Section

malabari-logo-mobile

അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്, 23ന് ട്രാന്‍സ്‍ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം

HIGHLIGHTS : Social justice department to probe Anannyah’s death

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സാമൂഹ്യനീതി വകുപ്പ്. അനന്യയുടെ മരണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ജൂലൈ 23 ന് ചേരുമെന്നും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു അറിയിച്ചു.

sameeksha-malabarinews

ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ് വിഭാഗത്തിന്റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ച് വരുന്ന ചൂഷണങ്ങളും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം അനന്യയുടെ പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റും നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. ഇന്‍ക്വസ്റ്റും ഇവരുടെ നേതൃത്വത്തിലായിരിക്കും നടത്തുകയെന്നും പൊലീസ് അറിയിച്ചു.

അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അനന്യയെ ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം പെരുമണ്‍ സ്വദേശിയാണ് മരിച്ച അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.

എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നെന്നും അനന്യ ആരോപിച്ചിരുന്നു. ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.

സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആര്‍.ജെയാണ് അനന്യ. കേരള നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായിരുന്നു ഇവര്‍. മലപ്പുറം വേങ്ങര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് അനന്യ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.

ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!