HIGHLIGHTS : Calicut University News; Kerala has an inextricable link with Arabic language and culture - Calicut VC
അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധം – കാലിക്കറ്റ് വി.സി.
അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അറബി സ്വാധീനം പ്രകടമാണെന്നും വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തികവും വ്യവസായികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും പുരോഗതിയിലും അറബി ഭാഷക്കും അറബി നാടുകള്‍ക്കും വലിയ പങ്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധരെ പങ്കെടുപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സർവകലാശാലാ അറബി വകുപ്പ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്ന വിദേശി പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വൈസ് ചാന്‍സിലര്‍ വിതരണം ചെയ്തു. സർവകലാശാലാ ഭാഷാ വിഭാഗം ഡീന്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സി.ഇ.ഒയും ഗ്രന്ഥകാരിയുമായ ഡോ. മറിയം അല്‍ ശിനാസി, അറബി പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ്, സെമിനാര്‍ ചീഫ് കോ – ഓർഡിനേറ്റർ ഡോ. അലി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
ഗോത്രപഠന ഗവേഷണ കേന്ദ്രത്തിൽ സെമിനാർ
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്രപഠന ഗവേഷണ കേന്ദ്രവും കിർത്താഡ്‌സും പട്ടികവർഗ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ തുടങ്ങി. ‘കേരളത്തിലെ ഗോത്ര ജീവിത യാഥാർഥ്യങ്ങൾ ഉയർന്നു വരുന്ന ആശങ്കങ്ങളും വ്യവഹാരങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാർ സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ ഉദ്ഘാടനം ചെയ്തു. ഐ.ടി.എസ്.ആർ. ഡയറക്ടർ സി. ഹരികുമാർ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് ഗവണ്മെന്റ് മ്യൂസിയം വകുപ്പ് മുൻ ക്യൂറേറ്ററും, ട്രൈബൽ റിസർച്ച് സെന്ററിന്റെ മുൻ തലവനുമായ ഡോ. സി. മഹേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സോഷ്യോളജി പഠന വകുപ്പ് മേധാവി പി.ആർ. ബിജിത, നഗരസഭാ കൗൺസിലർ ജയകൃഷ്‌ണൻ, കിർത്താഡ്‌സ് ലക്‌ചറർ ഇന്ദു. വി. മേനോൻ, കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. എം.എച്ച്. ഗ്രീഷ്‌മ ദാസ്, ഉറവ് മാനേജിങ് ഡയറക്ടർ ടി. ശിവരാജ്, കിർത്താഡ്‌സ് റിസർച്ച് ഓഫീസർ ജീവൻ കുമാർ എന്നിവർ സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് റൂട്ട് ആൻഡ് റിഥം എന്ന പേരിൽ ഗോത്ര ജീവിത കലാവിഷ്കാരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. 24-നാണ് സമാപനം.
‘നിർമിത ബുദ്ധി ചൂഷണം നേരിടാൻ സ്വതന്ത്ര സംവിധാനം വേണം’
നിർമിത ബുദ്ധി ഉപയോഗിച്ച് കുത്തകകൾ നടത്തുന്ന ചൂഷണങ്ങൾ പരിഹരിക്കുവാൻ സ്വതന്ത്ര സംവിധാനം അനിവാര്യമാണെന്ന് കലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. നിർമിത ബുദ്ധിയും നൈതികതയും എന്ന വിഷയത്തിൽ ഹെലോയി സ്റ്റാർട്ടപ്പ് സ്ഥാപകൻ റാഷിദ് അബ്ദുള്ള നയിച്ച സെമിനാറിലാണ് ഈ പൊതു അഭിപ്രായം ഉയർന്നത്. അറിവിൻ്റെ മുകളിലുള്ള ആധിപത്യം ഏറെ അപകടങ്ങൾ വരുത്തുമെന്നതും സെമിനാറിൽ ചർച്ചയായി. പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകർക്കും വിദ്യാർത്ഥികൾക്കുമായി പൊളിറ്റിക്കൽ സയൻസ് റിസർച്ച് ഫോറമാണ് സെമിനാർ സംഘടിപ്പിച്ചത്. പൊളിറ്റിക്കൽ സയൻസ് സെമിനാർ ഹാളിൽ നടന്ന പരിപാടി വകുപ്പ് മേധാവി ഡോ. പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.എം. അജിനാസ് സ്വാഗതവും ടി. നൂർജഹാൻ നന്ദിയും പറഞ്ഞു.
പ്രഭാഷണ പരമ്പരക്ക് തുടക്കമായി
കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പ്രഭാഷണ പരമ്പരക്ക് പഠനവകുപ്പിൽ തുടക്കമായി. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ.എൻ. കുറുപ്പ് നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അധ്യാപകരായ ഡോ. പി. വിജിഷ, സിനീഷൻ വേലിക്കുനി എന്നിവർ സംസാരിച്ചു.
ഓൺലൈൻ കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര – ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ മുട്ടിൽ – ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2022 പ്രവേശനം യു.ജി. വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിനു പങ്കെടുക്കാൻ താത്പര്യമറിയച്ചവർക്കുള്ള ക്ലാസുകൾ ജനുവരി 27-ന് തുടങ്ങും. വിശദ വിവരങ്ങളും ക്ലാസ് ഷെഡ്യൂളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
കോൺടാക്ട് ക്ലാസുകൾ പുനഃ ക്രമീകരിച്ചു
ജനുവരി 25 മുതൽ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദൂര – ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ ആറാം സെമസ്റ്റർ (CBCSS – 2022 പ്രവേശനം) ബി.എ. ഫിലോസഫി വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ പുനഃ ക്രമീകരിച്ചു. വിദ്യാർഥികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതുക്കിയ സമയക്രമമനുസരിച്ച് ഐ.ഡി. കാർഡ് സഹിതം ക്ലാസിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങളും ക്ലാസ് ഷെഡ്യൂളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പരീക്ഷ മാറ്റി
സർവകലാശാലാ പഠനവകുപ്പുകളിൽ (CCSS – PG – 2022 പ്രവേശനം മുതൽ) – ജനുവരി 24-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി പേപ്പർ – GEL1C03 – Remote Sensing and Geographic Information System, ജനുവരി 27-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ പേപ്പർ – JMC1C04 – Media Law, Policy and Ethics നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. പുനഃപരീക്ഷ ജനുവരി 29-ന് ഉച്ചക്ക് 1.30-ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ്. ഡിസംബർ 2024 റഗുലർ /സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു