പരപ്പനങ്ങാടി : കേരളത്തില്‍ ആകെയുള്ള രണ്ട് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിന്ങ്ങ് സ്‌കൂള്‍ പരപ്പനങ്ങാടിയിലാണ്. 2013ല്‍ അന്നത്തെ വിദ്യഭ്യാസമന്ത്രിയും, സ്ഥലം എംഎല്‍എയുമായ പി.കെ അബ്ദുറബ്ബ് മുന്‍കൈ എടുത്ത കൊണ്ടുവന്ന ഈ വിദ്യഭ്യാസ സ്ഥാപനം ഒരു വികസനവും സാധ്യമാകാതെ ഇന്നും ഒരടി മുന്നോട്ട് പോകാതെ ദുരവസ്ഥയില്‍. ഭൂമി വാങ്ങാനും കെട്ടിടം പണിയാനും ഒന്നരക്കോടിയോളം രൂപ അനുവദിച്ചിട്ടും അനങ്ങാപ്പാറ നയവുമായി അധികാരികള്‍.
പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ചെട്ടിപ്പടിയിലുള്ള പരപ്പനങ്ങാടി ജിഎല്‍പി സ്‌കൂള്‍ കോമ്പൗണ്ടിലാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ സ്‌പെഷല്‍ ടീച്ചേഴ്‌സ് െ്രെടനിംഗ് സെന്ററില്‍പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷിയുള്ളവരോ , ഓട്ടിസം, സെറിബ്രല്‍പള്‍സി എന്നിവ ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്നവരുടെ പരിശീലിപ്പിക്കുന്ന കേന്ദ്രമാണിത്. ഭിന്നശേഷിക്കാരായ 25 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും ഇതിന്റെ ഭാഗമായി ഇവിടെയുണ്ട്. ജീവനക്കാരായി കോര്‍ഡിനേറ്റര്‍ അടക്കം 12 താല്‍കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്തുവരുന്നുണ്ട്
2013 ല്‍ ആരംഭിച്ച ഈ സെന്റെറിന് സ്ഥലം വാങ്ങാന്‍ 40 ലക്ഷം രൂപയും അതില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 1 കോടി രൂപയും വകുപ്പ് വകയിരുത്തിയിരുന്നു. എന്നാല്‍ ഇതേവരെ ഈ സ്ഥാപനത്തിന് ഭുമി വാങ്ങാനോ കെട്ടിടം പണിയാനോ യാതൊരു നടപടിയും വിദ്യഭ്യാസ വകുപ്പം ഈ സ്ഥാപനമേധാവികളും നടത്തിയിട്ടില്ലെന്നാണ് ഏറെ സങ്കടകരം. ഒരു സ്ഥാപനത്തിന് ഭൂമി ആവിശ്യപ്പെട്ട് പ്രദേശിക ഭരണകൂടങ്ങളെ സമീപിക്കാനുള്ള നീക്കം പോലും ഇതുവരെ നടന്നിട്ടില്ലെന്നതാണ് ഏറെ ആശ്ചര്യജനകം.
നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ സ്‌പെഷ്യല്‍ ട്രെയിനിംഗ് സെന്റെറിന്റെയും സ്‌കൂളിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരിക്കുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ എ. അബ്ദുറഹിമാന്‍ സെന്റെറില്‍ നേരിട്ടെത്തി തെളിവെടുത്തു. ഈ സെന്ററിന്റെ ചുമതലയുള്ള മലപ്പുറം ജില്ലാ വിദ്യഭ്യാസ ഓഫീസറോ, പരപ്പനങ്ങാടി എഇഓ യോ വര്‍ഷങ്ങളായി മതിയായ പരിശോധനകളോ ഓഡിറ്റിങോ നടത്തയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് കൗണ്‍സിലര്‍ കാര്‍ത്തികേയന്‍ ആരോപിച്ചു. ഒരു കോടി രൂപ ഭുമി ഏറ്റെടുക്കാന്‍ അനുവദിച്ചിട്ടും പ്രദേശിക ഭരണകൂടവുമായി ആലോചിച്ച് നടപടികള്‍ സ്വീകരിച്ചില്ല. ട്രെയിനിങ് സെന്ററില്‍ നടക്കുന്ന ഒരു പരിപാടികള്‍ക്കും ജനപ്രതിനിധികളേയോ, നാട്ടുകാരേയോ ആരേയും സഹകരിപ്പിക്കാറില്ലെന്നും ആരോപിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുടെ സംഘടനയായ പരിവാറിനെ പോലും സഹകരിപ്പിക്കാന്‍ സെന്റര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നിലവില്‍ ഈ സെന്ററില്‍ ഒരു കോഴ്‌സ് മാത്രമാണുള്ളത് . 25 പേര്‍ വീതം 50 ടീച്ചേഴ്‌സ് ട്രെയിനികളാണ് രണ്ട് വര്‍ഷത്തെ ഈ കോഴ്‌സിന്റെ ഭാഗമായി ഇവിടെ പഠിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വളര്‍ച്ചക്ക് ഏറെ ഗുണകരമാകുന്ന ഈ വിദ്യഭ്യാസകേന്ദ്രത്തില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കണമെന്ന് ആവിശ്യപ്പെടണമെങ്കില്‍ പോലും സ്വന്തമായി കെട്ടിടവും സ്ഥലവും ക്യാമ്പസും ആവിശ്യമാണ്.
ഈ സെന്ററില്‍ ഇതുവരെ വിദ്യഭ്യാസവകുപ്പ് ഒരു സ്ഥിരം നിയമനം നടത്തിയിട്ടില്ല . നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരാകട്ടെ 2013ല്‍ സ്ഥാപനം തുടങ്ങി മുതലുള്ളവരാണ്. സ്ഥാപനത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ പോലുള്ള സുപ്രധന ചുമതല പോലും താല്‍ക്കലിജീവനക്കാരനാണ് നിര്‍വ്വഹിക്കുന്നത്.
ഇപ്പോള്‍ ഈ കോഴ്‌സ് കഴിഞ്ഞ തുടര്‍പഠനത്തിന് കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന അവസ്ഥയാണ്. സംസ്ഥാനത്തിനകത്ത് ഇവിടെയുള്ള കോഴ്‌സിന് സമാനമയ കോഴ്‌സുകള്‍ക്കെല്ലാം സ്വകാര്യ മേഖലിയല്‍ വലിയ തുകയാണ് ഫീസായി ഈടാക്കുന്നത്. വിദേശങ്ങളിലടക്കം വളരെ തൊഴില്‍ സാധ്യയുള്ള കോഴ്‌സുകളാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസ മേഖലയിലുള്ളത്.
ഇത്തരത്തില്‍ വലിയ രൂപത്തിലേക്ക് വളരാന്‍ കഴിയുന്ന ഒരു വിദ്യഭ്യാസ സ്ഥാപനത്തെ നാശത്തിലേക്ക് അധികാരികള്‍ തള്ളിവിടരുത്. കൂടാതെ യാതൊരു കാഴ്ചപ്പാടുമില്ലാത്ത, ഭാവനകളില്ലാത്ത ഒരുകൂട്ടം നിസംഗരായ ഉദ്യോഗസ്ഥരുടെ കയ്യില്‍ നാട്ടിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തെ ഏല്‍പ്പിച്ച് പരപ്പനങ്ങാടിയുടെ പൊതു സമൂഹം മാറിനില്‍ക്കുകയുമരുത്.




