സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം : 28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ 11ന് കേസ് പരിഗണിക്കും. ഒരു വര്‍ഷത്തിന് മുമ്പേയാണ് കോടതിയില്‍ കേസ് വിചാരണ ആരംഭിച്ചത് . ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത് . അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി. പിന്നീട് സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമെന്ന് കണ്ടെത്തിയത് .പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിര്‍ണ്ണായക സാക്ഷികള്‍ കൂറുമാറിയിരുന്നു . മോഷ്ടാവായ അടയ്ക്കാ രാജുവിന്റെ മൊഴി പ്രോസിക്യൂഷന് ഏറെ സഹായകമായിരുന്നു.

ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ 10നാണ് പൂര്‍ത്തിയായത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനല്‍ കുമാറാണ് കേസില്‍ വിധി പറയുക.

 

 

Share news
error: Content is protected !!
Scroll to Top