മലപ്പുറം ജില്ലയില്‍ ആറ് സ്‌നേഹിത പൊലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം:കുടുംബശ്രീ മിഷനും ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്. പി ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ സ്‌നേഹിത പൊലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. നിലമ്പൂര്‍ ഡി.വൈ.എസ്.പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് മുഖ്യാതിഥിയായി.

പൊലീസ് സ്റ്റേഷനുകളില്‍ വിവിധ അക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളായി പരാതികള്‍ നല്‍കാന്‍ എത്തുന്നവര്‍ക്ക് അടിയന്തിര മാനസിക പിന്തുണയും, കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കി സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് കീഴില്‍ കൗണ്‍സലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് സെന്ററുകളില്‍ സേവനങ്ങള്‍ നല്‍കുന്നത്. ജില്ലയിലെ ആറ് സെന്ററുകളിലും പരിശീലനം ലഭിച്ച ഓരോ കൗണ്‍സിലര്‍മാരുടെ സേവനം ആഴ്ചയില്‍ രണ്ടുദിവസം ലഭ്യമായിരിക്കും.

ജില്ലയില്‍ മലപ്പുറം,താനൂര്‍, തിരൂര്‍,കൊണ്ടോട്ടി,പെരിന്തല്‍മണ്ണ,നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഡി.വൈ.എസ്.പി ഓഫീസുകളിലാണ് പ്രാഥമിക ഘട്ടത്തില്‍ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിച്ചത്. മറ്റു എക്സ്റ്റന്‍ഷന്‍ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അതാത് നിയോജന മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ നിര്‍വഹിച്ചു.

ജില്ലാമിഷന്‍ കോഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. പി ബഷീര്‍,ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം,പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പ്രേംജിത് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top