Section

malabari-logo-mobile

പന്ത്രണ്ട് വര്‍ഷം പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നു വന്ന വിദ്യാര്‍ത്ഥികള്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ഇറങ്ങിപ്പോവുന്നതെങ്കില്‍ നമ്മുടെ വിദ്യാഭ്യാസത്തിനെന്തോ കുഴപ്പമുണ്ട്

HIGHLIGHTS : എസ്എസ്എല്‍സി. പ്ലസ്ടു അവസാനദിനങ്ങളിലെ കേരളത്തിന്റെ തെരുവുകളില്‍ സൃഷ്ടിക്കപ്പെടുന്ന 'ആഘോഷ' ങ്ങളെ കുറിച്ച് സാസംകാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ഷിജു...

എസ്എസ്എല്‍സി. പ്ലസ്ടു അവസാനദിനങ്ങളിലെ കേരളത്തിന്റെ തെരുവുകളില്‍ സൃഷ്ടിക്കപ്പെടുന്ന ‘ആഘോഷ’ ങ്ങളെ കുറിച്ച് സാസംകാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ഷിജു ദിവ്യ എഴുതുന്നു

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ മുഴുവന്‍ പോലീസ് വിന്യാസം . ഊടുവഴികളിലൂടെ കറങ്ങുന്ന പിങ്ക് പോലീസിന്റെ വണ്ടികള്‍ . ഒരുമിച്ച് സംഘം ചേര്‍ന്നു വരുന്ന കുട്ടികളോട് കൂട്ടം പിരിയാനും എത്രയും വേഗം വീടു പിടിക്കാനും നിര്‍ദ്ദേശം . ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള സംഘങ്ങള്‍ക്കുപിറകെ പിങ്ക് പോലീസിന്റെ വണ്ടികള്‍ . അവര്‍ക്കും ഉപദേശങ്ങള്‍ . ഏതെങ്കിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പോ , തെരഞ്ഞെടുപ്പ് കൊട്ടിക്കലാശമോ ഒന്നുമല്ല . വിദ്യാര്‍ത്ഥി സംഘട്ടനമോ വര്‍ഗീയ കലാപമോ നടന്ന തെരുവുമല്ല . ഇന്നും നാളെയും മറ്റന്നാളുമായി കേരളത്തിന്റെ മുഴുവന്‍ നഗരങ്ങളും സാക്ഷ്യം വഹിക്കാന്‍ പോവുന്ന ഈ കാഴ്ചയ്ക്ക് ഒരു കാരണമേയുള്ളൂ .

sameeksha-malabarinews

ഈ മൂന്നു ദിവസങ്ങളിലായി വ്യത്യസ്ത കോമ്പിനേഷകളിലെ പ്ലസ് ടു പൊതുപരീക്ഷകള്‍ അവസാനിക്കുകയാണ്. മെമ്മോകളായും മൈക്ക് അനൗണ്‍സ്‌മെന്റുകളായും വിദ്യാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പുകള്‍ പോയിക്കഴിഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടനേ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പുറന്തള്ളി വിദ്യാലയങ്ങളുടെ ഗേറ്റുകള്‍ താഴിട്ടു കഴിയും . പിന്നെ തെരുവില്‍ വച്ച് കുട്ടികള്‍ക്ക് സംഭവിക്കുന്നതോ , അവര്‍ സൃഷ്ടിക്കുന്നതോ ആയ ഒരു കുഴപ്പങ്ങള്‍ക്കും തങ്ങളുത്തരവാദികളല്ലെന്നും വിദ്യാലയാധികൃതര്‍ നിലപാടെടുക്കും .

