ഇതാ പാണത്തൂരില്‍ നിന്നും ഒരു യമണ്ടന്‍ വിജയഗാഥ.


എഴുത്ത്;വി കെ ജോബിഷ്
ജീവിതമുയര്‍ത്തുന്ന വലിയ വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍പ്പേരും. എന്നാല്‍ ഓരോ വെല്ലുവിളിയിലും അതിനെ കീഴടക്കാനുള്ള മാരിവില്ലും പ്രകാശവുമുണ്ടെന്ന് ചിലര്‍ നമുക്ക് കാണിച്ചു തരും. മനുഷ്യേച്ഛയുടെ അഗാധമായ ഖനിയില്‍ നിന്ന് ഉശിരുനേടിയവര്‍. അവരാണ് ലോകത്തിന്റെ വഴികള്‍. ഒഴികഴിവുകളുടെ നിലങ്ങളില്‍ നിസ്സഹായരായി നില്‍ക്കുന്നവര്‍ക്ക് മുന്നോട്ട് നടക്കാന്‍ തീര്‍ച്ചയായും അവര്‍ ആത്മവിശ്വാസം നല്‍കും. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് നമ്മുടെ നാടറിയണം. ഇതാ അങ്ങനെയൊരു പെണ്‍കുട്ടി കേരളത്തിന്റെ അതിര്‍ത്തിയിയുടെ ഉച്ചിയിലൊരിടത്ത്.

കാസര്‍ഗോഡു ജില്ലയുടെ ഒരറ്റത്ത് കാഞ്ഞങ്ങാടുനിന്നും അന്‍പത് കിലോമീറ്റര്‍ കിഴക്കോട്ട് പോയാല്‍ പുഴയും കുന്നും കാടും തോടും നിറഞ്ഞ മലയോര ഗ്രാമമായ പാണത്തൂരിലെത്താം. അവിടുന്ന് റാണിപുരത്തേക്കുള്ള താറിട്ട റോഡുവഴികളിലെ വളവുകളിലൊരിടത്തു നിന്നും മാറി മലയിടുക്കുകളിലൂടെ, മരയിടുക്കുകളിലൂടെ, ഒരല്പം നോട്ടം തെറ്റിയാല്‍ താഴോട്ടു പതിക്കുന്ന ഒറ്റവരിപ്പാതയിലൂടെ അരമണിക്കൂറോളം അകത്തേക്കക്കകത്തേക്ക് നടന്നാല്‍ ഒറ്റപ്പെട്ട ഒരു വീടു കാണാം. കനത്തൊരു മഴ പെയ്താല്‍ ചോര്‍ന്നൊലിച്ചില്ലാതായിത്തീര്‍ന്നേക്കാവുന്ന ആ വീടിന്റെ ചുമരില്‍ പണ്ടെപ്പോഴോ കരിക്കട്ട കൊണ്ട് വലിയ അക്ഷരത്തില്‍ സുകന്യ എന്നെഴുതിയതു കാണാം. അതെ, ഈ വര്‍ഷത്തെ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സുകന്യയുടെ വീടാണത്. ഒരിക്കല്‍ സുകന്യ തന്നെയാണ് വീടിന്റെ ചുമരില്‍ തന്റെ പേര് ആദ്യം വരഞ്ഞിട്ടത്. ദാരിദ്യം പിടിച്ച ആ ചുമരില്‍നിന്ന് എന്നോ ഒരിക്കല്‍ ആ അക്ഷരങ്ങളെല്ലാം അവളുടെ നാടിന്റെ ചുമരില്‍ പതിയുമെന്ന് ഈ പെണ്‍കുട്ടി സ്വപ്നം കണ്ടിരുന്നോ….! അറിയില്ല.

പക്ഷെ തന്റെ ദാരിദ്ര്യത്തില്‍ നിന്നും നിശ്ചയദാര്‍ഢ്യത്തിന്റെ ചിറകുകള്‍കൊണ്ട് ഉയരങ്ങളിലേക്ക് പറക്കണമെന്ന് അവള്‍ സ്വപ്നം കണ്ടിരുന്നെന്നുറപ്പാണ്.
‘ഏറ്റവും കുറഞ്ഞത് ISRO യില്‍ സയന്റിസ്റ്റെങ്കിലുമാകണം. സ്‌കൂളില്‍ പഠിക്കുമ്പോഴേയുള്ള എന്റെ ആഗ്രഹമാണ്’
‘ആകണമെന്നല്ല. ആകും’ഇപ്പോള്‍ സുകന്യ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു.
സുകന്യ എന്ന പേര് ഇന്നിപ്പോള്‍ ഈ നാട്ടിലെ ചുമരില്‍ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസ വിജയത്തിന്റെ ചരിത്രഗാഥയില്‍ തങ്കലിപികളിലെഴുതപ്പെട്ടു കഴിഞ്ഞു. വിപരീതങ്ങളോടേറ്റുമുട്ടുമ്പോഴാണ് വിജയത്തിന്റെ രുചിക്ക് മാധുര്യമേറുന്നതെന്ന് സുകന്യയെപ്പോലുള്ളവര്‍ പിന്നെയും പിന്നെയും പ്രാരാബ്ധംനിറഞ്ഞ ഈ ലോകത്തെ പഠിപ്പിക്കുകയാണ്…. ഓര്‍മ്മിപ്പിക്കുകയാണ്.

സുകന്യയെ മുഴുവനായി കാണാന്‍ പിന്നെയും പിന്നോട്ട് പോണം. പതിമൂന്ന് വര്‍ഷം മുമ്പാണ് സുകന്യയുടെ അച്ഛന്‍ ലക്ഷ്മണന്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. തന്റെ രണ്ട് ചേച്ചിമാരും അനുജനും താനും അമ്മയും നിസ്സഹായരായിപ്പോയ സമയം. അതുവരെ വീടിനു പുറത്തേക്ക് തൊഴിലുകള്‍ക്കൊന്നും പോയി പരിചയമില്ലാത്ത അമ്മ പത്മാവതി. അതിനുശേഷം വേദനകളുടെ മല കയറിയുമിറങ്ങിയുമാണ് കര്‍ണാടകക്കാരിയായ ആ അമ്മ തന്റെ നാല് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. പത്മാവതി തൊഴിലുറപ്പിനു പോകുന്നതു കൊണ്ടു മാത്രമാണ് ഇപ്പോഴും കുടുംബം കഴിഞ്ഞു പോകുന്നത്. അതുകൊണ്ടാണ് ഈ വിജയത്തിനുത്തരവാദി അമ്മ മാത്രമാണെന്ന് തന്നെ കാണാന്‍ വരുന്നവരോടെല്ലാം സുകന്യ ഉറപ്പിച്ചു പറയുന്നത്. ആ അമ്മയ്ക്കുവേണ്ടിയുള്ളതാണ് ഞങ്ങളുടെ പഠനം. സുകന്യയുടെ ചേച്ചി ശരണ്യ കോഴിക്കോട് ദേവഗിരി കോളെജില്‍ എം.എസ് സി കെമിസ്ട്രിക്കു പഠിക്കുകയാണ്. മറ്റൊരാള്‍ കാഞ്ഞങ്ങാട് മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍. അനിയന്‍ ശിവപ്രസാദ് പനത്തടി സ്‌കൂളില്‍ പത്താം ക്ലാസിലും. നിശ്ചയദാര്‍ഡ്യത്തോടെ പഠിച്ചാല്‍ ഈ ലോകം തങ്ങള്‍ക്കു പിന്നാലെ വരുമെന്ന് ഈ അമ്മയുടെ മക്കള്‍ക്കറിയാം.
കഠിനാധ്വാനത്തോടെ പഠിച്ചാല്‍ ഏത് ഉയരങ്ങളിലേക്കും കയറിപ്പോകാമെന്ന് സുകന്യയും ചെറുപ്രായത്തിലേ മനസിലിട്ടിരുന്നു. അച്ഛന്‍ ലക്ഷ്മണന് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. അമ്മ പത്മാവതി കര്‍ണാടകക്കാരിയായിരുന്നതിനാല്‍ മലയാളം പറയാനല്ലാതെ ഇപ്പോഴും എഴുതാനും വായിക്കാനുമറിയില്ല. ആ വീട്ടില്‍ നിന്നാണ് SSLC ക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും സുകന്യ എ പ്ലസ് നേടിയത്. മാത്രമല്ല പട്ടികവര്‍ഗവിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയായിരുന്നു സുകന്യ അന്ന്. ഇന്ന് എന്‍ട്രന്‍സ് ഫലം വന്നപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയായി. നാളെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിയാവാം സുകന്യ. കാരണം ഇപ്പോള്‍ അവളുടെ സ്വപ്നങ്ങളുടെ ചിറകുകളിലേക്ക് നേരത്തെയുണ്ടായിരുന്നതിന്റെ പത്തിരട്ടി ആത്മവിശ്വാസത്തിന്റെ കരുത്തിറങ്ങിക്കഴിഞ്ഞു. ഇനി സുകന്യയ്ക്ക് വിശ്രമമില്ല. ‘ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (അഡ്വാന്‍സ്ഡ്) പരീക്ഷയുമെഴുതിയിട്ടുണ്ട്. അതിന്റെ റിസല്‍റ്റുകൂടി വന്നിട്ട് തീരുമാനിക്കണം ബാക്കി കാര്യങ്ങള്‍.കാലിക്കറ്റ് എന്‍.ഐ.ടിയില്‍ ചേരണമെന്നാണാഗ്രഹം’ സുകന്യ പറഞ്ഞുനിര്‍ത്തി.

പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ മലമുകളില്‍ താമസിക്കുന്നവരധികവും ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. അവരുടെ ഇടയില്‍നിന്ന് ഇതുപോലുള്ള വിജയകഥകള്‍ ഇതിനുമുന്‍പ് ലോകം കേട്ടിട്ടില്ല. പല കാരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം തുടരാത്തവരാണധികവും. അവിടുന്നാണ് മാറ്റത്തിന്റെ കല്‍പടവുകളില്‍ ആഞ്ഞുചവിട്ടി വിജയഗാഥയുടെ സന്ദേശവുമായി ഈ പെണ്‍കുട്ടി വരുന്നത്. തീര്‍ച്ചയായും അവളുടെ വഴികള്‍ നാളെയുടെ മൊഴികളാകണം.

Related Articles