2 ദിവസത്തെ ബാങ്ക് അവധിയും 2 ദിവസത്തെ പൊതുപണിമുടക്കും കാരണം ഇന്നു മുതല്‍ 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ തുറക്കാമെന്നു സഹകരണ റജിസ്ട്രാര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.
ഇന്നു മുതല്‍ നാല് ദിവസം സംസ്ഥാനത്ത് മറ്റ് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കില്ല.
നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ബാങ്കില്‍ നേരിട്ടെത്തേണ്ട ആവശ്യക്കാര്‍ക്കും ഓണ്‍ലൈന്‍ ഇടപാട് പരിചയമില്ലാത്തവര്‍ക്കും പ്രതിസന്ധിയാവും. 30, 31 തീയ്യതികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്നിന് വീണ്ടും അവധിയായിരിക്കും.
ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘനടകള്‍ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ബാങ്ക് സ്വകാര്യവല്‍ക്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുന്നത്.
ദേശസാല്‍കൃത ബാങ്കുകളുടെയും ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയില്ല. പ്രധാന സംഘടന പണിമുടക്കില്‍ പങ്കെടുക്കാത്തത് കാരണം സ്റ്റേറ്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.