പന്ത്രണ്ട് വര്‍ഷം പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നു വന്ന വിദ്യാര്‍ത്ഥികള്‍ ഇത്രയും മുന്നൊരുക്കത്തിലൂടെ , യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ഇറങ്ങിപ്പോവുന്നതെങ്കില്‍ നമ്മുടെ വിദ്യാഭ്യാസത്തിനെന്തോ കുഴപ്പമുണ്ട് . കഴിഞ്ഞവര്‍ഷം ഇന്‍വിജിലേഷന്‍ ഡ്യൂട്ടി കഴിഞ്ഞ് സര്‍വ്വായുധ സന്നാഹത്തോടെ നില്‍ക്കുന്ന പോലീസുകാര്‍ക്കിടയിലൂടെ വരുമ്പോള്‍ ഒരു ഹയര്‍സെക്കന്ററി അദ്ധ്യാപകന്‍ എന്ന നിലയില്‍ വലിയ സങ്കടം തോന്നിയിരുന്നു . എന്താണ് നാമീ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് ? ഇതാരുടെ പരാജയത്തിന്റെ ഫലമാണ് ?

ഏകപക്ഷീയമായി ആരെയെങ്കിലും കുറ്റം പറയുകയല്ല. പ്രിന്‍സിപ്പാള്‍മാര്‍ ഏറെ നിസ്സഹായരാണ് . പരീക്ഷയില്‍ സഹായിക്കാന്‍ നിര്‍ത്തിയ സ്വന്തം വിദ്യാലയത്തിലെ ഒന്നോ രണ്ടോ അദ്ധ്യാപകര്‍ , ലാബ് അസിസ്റ്റന്റോ മറ്റോ ഉണ്ടെങ്കില്‍ ( പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇപ്പോഴും അതൊരു കിട്ടാക്കനിയാണ്) അവര്‍ , ഇതാണ് ഒരു പ്രിന്‍സിപ്പാള്‍ക്ക് ഈ ദിവസങ്ങളില്‍ ഒപ്പമുള്ള ടീം . ബാക്കി ഏതാണ്ടെല്ലാവരും മറ്റ് സ്‌കൂളുകളില്‍ ഡ്യൂട്ടിക്ക് പോവുമല്ലോ ! ആ ദിവസം തന്നെ തപാലില്‍ അയക്കേണ്ട ആയിരക്കണക്കിന് ഉത്തരക്കടലാസുകള്‍ . പിറ്റേ ദിവസം നടക്കേണ്ട പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ . അവരുടെ ശേഷിക്കു പുറത്താണ് , അന്നത്തെ കുട്ടികളുടെ മനോഭാവങ്ങളും വൈകാരിക നിലയും . കുട്ടികളെ പുറത്താക്കി ഗേറ്റടയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് ഏറ്റവും നന്നായി കുട്ടികളെ സ്‌നേഹിക്കുന്ന പ്രിന്‍സിപ്പാള്‍മാര്‍ തന്നെ സാക്ഷ്യം പറയുന്നു.

കുട്ടികളുടെ ആഘോഷരീതികളും മാറുകയാണ് .കീറി സ്‌കൂള്‍ മരത്തില്‍ തൂക്കുന്ന യൂണിഫോമുകള്‍ , പാഠപുസ്തകങ്ങള്‍ കീറിയെറിയല്‍ തുടങ്ങി അബോധത്തിലെ കലാപ പ്രവണതകളുടെ , അമര്‍ഷത്തിന്റെ ആവിഷ്‌കാരമാണെവിടെയും . അല്പം മുമ്പുവരെ യൂണിഫോമില്‍ നിറയെ ഓട്ടോഗ്രാഫ് വാചകങ്ങളും കോണ്‍ടാക്ട് വാചകങ്ങളും എഴുതിയിട്ട് വീട്ടില്‍ കൊണ്ടു പോവാറായിരുന്നു. നാസിക് ഡോലുകള്‍ , പടക്കങ്ങള്‍ , ഹോളിയെ ഓര്‍മ്മിപ്പിക്കുന്ന നിറങ്ങള്‍ തുടങ്ങിയവയും ധാരാളമായുണ്ട് .

