HIGHLIGHTS : Sneha Bhavan, built by Scouts and Guides, will be handed over on Saturday
പരപ്പനങ്ങാടി: നിര്‍മ്മാണ ജോലിക്കിടയില്‍ ഉയരത്തില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ യുവാവിന്റെ കുടുംബത്തിന് ഒരുങ്ങിയ സ്‌നേഹ ഭവനം ശനിയാഴ്ച്ച കൈമാറും.
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്‌നേഹഭവന്‍ പദ്ധതിയോടനുബന്ധിച്ച് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌നേഹഭവനമാണിത്. സംസ്ഥാനത്തെ രണ്ടാമത്തേതും. സ്‌നേഹഭവനം താക്കോല്‍ ദാനവും ഉപഹാര സമര്‍പ്പണവും രാവിലെ 11ന് സംസ്ഥാന കായിക വഖഫ് റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.

കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷനാകും. ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് അധ്യാപകര്‍ സമാഹരിച്ചതുകൊണ്ട് വീട് വച്ചുനല്‍കിയിട്ടുള്ളത്. ചിറമംഗലം തിരിച്ചലങ്ങാടി കോട്ടപ്പറമ്പില്‍ ഉമേഷിനാണ് സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറുന്നത്. എ. ഇ. ഒ പി.പി മുഹമ്മദ്, എല്‍. എ സെക്രട്ടറി ടി.കെ ഷാജി, കെ ജൈസല്‍, കെ അബ്ദുറഹ്മാന്‍, സി.വി അരവിന്ദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.