എസ് പി വെങ്കിടേഷ് അന്തരിച്ചു

HIGHLIGHTS : SP Venkatesh passes away

ചെന്നൈ:എസ് പി വെങ്കിടേഷ് അന്തരിച്ചു.ചെന്നൈയില്‍ ഹൃദയാഘതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഴുപത് വയസായിരുന്നു. മലയാളത്തില്‍ 80 കളിലെയും 90 കളിലെയും മറക്കാനാകാത്ത ഒരുപിടി ഗാനങ്ങള്‍ക്ക് അദേഹം ഈണം നല്‍കി.
സംഗീത രാജന്‍ എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ സംഗീത സംവിധായകനായിരുന്ന എസ്പി വെങ്കിടേഷ്. ദേവാംഗനെ..,വിണ്ണിലെ ഗന്ധര്‍വ്വ,പവിഴമല്ലി പൂവുറങ്ങി,കുഞ്ഞിക്കിളിയെ കൂടെവിടെ,പനിനീര്‍ ചന്ദ്രികെ…,കിലുകില്‍ പമ്പരം…,ശരറാന്തല്‍ പൊന്നും പൂവും,തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാന്‍,കനകനിലാവെ…,മുത്തുമണി തൂവല്‍ തരാം,മാലിനിയുടെ തീരങ്ങള്‍…,നെഞ്ചില്‍ കഞ്ചബാണം…,അലയും കാറ്റിന്‍ ഹൃദയം…,താമരക്കണ്ണനുറങ്ങേണം…,നിലാവെ മായുമൊ…
ഒരു വല്ലം പൊന്നും പൂവും…,ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന…വാര്‍ത്തിങ്കളെ…
സുന്ദരിമാരെ…മാരിവില്‍ പൂങ്കുയിലെ…നീയുറങ്ങിയോ നിലാവെ…തുടങ്ങി മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിരവധി ഗാനങ്ങള്‍ക്കാണ് മലയാള സിനിമയില്‍ അദേഹം സംഗീതം നല്‍കിയിത്.

1955 മാര്‍ച്ച് 5ന് തമിഴ്‌നാട്ടിലാണ് ജനിച്ചത്. പിതാവ് പഴനി മാന്‍ഡലിന്‍ വാദകനായിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ മൂന്ന് വയസ് മുതല്‍ക്കെ മാന്‍ഡലിന്‍ വായിക്കാന്‍ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളില്‍ രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 1968 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി.വിയും ഉണ്ടായിരുന്നു. ഓര്‍ക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെ നേടിയതാണ്.

1971-ല്‍ സംഗീത സംവിധായകനായ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാര്‍ വായിച്ചാണ് തുടക്കം. 1975-ല്‍ കന്നട സിനിമയില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981-ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തില്‍ സജീവമാകുന്നത്. അതിനു മുന്‍പേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.

കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും ഓര്‍ക്കസ്ട്രകനായും ഇവര്‍ക്കൊപ്പം ഏറെ നാള്‍ പ്രവര്‍ത്തിച്ചു.

1986-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നല്‍കിക്കൊണ്ടാണ് മലയാള സിനിമയില്‍ എസ്.പി.വിയുടെ തുടക്കം. സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമായി മാറുകയായിരുന്നു.

ഇന്ദ്രജാലം, പൈതൃകം, തുടര്‍ക്കഥ, വാത്സല്യം, ജോണിവാക്കര്‍, കിലുക്കം, ഹിറ്റ്‌ലര്‍, സോപാനം എന്നിങ്ങനെ നിരവധി സിനിമകളില്‍ എസ്.പി.വി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്‍കിയ പശ്ചാത്തല സംഗീതം മലയാളത്തില്‍ എസ്.പി.വിക്ക് പ്രശസ്തി നല്‍കി.

1985-2000 കാലയളവില്‍ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തില്‍ ഇതുവരെ 150 ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!