പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചു: മുഖ്യമന്ത്രി, മലപ്പുറം ജില്ലയില്‍ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

HIGHLIGHTS : Despite the crisis, the state has made progress in various fields: Chief Minister, Chief Minister's face-to-face program organized in Malappuram di...

cite

പലവിധ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചെന്നും ഒന്‍പതു വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്
എന്റെ കേരളം പരിപാടിയുടെ സമാപന ദിവസമായ മെയ് 23ന് ജനങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ, ഓഖി, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ്, കാലവര്‍ഷക്കെടുതി, മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ തുടങ്ങി അനേകം പ്രതിസന്ധികളെ സര്‍ക്കാര്‍ വിജയകരമായി അതിജീവിച്ചു. ഈ പ്രതിസന്ധികള്‍ക്കിടയിലെല്ലാം സഹായിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നെങ്കിലും സഹായിച്ചില്ലെന്ന് മാത്രമല്ല, ലഭിക്കേണ്ടിയിരുന്ന സഹായങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. എല്ലാ രംഗത്തും ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലുള്ള പുരോഗമനമാണ് സംസ്ഥാനം കൈവരിച്ചത്. ഇത്തരം പ്രതിസന്ധിള്‍ക്കിടയിലും കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണങ്ങള്‍ക്കിടയിലും ദേശീയതലത്തില്‍ തന്നെ മികച്ച അംഗീകാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ 2023-2024 വര്‍ഷത്തില്‍ 72.84% ത്തിന്റെ അധിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവര്‍ഷം മുന്‍പ് നികുതി വരുമാനം 47000 കോടിയായിരുന്നത് ഇന്ന് 81000 കോടിയായി വര്‍ധിച്ചു. പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ കുറഞ്ഞു. പ്രതിശീര്‍ഷ വരുമാനം 2016 ല്‍ 1,48,000 കോടിയായിരുന്നത് 2,28000 കോടിയായി ഉയര്‍ന്നു.

സംസ്ഥാനത്തെ യുവജനങ്ങള്‍ ഐ.ടി. രംഗത്തെ വലിയ പുരോഗതി ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത് നമ്മളാണെങ്കിലും അതിനനുസരിച്ചുള്ള പുരോഗതി പിന്നീടുണ്ടായില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നശേഷം നല്ല പുരോഗതിയാണ് ഈ മേഖലയിലുണ്ടായത്. 2016ല്‍ 640 കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1106 കമ്പനികളായി. ഐ.ടി. മേഖലയില്‍ 2016 ല്‍ 78068 തൊഴിലവസരങ്ങളുണ്ടായിരുന്നത് നിലവില്‍ 1,48,000 ആയി. മൊത്തം ഐ.ടി. കയറ്റുമതി 34,123 കോടി രൂപയില്‍ നിന്ന് ഇപ്പോള്‍ 90000 കോടി രൂപയായി. സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ടു വലിയ പുരോഗതിയാണുണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായാണ് കേരളത്തെ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വിശേഷിപ്പിക്കുന്നത്. 2016-ല്‍ 640 സ്റ്റ്ാര്‍ട്ടപ്പുകളുണ്ടായിരുന്നത് നിലവില്‍ 6300 ആയി വര്‍ധിച്ചു. 5800 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2026 ആകുമ്പോള്‍ 15000 സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് മേഖലയിലൂടെ ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും. കേരളം ഈ കാലയളവില്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഒട്ടേറെ സംരംഭങ്ങള്‍ സൃഷ്ടിച്ചു.

ആധുനിക വിജ്ഞാനോത്പാദനത്തിന്റെ കേന്ദ്രമായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ഐ.ആര്‍.എഫിന്റെ പട്ടികയില്‍ രാജ്യത്തെ ആദ്യത്തെ ഒരു ഡസന്‍ സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തിലേതാണ്.കൊച്ചിയില്‍ ഇന്സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് ലേണേഴ്സും മൈക്രോബയോളജി മേഖലയില്‍ മികവിന്റെ കേന്ദവും ഉടന്‍ സ്ഥാപിക്കും. മുന്ന് സയന്‍സ് പാര്‍ക്കുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്നത്.

