HIGHLIGHTS : SpaceX's Dragon capsule arrives at the space station; Sunita Williams' return may be imminent

ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇതോടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയര്‍ന്നത്.
നാല് ബഹിരാകാശ യാത്രികരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. മാര്‍ച്ച് 19 ബുധനാഴ്ച ആയിരിക്കും സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആകെ എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മേറും ഒമ്പത് മാസത്തിലേറെയായി അവിടെ തുടരുകയാണ്. ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു