Section

malabari-logo-mobile

വട്ടപ്പാറ വളവിനും വളാഞ്ചേരിയിലെ ഗതാഗത കുരുക്കിനും പരിഹാരം: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പ്രവൃത്തികള്‍ക്ക് തുടക്കം

HIGHLIGHTS : Solution to Vattapara bend and traffic jam at Valancherry: Commencement of Kanjipura-Moodal bypass works

മലപ്പുറം: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി.

നാടിന്റെ പതിറ്റാണ്ടായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയവും കോവിഡും തീര്‍ത്ത സാങ്കേതിക-സാമ്പത്തിക-പ്രായോഗിക പ്രശ്‌നങ്ങള്‍ മറികടന്നാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ശിലാസ്ഥാപന കര്‍മവും മന്ത്രി നിര്‍വഹിച്ചു.

sameeksha-malabarinews

കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെ ആറ് കിലോമീറ്ററോളം നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 15 മീറ്ററോളം വീതിയിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ട പരിഹാര വിതരണവും ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ഥലേറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 33.64 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

രണ്ട് ഘട്ടങ്ങളിലായി 12 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതോടൊപ്പം പരമാവധി വളവുകള്‍, ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ബൈപ്പാസ് ഒരുക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മിക്കും. റോഡ് നിര്‍മാണത്തിന് മാത്രമായി 13.42 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ബൈപ്പാസ് വരുന്നതോടെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ ഒഴിവാക്കി ടാങ്കര്‍ ലോറികള്‍ ഉള്‍പ്പടെ ചരക്ക് വാഹനങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കാനാകും. തൃശൂര്‍ – കോഴിക്കോട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വളാഞ്ചേരിയില്‍ പ്രവേശിക്കാതെ പോകാമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. കാര്‍ത്തല ചുങ്ക ജംങ്ഷനില്‍ നടന്ന ചടങ്ങില്‍ ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇസ്മയില്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ.പി.എം അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!