HIGHLIGHTS : State government's fourth anniversary celebration: District-level meeting to be attended by Chief Minister on May 21 in Malappuram

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് 21 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്തൃ പ്രതിനിധികള്‍, മത- സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ട്രേഡ് യൂണിയന്‍- തൊഴിലാളി പ്രതിനിധികള്‍, യുവജന- വിദ്യാര്‍ഥി പ്രതിനിധികള്‍, കലാ- കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണുകള്‍, വ്യാപാരി- വ്യവസായി- പ്രവാസി പ്രതിനിധികള്‍ തുടങ്ങിയവരുമായി ചടങ്ങില്‍ മുഖ്യമന്ത്രി സംവദിക്കും.

മലപ്പുറം തിരൂര്‍ റോഡില്‍ നൂറാട് പാലത്തിനു സമീപമുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം പരിപാടി. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നില്‍ മെയ് 7 മുതല്‍ 13 വരെ നടത്തിയ എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയുടെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം നടക്കുന്നത്. നേരത്തെ മെയ് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം നിപ കാരണം 21 ലേക്ക് മാറ്റുകയായിരുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മേഖലാ അവലോകന യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെയ് എട്ടിന് പാലക്കാട്ട് വെച്ചും സംഘടിപ്പിച്ചിരുന്നു.