയലിന്‍) മികച്ച കുട്ടികളുടെ പരിപാടിക്കുള്ള അവാര്‍ഡ് നേടി. പ്രിന്‍സ് അശോകാണ് പരിപാടിയുടെ സംവിധായകന്‍. ഡോക്യുമെന്ററി ജനറല്‍ വിഭാഗത്തില്‍ ലജന്റ്‌സ് (കലാമണ്ഡലം ഗോപി) സംവിധാനം ചെയ്ത എം ജി അനീഷ്, സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വിഭാഗത്തില്‍ പ്ലാവ്: അത്ഭുത ഫലം തരുന്ന കല്പവൃക്ഷം സംവിധാനം ചെയ്ത ആര്‍ എസ് പ്രദീപ്, ബയോഗ്രഫി വിഭാഗത്തില്‍ അഭ്രപാളികളിലെ മധുരം സംവിധാനം ചെയ്ത പുഷ്പന്‍ ദിവാകരന്‍, വാര്‍ത്തേതര പരിപാടികളുടെ ആങ്കറായ ജീവേഷ് വര്‍ഗീസ്, അഭിമുഖ വിഭാഗത്തില്‍ അരുണ്‍കുമാര്‍ കെ, വിദ്യാഭ്യാസ പരിപാടിയുടെ അവതരണ വിഭാഗത്തില്‍ അദ്വൈത് എസ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

രചനാ വിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡിന് ടെലിവിഷന്‍ ആചാരങ്ങളും ഡിജിറ്റല്‍ ചായക്കടകളും എന്ന ലേഖനത്തിലൂടെ ഡോ. വി മോഹനകൃഷ്ണന്‍ അര്‍ഹനായി. ടെലിവിഷന്‍: കാഴ്ച, നിര്‍മ്മിതി എന്ന പുസ്തകത്തിന്റെ രചനയ്ക്ക് രാജേഷ് കെ എരുമേലിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top