HIGHLIGHTS : Minister GR Anil: Ration traders should withdraw from protest programs that are depriving people of food
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്‍തിരിയണമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അഭ്യര്‍ത്ഥിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കം നടത്തുമ്പോള്‍ അതിനെ ഗൗരവമായി കാണാതിരിക്കാന്‍ കഴിയില്ലെന്നും റേഷന്‍ വ്യാപാരി ക്ഷേമനിധിയെ ശക്തിപ്പെടുത്തിയും റേഷന്‍ വ്യാപാര മേഖലയെ വൈവിദ്ധ്യവത്കരണത്തിലൂടെ കരുത്തു പകരാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഈ അനിശ്ചിതകാല സമരത്തിന് കഴിയൂ എന്നാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സമരത്തിനാധാരമായി റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ഡിമാന്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നതാണ് അതിലൊന്ന്. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ചിട്ടുള്ള ഈ ഡിമാന്റ് സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലവിലെ കമ്മീഷന്‍ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷന്‍ അതാത് മാസം തന്നെ നല്‍കുക എന്നിവയാണ് മറ്റ് ഡിമാന്റുകള്‍. ഈ ഡിമാന്റുകളെയും പൂര്‍ണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന ഡിമാന്റുകളാണിവ എന്ന് ജനുവരി 20ന് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഒരു മാസം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷന്‍ വ്യാപാരികള്‍ക്ക് ഒരു മാസം കമ്മീഷന്‍ നല്‍കുന്നതിന് 33.5 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നു. ഒരു ക്വന്റ്റല്‍ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷന്‍ വ്യാപാരികള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്ന ശരാശരി കമ്മീഷന്‍ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന കമ്മീഷന്‍ നിരക്കാണ്.
വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റ്റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. റേഷന്‍ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് 39.46 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് തുക നല്‍കിയിട്ടുള്ളത്.
റേഷന്‍ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്ന സമീപനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വളരെക്കാലമായി ഉന്നയിച്ച രണ്ടാവശ്യങ്ങളാണ് 2021-ലെ കെ.ടി.പി.ഡി.എസ് (കണ്‍ട്രോള്‍) ഓര്‍ഡറും 1998ലെ കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി ആക്റ്റും കാലോചിതമായി പരിഷ്‌കരിക്കുക എന്നത്. ഈ രണ്ട് വിഷയങ്ങളിലും നിരന്തരമായ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൂടാതെ, എന്‍.എഫ്.എസ്.എ നടപ്പിലാക്കിയതിനു ശേഷമുള്ള റേഷന്‍ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും സാമൂഹികവുമായുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിന് റേഷനിംഗ് കണ്‍ട്രോളര്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുകയും പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ഈ റിപ്പോര്‍ട്ടിന്‍ മേലുള്ള ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.