പെരിന്തല്‍മണ്ണയില്‍ കത്തിക്കുത്തേറ്റ് യുവാവ് മരിച്ച സംഭവം;ഒരാള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബാറിന് സമീപം കത്തിക്കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാറില്‍ വെച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയാണ് റോഡില്‍ വെച്ച് രണ്ടുപേരെ കുത്തിയതില്‍ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ്(37) അണ് കഴിഞ്ഞദിവസം കത്തിക്കുത്തേറ്റ് മരിച്ചത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം(27)അപകടനില തരണം ചെയ്തുവരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യംചെയ്യും.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles