എസ്.എസ്.എല്‍.സി ഫലംപ്രഖ്യാപനം മെയ് 9 ന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സെക്രട്ടേറിയറ്റ് പി ആര്‍ ചേമ്പറില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു.

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ (ആണ്‍കുട്ടികള്‍ 2,17,696. പെണ്‍കുട്ടികള്‍ 2,09,325) റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും എയ്ഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഓള്‍ഡ് സ്‌കീമില്‍ 8 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 വിദ്യാര്‍ത്ഥികള്‍ (ആണ്‍കുട്ടികള്‍ 2,815. പെണ്‍കുട്ടികള്‍ 242) പരീക്ഷ എഴുതി. എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും. എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാര്‍ത്ഥികളും റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ 12 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയതെന്ന് മന്ത്രി അറിയിച്ചു.

ഗുണമേന്മാ വിദ്യാഭ്യാസം – അധിക പിന്തുണാ ക്ലാസ്സ്

എട്ടാം ക്ലാസ്സില്‍ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തില്‍ കുറവായി സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ‘സമ്പൂര്‍ണ്ണ പ്ലസ്സ്’ വഴി ശേഖരിച്ചു. എട്ടാം ക്ലാസ്സില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ആകെ 3,98,181 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇവരില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ഇ ഗ്രേഡ് ലഭിച്ചവര്‍ 86,309 ആണ്. ഇതില്‍ ഇ ഗ്രേഡിന് മുകളില്‍ ഒരു വിഷയത്തിലും നേടാത്തവര്‍ 5,516 ആണ്. ഏപ്രില്‍ 8 മുതല്‍ 24 വരെ അധിക പിന്തുണ ക്ലാസ്സുകള്‍ നടത്തി. തുടര്‍ന്ന് 25 മുതല്‍ 30 വരെ പുനഃപരീക്ഷ നടക്കുകയാണ്. മെയ് 2 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

അധ്യാപക പരിശീലനം

പുതുക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും മെയ് 13 മുതല്‍ 5 ദിവസം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍മാര്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ അധ്യാപക പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും പരിശീലനം ലഭിക്കും. പുതുക്കിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതു കൂടാതെ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ പരിശീലനവും മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കും. അധ്യയന വര്‍ഷം ആരംഭിച്ചതിനു ശേഷവും ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ പരിശീലനം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

അധ്യാപക സ്ഥലംമാറ്റം

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം കൈറ്റിന്റെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി നടക്കുന്നതായി മന്ത്രി അറിയിച്ചു. അപേക്ഷ ക്ഷണിച്ച് രണ്ട് ദിവസംകൊണ്ട് തന്നെ രണ്ടായിരം അപേക്ഷകള്‍ വന്നുകഴിഞ്ഞു. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായി മെയ് മാസത്തോടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അധ്യാപകര്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ പുതുതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ഹയര്‍സെക്കന്ററി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കൈറ്റ് സി.ഇ.ഒ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മെഗാ സുംബാ ഡിസ്‌പ്ലെ 30ന്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെയും വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി സമഗ്രമായ ആരോഗ്യ – കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. ഇതിന്റെ ആദ്യ പരിപാടിയായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ ഡിസ്‌പ്ലെ ഏപ്രില്‍ 30 ന് വൈകിട്ട് 5 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുമിച്ച് പങ്കെടുക്കുവാന്‍ കഴിയുന്ന കായിക പ്രവര്‍ത്തനങ്ങളായ സൂംബാ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കലാ കായിക പ്രവര്‍ത്തനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ കലാകായിക പഠനങ്ങള്‍ക്കുള്ള പിരീഡ് നിര്‍ബന്ധമായും അതിനുതന്നെ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഗാ സൂംമ്പാ ഡാന്‍സിന്റെ ടി ഷര്‍ട്ട് മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കി പ്രകാശനം ചെയ്തു.

ഡല്‍ഹിയില്‍ നടക്കുന്ന എന്‍.സി.ഇ.ആര്‍.ടി യുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിയും വിദ്യാഭാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടത് ഉള്‍പ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ മെയ് 2 ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരിട്ട് കണ്ട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് ആസ്ഥാനമായ കേരളം ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍സ് എന്ന വ്യാജ സ്ഥാപനം ബിപിഇ കേരള എന്ന വ്യാജ വെബ്സൈറ്റിലൂടെ പരീക്ഷാ ഭവനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നുണ്ടെന്നും ഇക്കാര്യം പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top