സൗദി: ഹൂതി വിമതര്‍ക്കെതിരെ യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലും സൗദിയുടെ വ്യോമാക്രമണം. ജിദ്ദയിലെ അരാംകോ എണ്ണ സംഭരണശാല ഹൂതികള്‍ ആക്രമിച്ചതിന് പിന്നാലെയാണ് സൗദിയുടെ തിരിച്ചടി. ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണശാലയും തകര്‍ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു. ഹൂതി ആക്രമണത്തില്‍ രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചതായി അരാംകോ സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഹൂതികളെ ലക്ഷ്യമിട്ട് സൗദിയും സഖ്യകക്ഷികളും ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയ സൗദി, തുറമുഖ നഗരമായ ഹുദൈദയില്‍ ആക്രമണം തുടരുകയാണ്. തങ്ങളുടെ ഇന്ധനശാലകളെ സുരക്ഷിതമാക്കാനുള്ള നടപടിയാണ് നടക്കുന്നതെന്നും ശത്രുക്കളെ ഉന്‍മൂലനം ചെയ്യുമെന്നും ആഗോള ഊര്‍ജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല തകരാതെ കാക്കാനുമാണ് തിരിച്ചടിച്ചതെന്ന് സൗദി സഖ്യം വ്യക്തമാക്കി.
ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയുടെ തിരിച്ചടി.
സൗദിയെ ലക്ഷ്യമാക്കി നേരത്തെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.



