ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്;പ്രതികളുടെ അറസറ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കേസിലെ ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇന്‍സ്‌പെക്ടറാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്ന് പ്രതികളെയും കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ഉണ്ടാവുമെന്നാണ് വിവരം

ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാള്‍ക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുട്ടി നല്‍കിയ വിവരങ്ങളുടെയും സാക്ഷികള്‍ നല്‍കിയ സൂചനകളുടെയും ലാപ്‌ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്‌നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാന്‍ നല്‍കിയ ലാപ്‌ടോപിന്റെ ഐപി അഡ്രസും സഹായകമായി.

നവംബര്‍ 27ന് വൈകിട്ടാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top