കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംഘടനയുടെ വൈസ് പ്രസിഡന്റായി മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരെഞ്ഞെടുപ്പില്‍ ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. ആശ ശരത്ത്, ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ പരാജപ്പെട്ടു.
അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്.
മണിയന്‍പിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.




