HIGHLIGHTS : Special time will be set aside in schools for children's fun: Chief Minister Pinarayi Vijayan

കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വളര്‍ന്നുവരുന്ന തലമുറ സമ്മര്‍ദങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബോധ്യപ്പെടുത്തണം. കുട്ടികള്‍ക്ക് കളിച്ചുവളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതിനായി സ്‌കൂള്‍ വിടുന്നതിന് മുമ്പ് നിശ്ചിത സമയം കുട്ടികള്‍ക്ക് കളിക്കാനുള്ള സമയം അനുവദിക്കണം. എല്ലാ സ്‌കൂളുകളിലും അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുവാക്കള്‍ക്കിടയില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നത് സര്‍ക്കാര്‍ ഗൗരവപരമായാണ് കാണുന്നത്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയിലെ ഈ മനോഭാവം ഭീതിജനകമാണ്. രാസലഹരി ഭാവി തലമുറയെ തന്നെ ബാധിക്കും. ഇതിനെതിരെ നല്ല തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ ലഹരിക്കെതിരെ ക്യാമ്പയിന്‍ ശക്തമാക്കും. ഇതിനായി വിദ്യാര്‍ഥികളോട് നിരന്തരം ഇടപെടുന്ന അധ്യാപകര്‍ കൗണ്‍സിലര്‍മാരായി മാറുകയാണ് വേണ്ടത്. അതിനുള്ള പരിശീലനം സര്‍ക്കാര്‍ തലത്തില്‍ നല്‍കും. ഒരു വിദ്യാര്‍ഥി മയക്കുമരുന്നിന് അടിമപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് രഹസ്യമാക്കി വെക്കരുതെന്നും ക്രിത്യമായ കൗണ്‍സിലിങും മറ്റും നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പുതുജീവിതത്തിലേക്ക് കടന്നുവന്നവരെ ഒറ്റപ്പെടുത്തരുതെന്നും ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റണമെങ്കില്‍ സംസ്ഥാനത്തിന് അതിനാവശ്യമായ വരുമാനമുണ്ടാവണം. നിലവില്‍ 60 ലക്ഷം ആളുകള്‍ക്ക് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നുണ്ട്. കൂടാതെ ഇന്‍ഷൂറന്‍സ്, വീട് നിര്‍മാണം, സൗജന്യ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തുകയും വേണം. ഇതിനായാണ് നികുതി വര്‍ധനവ് ഏര്‍പ്പെടുത്തിയത്. അത് പ്രയാസമായി തോന്നുമെങ്കിലും ആ തുക പരസഹായത്തിനായി ഉപയോഗിക്കുന്നതെന്ന ചിന്ത വേണം. വളരെ ചുരുക്കം മേഖലയില്‍ മാത്രമാണ് നികുതി ചുമത്തുന്നത്. പരിമിതമായ നികുതി മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ വരുമാന മാര്‍ഗം.
ലൈസന്‍സും മറ്റു നിയമവശങ്ങളും പാലിച്ച് വരുമാന മാര്‍ഗം കണ്ടെത്തുന്ന വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന തെരുവ് കച്ചവടക്കാര്‍ക്ക് പ്രത്യേക ക്രമീകരണം നടത്തും. തോന്നിയപോലെ എവിടേയും വ്യാപാരം നടത്തുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. മാനുഷികമായ പരിഗണന വെച്ച് ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ഭാവിയില്‍ അനുവദിക്കുമെന്നും നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. 2016ല്‍ ആയിരത്തില്‍പ്പരം സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളെ ഇത് ബാധിക്കുമായിരുന്നു. എന്നാല്‍ നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിദ്യഭ്യാസ രംഗം കേരളത്തിലാണ്. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യഭ്യാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുവേണ്ടിയുള്ള നടപടികള്‍ പടിപടിയായി ചെയ്ത് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. മതനിരപേക്ഷതക്ക് ഊന്നല്‍ നല്‍കി അത്തരം വിഭജന ചിന്തകളെ പൂര്‍ണ്ണമായി ഒഴിവാക്കി ഐക്യത്തോടെ ജീവിക്കണം.
കാര്‍ഷികോത്പന്നങ്ങളുടെ മൂല്യ വര്‍ധനവ് കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകും. ഇതിനായി കാര്‍ഷിക രംഗത്ത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കണം. ഇതിനെല്ലാമുള്ള സംവിധാനങ്ങള്‍ പുരോഗമിക്കുകയാണ്. മഴമറ പോലുള്ള പുതിയ സംവിധാനങ്ങള്‍ക്കൊണ്ട് നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ നിലവില്‍ സംസ്ഥാനത്ത് സാധിക്കുന്നുണ്ട്. ബ്രാന്‍ഡിങ് അടക്കം നല്ല രീതിയിലാണ് ഇപ്പോള്‍ മാര്‍ക്കറ്റിങ് നടക്കുന്നത്. വിദേശത്തേക്കടക്കം ഉത്പന്നങ്ങള്‍ കയറ്റിയയക്കാന്‍ കഴിയുന്നുണ്ട്. ഇത്തരത്തില്‍ മികച്ച മാറ്റങ്ങള്‍ക്കാണ് ഇപ്പോള്‍ കാര്‍ഷിക രംഗം സാക്ഷിയാകുന്നത്.
വന്യമൃഗ ശല്യം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപടിയെടുക്കുന്നുണ്ട്. മൃഗങ്ങള്‍ നാട്ടിലെത്തുന്നത് തടയാനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നത്. കിടങ്ങുകള്‍ നിര്‍മിക്കുക, ഫെന്‍സിങ് കെട്ടുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മൃഗങ്ങള്‍ കാട്ടില്‍ത്തന്നെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അതിനായി കാട്ടിലുള്ള അധിനിവേശ സസ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കും. മൃഗങ്ങള്‍ ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കാന്‍ കാട്ടില്‍ത്തന്നെ സംവിധാനമൊരുക്കും. ഇന്ത്യയില്‍ വന്യമൃഗങ്ങള്‍ക്ക് സംരക്ഷണ നിയമം ശക്തമാണ്. അതിനാല്‍ തന്നെ അവ വ്യാപകമായി പെറ്റുപെരുകുന്നുണ്ട്. കേന്ദ്ര നിയമത്തില്‍ മാറ്റം വരാത്തതാണ് ഇതിന് കാരണം. വന്യമൃഗ ശല്യം പരിഹരിക്കാനായി സംസ്ഥാനം ഒരു പദ്ധതി കേന്ദ്രത്തിന് മുന്നില്‍വെച്ചിട്ടുണ്ട്. പക്ഷെ ഇതു വരെ നടപടിയായിട്ടില്ല.
വൈദ്യുതി രംഗത്ത് മികച്ച മാറ്റമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. മികച്ച ക്വാളിറ്റിയുള്ള വൈദ്യുതി വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 95 ശതമാനവും പവര്‍ക്കട്ടുണ്ടായിരുന്ന കേരളത്തില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് സാക്ഷിയായത്. സബ്സിഡിയായി വൈദ്യുതി നല്‍കുന്ന കാര്യം പരിഗണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം ഏറെ പുരോഗതിയിലാണ്. ഈ വര്‍ഷം നല്ലതോതില്‍ വിദേശത്തുള്ള വിദ്യാര്‍ഥികള്‍ വരെ കേരളത്തില്‍ വരുന്നുണ്ട്. ഹരിത കര്‍മസേനയ്ക്ക് ലഭിക്കുന്ന യൂസര്‍ഫീയുടെ കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. പൂര്‍ണമായും യൂസര്‍ഫീ വാങ്ങാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു