Section

malabari-logo-mobile

സ്നേഹയുടെ കവിതയില്‍ തുടങ്ങി അമലിന്റെ വരികളില്‍ അവസാനിപ്പിച്ച് സംസ്ഥാന ബജറ്റ്

HIGHLIGHTS : ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് അവതരണത്തിന് കൂട്ടുപിടിച്ചത് കുട്ടികളുടെ കവിതകളെയായിരുന്നു. ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട്...

ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് അവതരണത്തിന് കൂട്ടുപിടിച്ചത് കുട്ടികളുടെ കവിതകളെയായിരുന്നു. ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴല്‍മന്ദം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്നേഹയുടെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്. ഇടുക്കി കണ്ണമ്പാടി ജി.എച്ച്.എസ്.എസിലെ കെ.പി. അമലിന്റെ വരികള്‍ ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ രചനകളില്‍ നിന്നുള്ള ഭാഗങ്ങളാണ് അദ്ദേഹം ബഡ്ജറ്റിനൊപ്പം അവതരിപ്പിച്ചത്.
മടവൂര്‍ എന്‍.എസ്.എസ്. സ്‌കൂളിലെ ആര്‍.എസ്. കാര്‍ത്തിക, വയനാട് കണിയാംപറ്റ ഗവ. സ്‌കൂളിലെ അളകനന്ദ, അയ്യന്‍കോയിക്കല്‍ ഗവ. സ്‌കൂളിലെ കനിഹ, തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ എസ്. എസ്.ജാക്സണ്‍, കണ്ണൂര്‍ മൊകേരി ആര്‍.ജി.എം. സ്‌കൂളിലെ അരുന്ധതി ജയകുമാര്‍, എറണാകുളം മാര്‍ സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അഞ്ജന സന്തോഷ്, കണ്ണൂര്‍ പാച്ചേനി സ്‌കൂളിലെ ഇനാര അലി, കൊല്ലം കോയിക്കല്‍ ഗവ. സ്‌കൂളിലെ അലക്സ് റോബിന്‍ റോയ്, മലപ്പുറം മലഞ്ചേരി ജി.യു.പി.എസിലെ ദേവനന്ദ, മലപ്പുറം കരിങ്കപ്പാറ ജി.യു.പി.എസിലെ അഫ്ര മറിയം, ഇരട്ടയാര്‍ ഗവ. സ്‌കൂളിലെ ആദിത്യ രവി, കണ്ണൂര്‍ കണ്ണാടിപറമ്പ് ഗവ. സ്‌കൂളിലെ ഷിനാസ് അഷ്റഫ്, കൊല്ലം തോട്ടട ഗവ. ഹൈസ്‌കൂളിലെ നവാലൂര്‍ റഹ്‌മാന്‍ എന്നീ കുട്ടികളുടെ രചനകളാണ് മന്ത്രി ബഡ്ജറ്റിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിനായി ഉപയോഗിച്ചത്.

sameeksha-malabarinews

ഇത്തവണത്തെ ബഡ്ജറ്റ് രേഖകളുടെ കവര്‍ ചിത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നതു സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിച്ച കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ രചിച്ചതും ‘നേര്‍ക്കാഴ്ച’ പരിപാടിയില്‍ അവതരിപ്പിച്ചതുമായ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. അച്ചടിച്ച ബഡ്ജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രങ്ങള്‍ രചിച്ചത് കുടയത്തൂര്‍ ഗവ. സ്‌കൂളിലെ ശ്രീനന്ദനയും, കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ ജഹാന്‍ ജോബിയുമാണ്. തൃശൂര്‍ വടക്കാഞ്ചേരി ജി.എല്‍.പി. സ്‌കൂളിലെ അമല്‍ ഷാസിയ അജയ്, കാസര്‍കോട് ജ്യോതിര്‍ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അനുഗ്രഹ വിജിത്, കാസര്‍കോഡ് പി.എ. എല്‍.പി.സ്‌കൂളിലെ വി.ജീവന്‍, തൃശൂര്‍ എടക്കഴിയൂര്‍ എസ്എസ്എം വിഎച്ച് എസിലെ മര്‍വ കെ എം, യു.എ.ഇ. ഹാബിറ്റാറ്റ് സ്‌കൂളിലെ നിയ മുനീര്‍ എന്നിവരുടെ ചിത്രങ്ങളാണ് മറ്റ് ബഡ്ജറ്റ് രേഖകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട നമ്മുടെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രകാശിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരിപാടികളാണ് അക്ഷരവൃക്ഷവും നേര്‍ക്കാഴ്ചയും. ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിലൂടെ ഈ കുട്ടികളെയും അക്ഷരവൃക്ഷം, നേര്‍ക്കാഴ്ച പദ്ധതികളേയും കേരള ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അക്ഷരവൃക്ഷം പദ്ധതിയില്‍ പങ്കുകൊണ്ട അരലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അംഗീകാരമാണിത്. അവരുടെ സര്‍ഗ്ഗ പ്രതിഭക്ക് ലഭിച്ച അസുലഭമായ അംഗീകാരം. പദ്ധതിക്ക് രൂപം നല്കിയ പൊതുവിദ്യാഭ്യാസ വകുപ്പിനും ഇത് ഏറെ അഭിമാനിക്കാന്‍ ഇട നല്‍കുന്നതായി മന്ത്രി അറിയിച്ചു. അമൂല്യമായ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ധനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!