”നമ്മളൊക്കെ പിരിയുമ്പോള്‍ എന്തൊരു സങ്കടായിരുന്നു . ഇപ്പോള്‍ കുട്ടികള്‍ക്ക് അതും ഒരാഘോഷം ” എന്നാരോ പരിതപിച്ചു. അത് സ്വാഭാവികമാണ് . കത്തുകളല്ലാതെ മറ്റൊരു വിനിമയ മാര്‍ഗവുമില്ലാത്ത, യാത്രാ സൗകര്യങ്ങള്‍ ഇത്ര വികസിക്കാത്ത ഒരു കാലത്ത്; വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാണ് ‘ . സോഷ്യല്‍മീഡിയയില്‍ എല്ലാവരും എല്ലാവരുടെയും വിരല്‍ത്തുമ്പിലുള്ളപ്പോള്‍ അതിലത്ര ദു:ഖിക്കാന്‍ മാത്രം ഒന്നും ഉണ്ടാവണമെന്നില്ല.

മറ്റുള്ളവരെ ഉപദ്രവിക്കാത്ത, സ്‌കൂളിലെ ഫര്‍ണിച്ചറുകളും ടാപ്പുകളും തകര്‍ക്കാത്ത, സാമൂഹ്യ വിരുദ്ധമല്ലാത്ത ഏതാഘോഷത്തോടും ഒപ്പം നില്‍ക്കുന്നതാണെന്റെ മനസ്സ് . പക്ഷേ മറിച്ചുള്ള പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. കേക്കിന്റെ ക്രീം വാരി മുഖത്തു പുരട്ടിയിരുന്ന ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ബര്‍ത്ത് ഡേക്കാരനെ മരത്തില്‍ കെട്ടി മുട്ടയെറിയുകയും ചാണകവെള്ളം തളിക്കുകയും ചെയ്യുന്നത് എന്താഹ്ലാദമാണ് . മലബാറിലെ കുപ്രസിദ്ധ കല്യാണ റാഗിങ്ങിനെ അനുസ്മരിപ്പിക്കുന്ന ഈ ആഭാസങ്ങളിലെ ജനാധിപത്യവിരുദ്ധത ഈ കുട്ടികള്‍ക്ക് തിരിച്ചറിയാനാവാത്തതെന്താണ് ?

അന്നൊരു ദിവസം കൊണ്ടുണ്ടായി ത്തീരുന്നതല്ല കുട്ടികളുടെ മനോഭാവം . പിന്നിട്ട രണ്ടുവര്‍ഷങ്ങളില്‍ , ഒരുപക്ഷേ , പന്ത്രണ്ടു വര്‍ഷങ്ങളില്‍ നാം, ഈ വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെടുത്തിയെടുത്തതാണവരെ . അതിന്റെ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ധ്യാപകര്‍ക്കോ , രക്ഷിതാക്കള്‍ക്കോ , ഈ ബോധന വ്യവസ്ഥയ്‌ക്കോ ഒഴിഞ്ഞുമാറാനാവില്ല . മന:പാഠം പഠിച്ച് , ഉത്തരക്കടലാസില്‍ പകര്‍ത്തി മനസ്സൊഴിച്ച കാര്യങ്ങളിലല്ല യാഥാര്‍ത്ഥ്യത്തിലെ കുട്ടിയുള്ളത്. ഇത്തരം സാമൂഹ്യ സന്ദര്‍ഭങ്ങളിലെ പ്രതികരണങ്ങളിലാണ്. അതെന്തുകൊണ്ട് ഇങ്ങനെയൊക്കെയായിത്തീരുന്നുവെന്ന് വിശദമായി എഴുതാനുള്ള സന്ദര്‍ഭമല്ല , ശേഷിയുമില്ല . പക്ഷേ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മുമ്പ് പല തവണ പറഞ്ഞതാണ് . അവരുടെ പ്രായത്തിന്റെ വൈകാരികമോ ശാരീരികമോ ആവശ്യങ്ങളെ ഒട്ടും തിരിച്ചറിയും വിധമല്ല നമ്മുടെ വിദ്യാലയങ്ങളുടെ സംവിധാനവും സംഘാടനവും . കുട്ടികളുടെ വ്യക്തിഭിന്നതകള്‍ ഏറ്റവും നന്നായി പരിഗണിക്കപ്പെടുകയും അവയില്‍ ധനാത്മകമായവയ്ക്ക് പ്രകാശന സാദ്ധ്യതകള്‍ നല്‍കപ്പെടുകയും ചെയ്യേണ്ടതുണ്ട് . കളികള്‍ , അധികവായന, അഭിപ്രായ സ്വാതന്ത്ര്യം , സാമൂഹ്യവിരുദ്ധമല്ലാത്ത വസ്ത്രധാരണത്തിനും ഫാഷനും ഉള്ള സ്വാതന്ത്ര്യം ഇവയെല്ലാം നിഷേധിക്കപ്പെടുകയാണ് നമ്മുടെ വിദ്യാലയങ്ങളില്‍ . ആണ്‍/പെണ്‍ ബന്ധങ്ങളെക്കുറിച്ചും അനാവശ്യമായ സന്ദര്‍ഭത്തില്‍ പോലുമുള്ള ആണ്‍/പെണ്‍ വേര്‍തിരിവിലുമൊക്കെ അദ്ധ്യാപകരും രക്ഷിതാക്കളും പുലര്‍ത്തുന്ന സെക്‌സിസ്റ്റ് സമീപനത്തിന്റെ ഗൗരവമോ നിയമവിരുദ്ധതയോ അദ്ധ്യാപകരില്‍ പലര്‍ക്കുമറിയുകപോലുമില്ല . അതാണ് സദാചാരം എന്ന നിലയില്‍ കൊണ്ടാടപ്പെടുന്നത് . അദ്ധ്യാപകരുടെ വ്യക്തിപരമായ മുന്‍വിധികളും ബോദ്ധ്യങ്ങളുമല്ല , ആധുനികവബോധങ്ങളാണ് കുട്ടികളോടിടപെടേണ്ടത്.

