Section

malabari-logo-mobile

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

HIGHLIGHTS : കൊറോണ ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യം സൗജന്യമായി ...

കൊറോണ ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുന്‍ഗണനാ വിഭാഗം (പിങ്ക് കളര്‍) കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗം കാര്‍ഡുകള്‍ക്ക് (നീല, വെള്ള) കാര്‍ഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.
കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി നല്‍കുന്നതു പ്രകാരം 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറി നടത്തും. പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങള്‍ അടങ്ങുന്നതാണ് ഭക്ഷ്യ സാധന കിറ്റ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യ വിഹിതം ഫുഡ്കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നിന്നും ലിഫ്റ്റിംഗ് നടന്നുവരികയാണ്. മൂന്ന് മാസത്തേക്കുളള വിഹിത ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി വിതരണത്തിന് സജ്ജമായി ഗോഡൗണുകളില്‍ ലഭ്യമാക്കി. 74000 മെട്രിക് ടണ്‍ അധികധാന്യ വിഹിതം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. റേഷന്‍ കടകളില്‍ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. റേഷന്‍ വിതരണത്തിന് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി മാനുവല്‍ ഇടപാടുകള്‍ വഴി വിതരണം നടത്തുവാന്‍ തീരുമാനിച്ചു. ഇഷ്ടമുളള കടയില്‍ നിന്നും പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം വണ്‍ടൈം പാസ്വേഡ് നിര്‍ബന്ധമാക്കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണന ശാലകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്കോ റേഷന്‍ ഡീലര്‍മാര്‍ക്കോ വിതരണക്കാര്‍ക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ കാണുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, എല്ലാ റേഷന്‍ കടകളിലും വിതരണക്കാര്‍ക്ക് കൈകഴുകുന്നതിനുളള സംവിധാനവും മുഖാവരണവും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കാനുളള സമയക്രമം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!