സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാളക്കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിടുന്നത്. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സാമൂഹിക ആഘാതപഠനം പദ്ധതിക്ക് എതിരായാല്‍ കല്ലെടുത്ത് മാറ്റും. അതിരടയാള കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബലപ്രയോഗത്തിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തിയിട്ടില്ല. ഇതിനിടെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. നിയമപരിധി ലംഘിച്ചതായി കണ്ടെത്തിയ കേസുകളില്‍ ഭൂമി തിരിച്ച് പിടിക്കും. യൂണിക് തണ്ടപേപ്പര്‍ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കല്ലിടല്‍ ഉണ്ടാകുമോ എന്നതില്‍ കെ റെയില്‍ വ്യക്തത വരുത്തിയിട്ടില്ല. അഥവാ കല്ലിട്ടാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും സര്‍വേ നടപടികള്‍ നിലച്ചിരിക്കുകയാണ്. കൂടുതല്‍ പൊലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സര്‍വേ ഏജന്‍സികള്‍ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.
സാമൂഹികാഘാത പഠനം നടത്തുമ്പോള്‍ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങള്‍ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും.
അതില്‍ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടും. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള അതിരടയാളങ്ങളില്‍ കൂടി ഒരു അന്വേഷണം നടത്തിയാണ് അത് രേഖപ്പെടുത്തുക. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ്. ഇതാണ് കേരളത്തിന്റെ നിലവിലുള്ള നിയമമെന്ന് മന്ത്രി വ്യക്തമാക്കി.