മൈനസ് ടു മുതല്‍ പ്ലസ്ടു വരെ എന്നൊക്കെ പറയുന്നത് ‘ആസേതുഹിമാചലം ‘ എന്നും ‘ആബാലവൃദ്ധം’ എന്നുമൊക്കെ പറയും പോലെ പറയാമെന്നേയുള്ളൂ . സാമാന്യമായ പ്രശ്‌നങ്ങളല്ല , സവിശേഷ പ്രശ്‌നങ്ങളാണ് ഓരോ തലത്തിലുമുള്ള വിദ്യാര്‍ത്ഥികളുടേത് . അവ സവിശേഷ സമീപനവുമാവശ്യപ്പെടുന്നുണ്ട്. ആഘോഷങ്ങളും അക്രമങ്ങളും തമ്മിലുള്ള വേര്‍തിരിച്ചറിവ് കുട്ടികള്‍ക്കെന്ന പോലെ അദ്ധ്യാപകര്‍ക്കുമുണ്ടാവണം . ഓണാഘോഷവും യുവജനോത്സവവും സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമെല്ലാം ആഘോഷമായി നടത്താന്‍ അദ്ധ്യാപകര്‍ക്കെന്തു കൊണ്ട് മുന്‍കയ്യെടുത്തുകൂടാ? ( നടക്കുന്നില്ലെന്നല്ല , പക്ഷേ അപകടസാദ്ധ്യതയുടെ ന്യായം പറഞ്ഞ് അവ ഒരു ചടങ്ങു മാത്രമാക്കാനുള്ള പ്രവണതയുള്ള അദ്ധ്യാപകര്‍ക്ക് നല്ല ആള്‍ബലമുണ്ട് നമ്മുടെ സ്റ്റാഫ്‌റൂമുകളില്‍ . അവര്‍ക്ക് രക്ഷിതാക്കളുടെ പിന്തുണയുമുണ്ട്. ) ചില അനാരോഗ്യ പ്രവണതകള്‍ കണ്ടേക്കാം . പക്ഷേ അവയെ അഭിമുഖീകരിക്കാന്‍ ആര്‍ജ്ജവമുണ്ടാവണം വിദ്യാലയങ്ങള്‍ക്ക് . അങ്ങനെ ആഹ്ലാദവും ആഘോഷങ്ങളുമെങ്ങനെ അക്രമത്തില്‍ നിന്നും അരാജകത്വത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്ന് നമുക്കവരെ പഠിപ്പിക്കാം . എല്ലാം പുസ്തകത്തില്‍ നിന്നല്ല , ചിലതെല്ലാം ജീവിതം കൊണ്ട് പഠിപ്പിക്കാം .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!