2016-ല്‍ 12 ശതമാനമായിരുന്ന വ്യാവസായിക വളര്‍ച്ച ഇപ്പോള്‍ 17 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ചില ഭേദഗതികള്‍ വരുത്തി. ഇപ്പോള്‍ വ്യവസായങ്ങള്‍ കഴിയുന്നത്ര വേഗം തുടങ്ങാന്‍ കഴിയുന്ന അവസ്ഥയുണ്ട്.23000 തൊഴിലവസരങ്ങളാണ് വ്യവസായ മേഖലയിലുണ്ടായത്. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണുണ്ടായത്. പവര്‍കട്ടും ലോഡ്ഷെഡിങുമില്ലാത്ത സംസ്ഥാനമായതിനാല്‍ ഉല്‍പാദനം വര്‍ധിക്കുകയും വ്യാവസായിക പുരോഗതിയുണ്ടാവുകയും ചെയ്തു.

ആരോഗ്യമേഖലയില്‍ 2762 കോടിയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുകയും മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയും ചെയ്തു. 73 ലക്ഷം ആളുകള്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കി.

ക്ഷേമപെന്‍ഷന്‍ 2016 ല്‍ 600 രൂപയായിരുന്നു. അതും 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അത് 1600 രൂപയാക്കി വര്‍ധിപ്പിക്കുകയും കുടിശിക തുക മുഴുവന്‍ കൊടുത്തു തീര്‍ക്കുകയും ചെയ്തു. ഒന്‍പതു വര്‍ഷത്തിനിടെ നാലുലക്ഷത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്തിയതിലൂടെയാണീ നേട്ടം കൈവരിക്കാനായത്. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. ക്രമസമാധാന നിലയും ഭദ്രമാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാലര ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്. അര ലക്ഷം വീടുകള്‍കൂടി ഉടന്‍ പൂര്‍ത്തിയാകും. വരുന്ന നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാന്‍ പോവുകയാണ്.

അതിദരിദ്രരുടെ എണ്ണത്തില്‍ 78 ശതമാനം കുറവുവരുത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടയുമ്പോഴും ഇതിനെല്ലാം തുണയായത് സംസ്ഥാനത്തിന്റെ തനതുവരുമാനത്തില്‍ ഉണ്ടായ വലിയ വളര്‍ച്ചയാണ്. 2016ല്‍ 26 ശതമാനമായിരുന്ന തനതുവരുമാനം നിലവില്‍ 70 ശതമാനമായി വളര്‍ന്നു. തനതുവരുമാനത്തില്‍ മൂന്നുവര്‍ഷം കൊണ്ട് 47000 കോടി രൂപയുടെ വളര്‍ച്ചയാണുണ്ടായത്. നാടും ജനങ്ങളും നല്‍കിയ പിന്തുണയായതിന് തുണയായത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന വികസനത്തിനുമാത്രം അയ്യായിരം കോടി രൂപയാണ് ചെലവഴിച്ചത്. 2016-ല്‍ രണ്ടു ശതമാനം മാത്രമായിരുന്ന കാര്‍ഷികരംഗത്തെ വളര്‍ച്ചാനിരക്ക് ഇപ്പോള്‍ 4.6 ശതമാനമായി. നാടിന്റെ ഇത്തരം വികസന ചിത്രങ്ങളാണ് പ്രചരിക്കേണ്ടത്. അതിനു പകരം നെഗറ്റീവ് ചിത്രങ്ങള്‍ പ്രചരിക്കാന്‍ നാം അനുവദിക്കരുത്. മുഖ്യമന്തി പറഞ്ഞു.

യോഗത്തില്‍ കായിക- ഹജ്ജ് വഖഫ് കാര്യ വകുപ്പ് മന്ത്രി. വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാചമന്ദ്രന്‍, പി.പി സുനീര്‍ എം.പി, എം.എല്‍.എമാരായ ഡോ. കെ.ടി ജലീല്‍, പി. നന്ദകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ഗുണഭോക്താക്കള്‍, വിവിധ വകുപ്പുകള്‍, പ്രൊഫഷനലുകളും വിദ്യാര്‍ത്ഥികളുമുള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായ ആയിരത്തോളം പേരാണ് പങ്കെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!