ഗായികയും നടിയുമായ മല്ലികാ രാജ്പുത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയ ലക്ഷ്മി) (35) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയതായി പൊലീസ് പറഞ്ഞു. യഥാര്‍ഥ മരണ കാരണം എന്താണെന്നു മനസിലാക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും പൊലീസ് വ്യക്തമാക്കി.

കോട്ട് വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ പോയ ശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ മാതാവ് പ്രതികരിച്ചു.

2014ല്‍ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വര്‍ റാണി’ എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാന്‍ റഹ്‌മാന്റെ ‘യാരാ തുഝെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ല്‍ ബിജെപിയില്‍ ചേര്‍ന്ന മല്ലിക രണ്ടുവര്‍ഷത്തിനു ശേഷം പാര്‍ട്ടി വിട്ടു.
പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ല്‍ ഭാരതീയ സവര്‍ണ സംഘ് നാഷണല്‍ സെക്രട്ടറി ജനറല്‍ ആയി. കഥക് പരിശീലകയായിരുന്നു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top